/indian-express-malayalam/media/media_files/uploads/2020/03/sreekanth-1.jpg)
തൃശൂർ: മണലൂരിൽ യുവതി ആത്മഹത്യ ചെയ്‌ത കേസിൽ അറസ്റ്റിലായ ക്ഷേത്രത്തിലെ കോമരത്തെ പിന്തുണച്ച് ബിജെപി. കോമരമായി തുള്ളിയ ശ്രീകാന്ത് (24) നിരപരാധിയാണെന്നും അറസ്റ്റ് അംഗീകരിക്കില്ലെന്നും മണലൂർ നിയോജകമണ്ഡലം ബിജെപി നേതൃത്വം അറിയിച്ചു.
കോമരം തുള്ളുന്നതിനിടെ ശ്രീകാന്ത് യുവതിയെ അപമാനിക്കുന്നതരത്തില്‍ കല്‍പന പുറപ്പെടുവിച്ചുവെന്നും ഇതേതുടര്‍ന്ന് മനോവിഷമത്താല്‍ യുവതി ആത്മഹത്യ ചെയ്തുവെന്നും ആരോപിച്ച് ഭര്‍ത്താവ് ജോബിന്‍ അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത ശ്രീകാന്തിന്റെ അറസ്റ്റ് ചൊവ്വാഴ്ച്ച പൊലീസ് രേഖപ്പെടുത്തി. ശ്രീകാന്തിനെതിരെ ഐപിസി സെഷന്‍ 306 പ്രകാരം ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയത്. ഇതിനെതിരെയാണ് ബിജെപി പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്.
ഹൈന്ദവ പ്രസ്ഥാനത്തിലെ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. ഇതിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് ബിജെപി മണലൂർ നിയോജകമണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ, ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി സുരേഷ് കാരണയിൽ എന്നിവർ പറഞ്ഞു. ഹിന്ദു ആചാരങ്ങൾക്കെതിരെയുള്ള കമ്യൂണിസ്റ്റ് സർക്കാരിന്റെ നീക്കമാണിതെന്നും ബിജെപി ആരോപിച്ചു.
Read Also: മണലൂരില്‍ യുവതിയുടെ ആത്മഹത്യ: അറസ്റ്റിലായ ശ്രീകാന്തിനെ പിന്തുണച്ച് കോമരങ്ങള്‍
ക്ഷേത്ര ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ശ്രീകാന്തിനെ അറസ്റ്റ് ചെയ്‌ത നടപടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഹെെന്ദവ ആചാരങ്ങളിലുള്ള കടന്നുകയറ്റമാണിതെന്ന് ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ശാസ്ത്ര സാഹിത്യ പരിഷത്ത് വിഷയത്തിൽ ഇടപെട്ടതിനെയും ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ ചോദ്യം ചെയ്‌തു. ഹിന്ദുക്കളുടെ കാര്യം വരുമ്പോൾ മാത്രമാണ് ശാസ്ത്ര പരിഷത്തു പോലുള്ള സംഘടനകൾ ഇടപെടുന്നതെന്നും അവർക്ക് വേറെ എത്ര കാര്യങ്ങളുണ്ടെന്നും ക്ഷേത്ര കമ്മിറ്റിക്കാർ ചോദിച്ചു. ഹെെന്ദവ വിശ്വാസത്തിനെതിരെ മാത്രമുള്ള ഇത്തരം നീക്കങ്ങളെ എതിർക്കുമെന്നും ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Read Also: കെഎസ്‌ആർടിസി പണിമുടക്കിനിടെ കുഴഞ്ഞുവീണു ഒരാൾ മരിച്ചു
ഫെബ്രുവരി 25-ന് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സംഭവം നടന്നത്. പിറ്റേദിവസം പുലര്‍ച്ചെ യുവതി ആത്മഹത്യ ചെയ്യുകയും ചെയ്തു. യുവതിയുടെ ഭര്‍ത്താവ് ജോബിനും സഹോദരന്‍ മണികണ്ഠനുമാണ് പൊലീസില്‍ പരാതി
നല്‍കിയത്.
യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും അതിനാല്‍ ദൈവത്തോട് മാപ്പ് പറയണമെന്നും പരസ്യമായി കോമരം ശ്രീകാന്ത് കല്‍പന പുറപ്പെടുവിച്ചുവെന്നാണ് ആരോപണം. അതേസമയം, യുവതിയെ കുറിച്ച് മോശമായി ശ്രീകാന്ത് ഒന്നും പറഞ്ഞിട്ടില്ലെന്നും സത്യം തെളിയുമെന്നും യുവതിയുടെ കുടുംബക്ഷേത്രത്തിലെ മറ്റ് കോമരങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണെന്ന് സിഐ മനോജ് കുമാർ പറഞ്ഞു. ആത്മഹത്യ ചെയ്ത യുവതിയുടെ വീട്ടുകാരില്‍ നിന്നു മൊഴിയെടുത്തു. മറ്റുള്ളവരുടെ മൊഴിയുമെടുക്കും. ഇരകളായവര്‍ക്ക് നീതി ലഭിക്കാന്‍ പൊലീസ് ആവശ്യമായതെല്ലാം ചെയ്യുമെന്നും സിഐ കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us