scorecardresearch
Latest News

പ്രായം കൂടുന്തോറും ഉയരം കുറയുമോ?

ഇന്ന് ലോക അസ്ഥിക്ഷയ ദിനം. അസ്ഥികൾ ആരോഗ്യത്തോടെ സംരക്ഷിക്കുവാൻ സൂര്യപ്രകാശം കൊള്ളുക, കാൽസ്യവും വിറ്റാമിൻ ഡിയും അടങ്ങിയ ആരോഗ്യകരമായ പോഷകാഹാരം കഴിക്കുക എന്നതിനൊപ്പം തന്നെ ദിവസേന വ്യായാമം ചെയ്യുന്നതും നടക്കുന്നതും ശീലമാക്കുക

പ്രായം കൂടുന്തോറും ഉയരം കുറയുമോ?

പ്രായമാകുന്നതിന് അനുസരിച്ച് മനുഷ്യശരീരത്തിലും മാറ്റം സംഭവിച്ചു കൊണ്ടിരിക്കും. പ്രായമേറി കഴിയുമ്പോൾ അസ്ഥികൾ പൊട്ടുവാൻ ആരംഭിക്കുകയും അസ്ഥിസാന്ദ്രത കുറയുകയും ചെയ്യുന്നു. ലോക അസ്ഥിക്ഷയ ദിനത്തിൽ, അസ്ഥിക്ഷയത്തിന്റെ ലക്ഷണങ്ങളെയും ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് ബംഗളുരുവിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ട്രോമ ആൻഡ് ഓർത്തോപീഡിക്‌സ്, ബോൺ ആൻഡ് ജോയിന്റ് സർജറി എച്ച്ഒഡിയായ ഡോ സായി കൃഷ്ണ ബി നായിഡു.

ഭാരവും സാന്ദ്രതയും കുറയുന്നതനുസരിച്ചു അസ്ഥികൾക്ക് ക്രമേണ ബലക്ഷയം സംഭവിക്കുകയും പൊട്ടുകയും ചെയ്യുമെന്ന് അസ്ഥിക്ഷയത്തെക്കുറിച്ചു വിശദീകരിക്കുന്നതിനിടയിൽ ഡോക്ടർ സായി കൃഷ്ണ പറഞ്ഞു. “ഇന്ത്യയിൽ ഏകദേശം ഒരു കോടിയിലേറെ ആളുകൾ അസ്ഥിക്ഷയബാധിതരാണ്, ആരംഭഘട്ടത്തിൽ ഈ രോഗികൾ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കുകയില്ല. പിന്നീട് ഇവർക്ക് നടുവേദന അനുഭവപ്പെടുകയും ഉയരം കുറയുകയും ചെയ്യുന്നു,’ ഡോക്ടർ കൂട്ടിച്ചേർത്തു.

എന്ത് കൊണ്ടായിരിക്കും അസ്ഥിക്ഷയ രോഗികൾക്ക് കാലക്രമേണ ഉയരം കുറയുന്നത്? നട്ടെല്ലിന്റെ തകർച്ചയ്ക്ക് കാരണമാകുന്ന ‘ഡിസ്ക് ഡീഹ്രൈഡേഷൻ’ മൂലമാണ് ഇത് ഭാഗികമായി സംഭവിക്കുന്നതെന്ന് ഡോക്ടർ സായ് കൃഷ്ണ വിശദീകരിച്ചു. രൂക്ഷമായ അസ്ഥിക്ഷയമുള്ളവരിൽ കശേരുക്കളുടെ ഒടിവും ഉയരക്കുറവിനു കാരണമാകും.

പ്രായമായവരിലും ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളിലും ഇത് സാധാരണമായൊരു അവസ്ഥയാണ്. അതുപോലെ, ഐ ടി മേഖലയിൽ ജോലി ചെയ്യുന്നവർ, കൂടുതലും ഇരുന്നു ജോലി ചെയ്യുന്നവർ, പുറത്തിറങ്ങി കളിക്കാതെ വീടിനകത്ത് തന്നെ സമയം ചെലവഴിക്കുന്ന കുട്ടികൾ തുടങ്ങിയവരിലെല്ലാം ഈ രോഗസാധ്യത വളരെ കൂടുതലാണ്.

ദിനംപ്രതി 5000 മുതൽ 6000 വരെ ചുവടുകൾ നടക്കുന്നത് അസ്ഥികളുടെ റീമോഡലിംഗ് പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. “സിസ്റ്റമിക് ല്യൂപ്പസ് എറിത്തമറ്റോസസ് (SLE) അസുഖമുള്ളവർ , റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ള രോഗികൾ, ട്രാൻസ്പ്ലാൻറ് പോലുള്ള ചില മെഡിക്കൽ അവസ്ഥകൾ ഉള്ളവരിൽ ചികിത്സയ്ക്കായി കോർട്ടികോസ്റ്റീറോയിഡുകൾ ഉപയോഗിക്കുന്നു. ഈ ചികിത്സകൾക്ക് അസ്ഥിക്ഷയത്തിന്റെ ഉയർന്ന അപകടസാധ്യതയുണ്ട്,” ഡോ. സായി കൃഷ്ണ കൂട്ടിച്ചേർത്തു.

ഓസ്റ്റിയോപൊറോസിസും ഓസ്റ്റിയോപീനിയയും തമ്മിലുള്ള വ്യത്യാസം
ഓസ്റ്റിയോപീനിയ കൂടുതലായും അധികം കായികാധ്വാനം വേണ്ടാത്ത ജോലികൾ ചെയ്യുന്ന യുവാക്കളിൽ സംഭവിക്കുന്ന കാര്യമാണ്. കൂടാതെ, പോഷകാഹാരക്കുറവും കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ കുറവും ഇതിലേക്ക് നയിക്കുന്നു. വ്യത്യസ്ത മെഡിക്കൽ പരിശോധനകളിലൂടെ ഇത് വേർതിരിച്ചറിയാൻ കഴിയും.

പ്രതിരോധം
കാൽസ്യവും വൈറ്റമിൻ ഡിയും അടങ്ങിയ ആരോഗ്യകരമായ പോഷകാഹാരം കഴിക്കുക, സൂര്യപ്രകാശം കൊള്ളുക, ഒപ്പം വ്യായാമവും നടത്തവും ജീവിതത്തിന്റെ ഭാഗമാക്കുക. “ആർത്തവവിരാമം കഴിഞ്ഞവരാണെങ്കിൽ കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.”

ചികിത്സാരീതി

  • വിറ്റാമിൻ ഡി, കാൽസ്യം എന്നിവയുടെ സപ്ലിമെന്റുകൾ കഴിക്കുക എന്നതാണ് യുവാക്കൾക്കായി ശുപാർശ ചെയ്യുന്ന ചികിത്സാരീതി.
  • ബിസ്ഫോസ്ഫോണേറ്റുകളായ അലൻഡ്രോണേറ്റ്, സോലെഡ്രോണിക് ആസിഡ് എന്നിവയാണ് ഉയർന്ന അപകടസാധ്യതയുള്ള ഘട്ടത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ശുപാർശ ചെയ്യുന്നത്.
  • ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകൾക്ക് റോളോക്സിഫെനിനൊപ്പം ഹോർമോൺ പുനഃസ്ഥാപിക്കുന്ന തെറാപ്പി ആവശ്യമാണ്; പ്രായമായ പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നതാണ് ഓസ്റ്റിയോപൊറോസിസിനു കാരണം.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: World osteoporosis day do we lose height as we age