/indian-express-malayalam/media/media_files/brvEtcam4eq8bVUgfURJ.jpg)
ചിത്രം: ഫ്രീപിക്
സൗന്ദര്യ സംരക്ഷണത്തിൽ ഏറെ ശ്രദ്ധാലുക്കളാകാറുണ്ടോ നിങ്ങൾ?. അത്ര തന്നെ ശ്രദ്ധ ഉപയോഗിക്കുന്ന സൗന്ദര്യ വർധക ഉത്പന്നങ്ങളിലെ ചേരുവകളിലും കാണിക്കാറുണ്ടോ?. ഇല്ലെങ്കിൽ കരുതിയിരിക്കൂ. ഒരുപക്ഷേ നിങ്ങളുടെ ചർമ്മത്തിൻ്റെ ആരോഗ്യത്തെ മോശമാക്കുന്നത് അത്തരം ചേരുവകളാവാം.
ചർമ്മ സംരക്ഷണത്തിൻ്റെ ട്രെൻഡുകൾ കാലാകാലങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതു വരെ മാറ്റമില്ലാത്തത് വീട്ടിൽ തന്നെ തയ്യാറാക്കുന്ന പ്രകൃതിദത്ത മാസ്ക്കുകളുടെ കാര്യത്തിലാണ്. വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പം തയ്യാറാക്കാം എന്നതു മാത്രമല്ല പാർശ്വഫലങ്ങൾ വളരെ കുറവായിരിക്കും എന്ന കാരണവും ഇതിൻ്റെ ജനപ്രീതിക്ക് കാരമാണ്. എന്നാൽ ഇത്തരം ഹോം മെയ്ഡായിട്ടുള്ള ഫെയ്സമാസ്ക്കുകളിൽ ഉപയോഗിക്കുന്ന ചേരുവകളെല്ലാം ചർമ്മത്തിന് നല്ലതാണോ? എല്ലാവർക്കും അവ ഒരേ ഫലം നൽകുമോ? ഇതൊക്കെ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.
ഫെയ്സ് മാസ്ക്കുകളുടെ പ്രയോജനത്തെക്കുറച്ചും അവയിലെ ചേരുവകളുടെ ഫലപ്രാപ്തിയെക്കുറിച്ചും ഡെർമറ്റോളജിസ്റ്റായ ഡോ. ഗീതിക മിത്തൽ ഗുപ്ത പറയുന്നു. ചിലവ് കുറവാണെന്നതൊഴിച്ചാൽ ദീർഘകാല ഫലങ്ങൾ ഇവ നൽകുന്നില്ല. മാത്രമല്ല ചില പ്രകൃതിദത്ത ചേരുവകൾ ആൾട്രാവയലറ്റ് രശ്മികളുമായി പ്രതിപ്രവർത്തിച്ച് ചർമ്മത്തിൽ കുമിളകൾ, അണുബാധ, എന്നിവയിലേക്ക് നയിച്ചേക്കാം.
ചർമ്മത്തിൽ നേരിട്ട് ഉപയോഗിക്കാൻ പാടില്ലാത്ത ചേരുവകൾ ഇവയാണ്
നാരങ്ങ
വിറ്റാമിൻ സിയുടെ പ്രധാന സ്രോതസ്സാണ് നാരങ്ങ. എന്നാൽ ഇവ ഫെയ്സ്മാസ്ക്കുകളിൽ ഉപയോഗിക്കാൻ പാടില്ല എന്ന് ഡോ. ഗീതിക പറയുന്നു. അവയിൽ സിട്രിക് ആസിഡ് ആടങ്ങിയിട്ടുണ്ട്. സെൻസിറ്റീവ് ചർമ്മം ഉള്ളവരിൽ ഇത് അസ്വസ്ഥത ഉണ്ടാക്കും. മാത്രമല്ല മുഖത്ത് നാരങ്ങ പുരട്ടുന്നത് ഫൈറ്റോഫോട്ടോഡെർമറ്റൈറ്റിസിന് കാരണമായേക്കും. സിട്രിസ് പഴങ്ങളോട് ഉണ്ടാകുന്ന ഒരുതരം പ്രതികരണമാണിത്. നാരങ്ങ നീര് പുരട്ടിയതിനു ശേഷം സൂര്യവെളിച്ചം നേരിട്ട് ഏൽക്കുന്നത് സൂര്യാഘാത സാധ്യതയും വർധിപ്പിക്കുന്നു.
കറുവാപ്പട്ട
ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് കറുവാപ്പട്ട. ഊഷ്മളമായ സുഗന്ധവും രുചിയുമാണ് ഇത് പ്രദാനം ചെയ്യുന്നത്. എന്നാൽ കറുവാപ്പട്ട ചർമ്മത്തിൽ പുരട്ടുന്നത് അസ്വസ്ഥത ചുവപ്പ് എന്നിവയിലേക്ക് നയിച്ചേക്കാം. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമ്മം ഉള്ളവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
ആപ്പിൾ സിഡെർ വിനാഗിരി
ചർമ്മ പ്രശ്നങ്ങൾക്കുള്ള ഒരു പ്രതിവിധിയായി ആപ്പിൾ സിഡെർ വിനാഗിരി അടുത്തിടെ ഏറെ ജനപ്രീതി നേടുന്നുണ്ട്. എന്നാൽ പുളിപ്പിക്കൽ പ്രക്രിയയിലൂടെ നിർമ്മിക്കുന്ന വസ്തു ആയതിനാൽ ചർമ്മത്തിൻ്റെ സ്വഭാവികത ഇത് നശിപ്പിച്ചേക്കാം. അമിതമായി ആപ്പിൾ സിഡെർ വിനാഗിരി ഉപയോഗിക്കുന്നത് ചർമ്മത്തിന് ദോഷം ചെയ്യും.
സസ്യ എണ്ണ
വ്യക്തിപരമായി ചർമ്മ സ്വഭാവത്തിൽ വ്യത്യാസങ്ങളുണ്ട്. അതിനാൽ ഒരാൾക്ക് മികച്ച ഫലം നൽകിയത് മറ്റൊരാൾക്ക് ഗുണകരമാകണം എന്നില്ല. 2017 ൽ 'ഇൻ്റർനാഷണൽ ജേണൽ ഓഫ് ഡെർമറ്റോളജി'യിൽ പ്രസിദ്ധീകരിച്ച 'ഡെർമറ്റോളജിയിൽ സസ്യ എണ്ണകളുടെ ഉപയോഗം: ഒരു അവലോകനം' എന്ന ലേഖനത്തിൽ അവയ്ക്ക് പ്രതികൂല ഫലങ്ങൾ വളരെ കുറവാണെങ്കിലും കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്, ലൈക്കനോയിഡ് പോലെയുള്ളവ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നു.
ചർമ്മാരോഗ്യം സംരക്ഷിക്കാൻ കരുതലോടെ മാത്രം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക. വിദഗ്ധരായ ഡെർമറ്റോളജിസ്റ്റിൻ്റെ സഹായം അത്യാവശ്യ ഘട്ടങ്ങളിൽ തേടാൻ മടിക്കേണ്ട. ചർമ്മത്തിൻ്റെ യഥാർത്ഥ സ്വാഭവം, പ്രകൃതം എന്നിവ തിരിച്ചറിയുന്നതിന് അത് സഹായിക്കും.
Read More
- സ്ട്രച്ച് മാർക്കുകൾ എളുപ്പത്തിൽ മാറ്റാം, ഇവയിലൊന്ന് ട്രൈ ചെയ്യൂ
- മുടി കൊഴിച്ചിൽ മാറാൻ മധുരക്കിഴങ്ങ് കൊണ്ടുള്ള ഹെയർ മാസ്ക് പരീക്ഷിച്ചു നോക്കൂ
- പേൻ ശല്യം നിസാരമല്ല, അൽപ്പം മുൻകരുതലാവാം
- സൺസ്ക്രീൻ ഉപയോഗിച്ചു തുടങ്ങിയില്ലേ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
- ചർമ്മത്തിൻ്റെ തിളക്കം നിലനിർത്താൻ മഞ്ഞളും തേനും, ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us