തൃശൂര്‍: മണലൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ശ്രീകാന്ത് (24) നിരപരാധിയെന്ന് ക്ഷേത്രത്തിലെ കോമരങ്ങള്‍. ഫെബ്രുവരി 25-ന് കോമരമായി തുള്ളിയ ശ്രീകാന്ത് യുവതിയെ അപമാനിക്കുന്ന തരത്തില്‍ കല്‍പന നടത്തിയതിനെ തുടര്‍ന്ന് അവര്‍ ആത്മഹത്യ ചെയ്തുവെന്ന് ഭര്‍ത്താവ് ജോബിനും സഹോദരന്‍ മണികണ്ഠനും അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

Read Also: ക്ഷേത്രത്തില്‍വച്ച് കോമരവും യുവതിയും തമ്മില്‍ വാക്കേറ്റം; ജീവനെടുത്ത ‘കല്‍പന’

യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും അതിനാല്‍ ദൈവത്തോട് മാപ്പ് പറയണമെന്നും പരസ്യമായി കോമരം ശ്രീകാന്ത്‌ കല്‍പന പുറപ്പെടുവിച്ചുവെന്നാണ് ആരോപണം. അതേസമയം, യുവതിയെ കുറിച്ച് മോശമായി ശ്രീകാന്ത് ഒന്നും പറഞ്ഞിട്ടില്ലെന്നും സത്യം തെളിയുമെന്നും കുടുംബക്ഷേത്രത്തിലെ മറ്റ് കോമരങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത ശ്രീകാന്തിന്റെ അറസ്റ്റ് ചൊവ്വാഴ്ച്ച പൊലീസ് രേഖപ്പെടുത്തി. ശ്രീകാന്തിനെതിരെ ഐപിസി സെഷന്‍ 306 പ്രകാരം ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയത്.

“വ്യക്തിപരമായ കാര്യങ്ങളൊന്നും അവര്‍ കല്‍പിക്കില്ല. കാലങ്ങളായി നടക്കുന്ന പതിവാണ് ക്ഷേത്രത്തില്‍ നടന്നത്. തുള്ളി ഇരിക്കുന്ന നേരത്ത് കോമരങ്ങള്‍ സ്വയംമറക്കും. വിശ്വാസത്തിന്റെ ഭാഗമാണ് ഇതെല്ലാം,” പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു കോമരം പറഞ്ഞു.

“പ്രസാദം നല്‍കുകയും അനുഗ്രഹിക്കുകയുമാണ് കോമരങ്ങള്‍ ചെയ്യുക, തുള്ളി കഴിഞ്ഞാല്‍ കോമരങ്ങള്‍ പ്രത്യേക ശക്തിയാണ്. തുള്ളുന്നതിനിടെ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് ഓര്‍മയുണ്ടാകില്ല. ശബരിമലയിലടക്കം ഈ തുള്ളലുണ്ട്. കോമരം തുള്ളുന്നത് ഒരു പ്രത്യേക ശക്തിയും സിദ്ധിയുമാണ്. കോമരം തുള്ളാനുള്ള ശക്തി എല്ലാവര്‍ക്കും കിട്ടുന്നതല്ല. 41 ദിവസം വ്രതമെടുത്താണ് കോമരം തുള്ളുന്നത്. ശുദ്ധിയോടും ചിട്ടവട്ടങ്ങളോടും കൂടിയേ ഒരാള്‍ക്ക് തുള്ളാന്‍ പറ്റൂ,” മറ്റൊരു കോമരം പറഞ്ഞു.

വെറുതേ വിവാദമുണ്ടാക്കാനാണ് ശ്രീകാന്തിനെതിരെ ആരോപണമുന്നയിക്കുന്നതെന്ന് കുടുംബ ക്ഷേത്രത്തില്‍ കൂടിനിന്ന മറ്റ്‌ കോമരങ്ങള്‍ പറഞ്ഞു.

“ശ്രീകാന്ത്‌ കോമരമായി തുള്ളുന്ന സമയത്ത് യുവതിയോട് മോശമായി ഒന്നും പറഞ്ഞിട്ടില്ല. ചെയ്തുപോയ തെറ്റുകള്‍ക്ക് ഭഗവതിയുടെ മുന്നില്‍ വീണു മാപ്പ് പറയണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. അല്ലാതെ സ്വഭാവദൂഷ്യമുള്ളതായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. കോമരം പറഞ്ഞപ്പോള്‍ അത് അനുസരിച്ചാല്‍ മതിയായിരുന്നു. എന്നാല്‍, ആ യുവതി അത് ചെയ്തില്ല. പിന്നീട് കോമരവും യുവതിയും തമ്മില്‍ വാക്കേറ്റമുണ്ടായി,” പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു കോമരം പറഞ്ഞു.

Read Also: അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു, വരൻ സംവിധായകൻ: റിപ്പോർട്ട്

എന്നാല്‍ തന്റെ ഭാര്യ തെറ്റുകാരിയാണെന്നും അമ്മയുടെ (ഭഗവതിയുടെ) മുന്നില്‍ മാപ്പ് പറയണമെന്നും ശ്രീകാന്ത് കോമരം തുള്ളിയപ്പോള്‍ പറഞ്ഞുവെന്ന് യുവതിയുടെ ഭര്‍ത്താവ്‌ ജോബിന്റെ പരാതിയില്‍ പറയുന്നു. “കുടുംബക്കാരുടേയും മക്കളുടേയും മറ്റ് ആളുകളുടേയും മുന്നില്‍വച്ചാണ് ഇത് പറഞ്ഞത്,” പരാതിയില്‍ ആരോപിച്ചു.

ശ്രീകാന്തിന്റെ സുഹൃത്ത്‌ ജനമിത്രന്‍ യുവതിയെ ശല്യപ്പെടുത്തിയിരുന്നുവെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. ജനമിത്രന്റെ പേരും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

ജനമിത്രനും ശ്രീകാന്തും സുഹൃത്തുക്കളാണെന്നാണ് ജോബിന്റെ പരാതിയില്‍ പറയുന്നത്.

“തുടര്‍ച്ചയായി ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് ജനമിത്രനെ യുവതിയുടെ വീട്ടുകാര്‍ താക്കീത് ചെയ്തിരുന്നു,” യുവതിയുടെ സഹോദരന്‍ മണികണ്ഠനും പറഞ്ഞു.

പൊലീസ് അന്വേഷണം തുടരുകയാണെന്നും ഇരകളായവര്‍ക്ക് നീതി ലഭ്യമാക്കുമെന്നും ടൗണ്‍ വെസ്റ്റ് പൊലീസ് സിഐ മനോജ് കുമാര്‍ പറഞ്ഞു.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.