scorecardresearch

ഭക്ഷണത്തിൽ പഴങ്ങൾ ഒഴിവാക്കരുതേ, കാരണമിതാണ്

പച്ചക്കറികൾ മാത്രമല്ല പഴങ്ങളും ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ദീർഘ നാൾ പഴങ്ങൾ കഴിക്കാതിരുന്നാൽ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും? അറിയാം

പച്ചക്കറികൾ മാത്രമല്ല പഴങ്ങളും ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ദീർഘ നാൾ പഴങ്ങൾ കഴിക്കാതിരുന്നാൽ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും? അറിയാം

author-image
Lifestyle Desk
New Update
Benefits Of Having Fruits In Diet

പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ് ചിത്രം: ഫ്രീപിക്

ഉപ്പ് തൊട്ട് കർപ്പൂരം വരെ വാങ്ങി കൂട്ടുമ്പോൾ അതിൽ എന്തെങ്കിലും പഴവർഗം കൂടി ഉണ്ടെന്ന് ഉറപ്പാക്കാൻ ഇനി മറക്കരുത്. പലചരക്ക് പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പറ്റിയ ഏക സാധനം എന്ന് അവയെ വില കുറച്ച് കാണേണ്ട.

Advertisment

ഇന്ത്യയിലേക്കുള്ള യാത്രയിൽ വാസ്കോ ഡ ഗാമയോടൊപ്പം കപ്പലിൽ ഉണ്ടായിരുന്ന വലിയൊരു വിഭാഗം ജോലിക്കാരും മരണപ്പെട്ടത് പഴങ്ങൾ കഴിക്കാതിരുന്നതു കൊണ്ടാണ്.  പഴം കഴിക്കാതിരിക്കുന്നത് എങ്ങനെ മരണത്തിലേക്കു നയിക്കുമെന്നാണോ ചിന്തിക്കുന്നത്?. ഇതിനെ കുറിച്ച് കൂടുതൽ അറിയാം.

ശരീരത്തിൻ്റെ ആരോഗ്യത്തിനും പ്രതിരോധ സംവിധാനത്തിനും ഗുണം ചെയ്യുന്ന ധാരാളം പോഷകങ്ങൾ പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. അതിൽ തന്നെ വിറ്റാമിൻ സി വളരെ പ്രധാനപ്പെട്ട പോഷകമാണ്. അസ്കോർബിക് ആസിഡ് എന്ന് അറിയപ്പെടുന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദനത്തിന് അത്യന്താപേക്ഷിതമാണ്. കൊളാജനാകട്ടെ ചർമ്മം, രക്തക്കുഴലുകൾ, എല്ലുകൾ, കോശങ്ങൾ എന്നിവയുടെ ആരോഗ്യം നിലനിർത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 

വിറ്റാമിൻ സി ഇല്ലെങ്കിൽ ശരീരത്തിന് എന്തു സംഭവിക്കും?

വിറ്റാമിൻ സി കോശങ്ങളുടെ ആരോഗ്യത്തിന് പ്രധാനമാണ്.  കോശങ്ങളുടെ പുനരുജ്ജീവനം, മുറിവുകൾ ഉണക്കുക, ഇൻഫെക്ഷനുകൾക്കെതിരെ പോരാടുക തുടങ്ങിയവ വിറ്റാമിൻ സിയുടെ അസാന്നിധ്യത്തിൽ തടസ്സപ്പെടും. ഇത് സ്കർവി എന്ന രോഗാവസ്ഥയിലേക്കു നയിക്കും.

സ്കർവിയുടെ ലക്ഷണങ്ങൾ

Advertisment
  • തളർച്ച, ക്ഷീണം, 
  • വീർത്തിരിക്കുന്ന അല്ലെങ്കിൽ രക്തസ്രാവമുള്ള മോണ, ഇളക്കമുള്ള പല്ലുകൾ
  • പേശികളിൽ വേദന
  • അകാരണമായി പെട്ടെന്നുണ്ടാകുന്ന മുറിവുകൾ
  • വരണ്ടതോ കട്ടി കൂടിയതോ അല്ലെങ്കിൽ നിറ വ്യത്യാസമുള്ളതോ ആയ ചർമ്മം
  • മുറിവുകൾ ഉണങ്ങാനുള്ള കാല താമസം
  • അനീമിയ

Benefits Of Having Fruits In Diet

വിറ്റാമിൻ സിയുടെ ലഭ്യത കുറവിനു പിന്നിലെ കാരണം എന്താണ്?

കാലങ്ങൾക്കു മുമ്പ് കപ്പൽ സഞ്ചാരികളിലാണ് ഈ രോഗം കണ്ടു വന്നിരുന്നത്. ദീർഘ നാളത്തേക്ക് കപ്പൽ സഞ്ചാരം നടത്തുന്ന ഇക്കൂട്ടർ പലപ്പോഴും തങ്ങൾക്ക് ലഭ്യമായ വളരെ ചുരുങ്ങിയ റേഷൻ അടിസ്ഥാനത്തിലുള്ള ഭക്ഷണമാണ് കഴിച്ചിരുന്നത്. ചില സാഹചര്യങ്ങളിൽ അതിൽ പഴങ്ങൾ ഉണ്ടാകണം എന്നില്ല. വാസ്കോ ഡ ഗാമയുടെ അനുയായികൾക്കും അതു തന്നെയാണ് സംഭവിച്ചത്. അധികനാൾ പഴങ്ങൾ കഴിക്കാതിരുന്നത് വിറ്റാമിൻ സിയുടെ ലഭ്യത കുറവാണ് ശരീരത്തിൽ ഉണ്ടാക്കിയത്.

ഇപ്പോഴും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ആളുകൾ പിന്നോട്ടാണ്. ഇതിൽ ഒരു പ്രധാന ഘടകം തെറ്റായ ഭക്ഷണക്രമമാണ്. ദാരിദ്യം , അല്ലെങ്കിൽ ഭക്ഷണങ്ങളുടെ തിരഞ്ഞെടുപ്പ് ഇവയൊക്കെ ഇതിനെ സ്വാധീനിക്കുന്നു. ഫ്രെഷ് ആയിട്ടുള്ള പല ഭക്ഷ്യ വസ്തുക്കൾക്കും വിപണിയിൽ വില അധികമായിരിക്കും. അവ ഒഴിവാക്കാനുള്ള പ്രേരണ സ്വാഭാവികമായി ഉണ്ടാകുന്നു.  

ഇന്ത്യയിൽ പല ഇടങ്ങളിലും പഴങ്ങൾ ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി കാരണാമാകുന്നു. കുടംബത്തിലെ അംഗങ്ങളുടെ എണ്ണം കൂടുമ്പോൾ ഭക്ഷണവസ്തുക്കളുടെ അളവിലും വ്യത്യാസം വരും. വില കൂടിയ പഴങ്ങൾ അതിനനുസരിച്ച് വാങ്ങുവാൻ പണം തികയാതെ വരുമ്പോൾ ഒഴിവാക്കുകയല്ലാതെ മറ്റൊരു വഴിയുണ്ടാവില്ല. 

ശരീരഭാര നിയന്ത്രണത്തിൻ്റെ ഭാഗമായി നിയന്ത്രിമായ അളവിൽ ഭക്ഷണം കഴിക്കുന്ന പലരിലും വിറ്റാമിൻ സിയുടെ അളവ് പരിമിതമായിരിക്കാം. മാനസികായ ചില വെല്ലുവിളുകളും അസ്വസ്ഥതകളും നേരിടുന്നവരുടെ ഭക്ഷണക്രമത്തിലും മനപൂർവ്വമല്ലാതെ പഴങ്ങൾ ഒഴിവാക്കപ്പെട്ടേക്കാം. 

ഒറ്റക്കോ അല്ലെങ്കിൽ നേഴ്സിങ് ഹോമുകളിലോ താമസിക്കുന്ന പ്രായമായവർക്കും സന്തുലിതമായ ഒരു ഭക്ഷണക്രമം പുലർത്താൻ സാധിച്ചെന്നു വരില്ല. ഇത് അവരിലെ വിറ്റാമിൻ സിയുടെ അളവിനെ ബാധിക്കുന്നു. 

എത്രത്തോളം വിറ്റാമിൻ സി ആവശ്യമാണ്?

മുതിർന്ന് ഒരു വ്യക്തി ദിവസവും 45 മില്ലി ഗ്രാം വിറ്റാമിൻ സി കഴിക്കണം എന്നാണ് ഓസ്ട്രേലിയ പോലെയുള്ള രാജ്യങ്ങളിൽ ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇതിലും അധികം കഴിച്ചാലും അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കില്ല. അധികമായി വരുന്ന വിറ്റാമിൻ സി മൂത്രത്തിലൂടെ ശരീരം പുറം തള്ളുന്നു. 

പത്ത് ഗ്രാമിൽ കുറവ് വിറ്റാമിൻ സി ആണ് നിങ്ങൾ ദിവസവും കഴിക്കുന്നതെങ്കിൽ ഒരു മാസത്തിനുള്ളിൽ തന്നെ സ്കർവിയുടെ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങും.

Benefits Of Having Fruits In Diet

വിറ്റാമിൻ സി ഇവയിലുണ്ട്

സിട്രസ് പഴങ്ങളിലാണ് അധികവും വിറ്റാമിൻ സി അടങ്ങിയിരിക്കുക. ബ്രേക്കോളി, ചെറുപയർ മുളപ്പിച്ചത്, ഉലുവ ചീര എന്നിവയിലും വിറ്റാമിൻ സിയുടെ സാന്നിധ്യമുണ്ട്.

കിവി, പ്ലം, ഓറഞ്ച്, സ്ട്രോബെറി, ബ്ലൂബെറി എന്നീ പഴങ്ങളിൽ വിറ്റാമിൻ സി ഉണ്ട്. എന്നാൽ ഇവയ്ക്ക് വിപണിയിൽ വില അധികമായിരിക്കാം.

അങ്ങനെയെങ്കിൽ സീസണലായിട്ടുള്ള പഴങ്ങളെ ആശ്രയിച്ചുള്ള ഭക്ഷണക്രമം പിൻതുടരൂ. മാമ്പഴം, പൈനാപ്പിൾ, നാരങ്ങ, നെല്ലിക്ക, തണ്ണിമത്തൻ, ഞാവൽപ്പഴം, പപ്പായ, ഏത്തപ്പഴം, എന്നിവ നാട്ടിൽ  സുലഭമാണ്. സമീകൃതമായ ആഹാര ശീലത്തിൽ ദിവസവും ഇവയിൽ ഏതെങ്കിലും ഉൾപ്പെടുത്തി നോക്കൂ.

നിങ്ങളുടെ ആരോഗ്യാവസ്ഥയെ ആശ്രയിച്ചുള്ള മാറ്റങ്ങൾ മാത്രമേ എല്ലായിപ്പോഴും ഭക്ഷണക്രമത്തിൽ നടപ്പിലാക്കാവൂ. അതിനായി ആവിശ്യമെങ്കിൽ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം സ്വീകരിക്കാവുന്നതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

vitamin fruit Health Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: