ക്ഷേത്രത്തില്‍വച്ച് കോമരവും യുവതിയും തമ്മില്‍ വാക്കേറ്റം; ജീവനെടുത്ത ‘കല്‍പന’

വീടിന്റെ മുകളിലെ നിലയില്‍ ലൈറ്റ് കണ്ടതിനെ തുടര്‍ന്ന് കുട്ടി അങ്ങോട്ട് പോയി. അപ്പോഴാണ് യുവതി ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്.

കോമരം-oracle-യുവതിയുടെ ആത്മഹത്യ- suicide of housewife- തൃശൂര്‍-thrissur

തൃശൂര്‍: മണലൂരിലെ കുടുംബ ക്ഷേത്രത്തില്‍ കോമരവുമായുണ്ടായ പ്രശ്നങ്ങളാണ് 32 വയസ്സുകാരിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം ആവര്‍ത്തിച്ച് കുടുംബം. ക്ഷേത്രത്തിലെ തോറ്റംപാട്ട് മഹോത്സവത്തില്‍ കോമരം നടത്തിയ കല്‍പനയില്‍ മനംനൊന്താണ് ഭാര്യ ആത്മഹത്യ ചെയ്തതെന്ന് ഭര്‍ത്താവ് ജോബിന്‍ആരോപിച്ചു. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് കോമരം തുള്ളിയ ശ്രീകാന്തിനെ (24 വയസ്) അറസ്റ്റ് ചെയ്തിരുന്നു. വീട്ടുകാരുടെ മൊഴിയെടുത്ത പൊലീസ് യുവാവിനുമേല്‍സെക്ഷന്‍ 306 പ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

കഴിഞ്ഞ ഫെബ്രുവരി 26-നാണ് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. മണലൂരില്‍ രണ്ട് മക്കള്‍ക്കും ഭര്‍ത്താവിന്റെ മാതാവിനുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്. വിദേശത്തായിരുന്ന ഭര്‍ത്താവ് മരണം അറിഞ്ഞ് നാട്ടിലെത്തി. മക്കള്‍ ആറാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്നു. ആത്മഹത്യ ചെയ്തതിന്റെ തലേന്ന് ക്ഷേത്രത്തിലെ ഉത്സവത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നു.

Read Also:കൊറോണ ഭീതി പ്രമുഖരിലേക്കും; ആഞ്ജല മെര്‍ക്കലിന്റെ ഹാന്‍ഡ് ഷേക്കിനോട് നോ പറഞ്ഞ് മന്ത്രി

സംഭവം ഇങ്ങനെ

ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങാണ് കോമരം തുള്ളല്‍. ശ്രീകാന്താണ് കോമരം തുള്ളിയത്. ആത്മഹത്യ ചെയ്ത യുവതിയുടെ ബന്ധു കൂടിയായാണ് ശ്രീകാന്ത്. ഇവരുടെ കുടുംബവുമായി ഇയാള്‍ക്ക് നല്ല ബന്ധവുമുണ്ട്. കോമരം തുള്ളുന്നതിനിടെ ശ്രീകാന്ത് യുവതിയെ പരസ്യമായി ശാസിച്ചുവെന്ന് സഹോദരന്‍ മണികണ്ഠന്‍ പറഞ്ഞു. യുവതിക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന തരത്തില്‍ കോമരം കല്‍പന പുറപ്പെടുവിച്ചുവെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഇതില്‍ മനംനൊന്ത് പിറ്റേദിവസം പുലര്‍ച്ചയോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവും സഹോദരനും ആരോപിച്ചു.

കോമരവുമായി വാക്കേറ്റം

കോമരം തുള്ളുന്നതിനിടെ യുവതിയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ആരോപിച്ച ശ്രീകാന്ത് പരസ്യമായി ഭഗവതിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഭര്‍ത്താവ് പറയുന്നു. ഇത് യുവതി നിരസിച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാപ്പ് പറയില്ലെന്നും യുവതി പറഞ്ഞു. കോമരവും യുവതിയും തമ്മില്‍ പിന്നീട് വാക്കേറ്റമുണ്ടായതായി ക്ഷേത്ര ചടങ്ങില്‍ പങ്കെടുത്തിരുന്നവര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

പിന്നീട്യുവതി ക്ഷേത്ര ചടങ്ങില്‍ പങ്കെടുത്തില്ല

ഫെബ്രുവരി 25-ന് വൈകീട്ട് ആറ് മണിയോടെയാണ് കോമരം തുള്ളല്‍ നടന്നത്. അതിനുശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം യുവതി വീട്ടില്‍ തിരിച്ചെത്തി. രാത്രിയില്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ യുവതി പങ്കെടുത്തില്ല. മക്കള്‍ മുത്തശിക്കൊപ്പം ക്ഷേത്രത്തില്‍ പോയി. ആ സമയത്ത് യുവതി വീട്ടില്‍ തനിച്ചായിരുന്നു.

കോമരത്തിന്റെ പരസ്യമായുള്ള കല്‍പനയില്‍ മനോവിഷമമുള്ളത് കാരണമാണ്
യുവതി പിന്നീട് ചടങ്ങില്‍ പങ്കെടുക്കാന്‍ പോകാതിരുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. ക്ഷേത്ര ചടങ്ങിനുശേഷം മുത്തശിയും രണ്ട് മക്കളും വീട്ടിലേക്ക് തിരിച്ചെത്തി. രാത്രി പതിനൊന്ന് മണിയോടെ എല്ലാവരും ഉറങ്ങാന്‍ കിടന്നു. യുവതിയും രണ്ട് മക്കളും ഒരു മുറിയിലാണ് കിടന്നത്. ഭര്‍തൃമാതാവ് മറ്റൊരു മുറിയിലും.

Read Also:പ്രായം പരിധി കടക്കുന്നു; ബോളിങ് നിരയില്‍ അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യ

പുലര്‍ച്ചെ രണ്ട് മണിയോടെ ടോയ്‌ലറ്റില്‍ പോകാന്‍ മൂത്ത മകന്‍ എഴുന്നേറ്റു. ഈ സമയത്ത് അമ്മ അടുത്തുണ്ടായിരുന്നില്ല. വീട്ടിലാകെ അന്വേഷിച്ചെങ്കിലും കണ്ടില്ല. വീടിന്റെ മുകളിലെ നിലയില്‍ ലൈറ്റ് കണ്ടതിനെ തുടര്‍ന്ന് കുട്ടി അങ്ങോട്ട് പോയി. അപ്പോഴാണ് യുവതി ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്.

ശ്രീകാന്ത് അറസ്റ്റില്‍

യുവതിയുടെ ഭര്‍ത്താവ് ജോബിനും സഹോദരന്‍ മണികണ്ഠനും നല്‍കിയ പരാതിയിലാണ് അന്തിക്കാട് പൊലീസ് നടപടിയെടുത്തത്. ഇതേ തുടര്‍ന്ന് ഇന്നലെയാണ് ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 306-ാം വകുപ്പ് പ്രകാരം ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.

മറ്റൊരു ബന്ധു അപവാദ പ്രചാരണം നടത്തിയെന്നും പരാതി

അറസ്റ്റിലായ ശ്രീകാന്തിന്റെ സുഹൃത്തായ ജനമിത്രന്‍ ഏറെനാളായി യുവതിയെ കുറിച്ച് അപവാദ പ്രചാരണം നടത്തി വരുന്നുവെന്നും ഇയാളുടെ ശല്യപ്പെടുത്തലിനെ കുറിച്ച് അവര്‍ വീട്ടുകാരോടും ഭര്‍ത്താവിനോടും പരാതി പറഞ്ഞിരുന്നുവെന്നും ഭര്‍ത്താവ് പറയുന്നു. ഇതേതുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധു കൂടിയായ ജനമിത്രനെ യുവതിയുടെ കുടുംബാംഗങ്ങള്‍ താക്കീത് ചെയ്തിരുന്നു.

ഇയാളുടെ തുടര്‍ച്ചയായ ശല്യപ്പെടുത്തലിനെ തുടര്‍ന്നും കൂടിയാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ഭര്‍ത്താവ് ആരോപിച്ചു. യുവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ജനമിത്രന്‍ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചിരുന്നതായും ആരോപണമുണ്ട്. ജനമിത്രനും ഈ യുവതിയുടെ ബന്ധുവാണ്. കുടുംബ ക്ഷേത്രത്തിലെ കോമരം കൂടിയാണ് ഇയാള്‍.

നീതി ലഭ്യമാക്കും: പൊലീസ്‌

അന്വേഷണം പുരോഗമിക്കുകയാണ്. കോമരം തുള്ളിയ ശ്രീകാന്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യ ചെയ്ത യുവതിയുടെ വീട്ടുകാരില്‍ നിന്നു മൊഴിയെടുത്തു. മറ്റുള്ളവരുടെ മൊഴിയുമെടുക്കും. ഇരകളായവര്‍ക്ക് നീതി ലഭിക്കാന്‍ പൊലീസ് ആവശ്യമായതെല്ലാം ചെയ്യുമെന്നും സിഐ മനോജ് കുമാര്‍ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Manaloor woman suicide family speaks

Next Story
കൊറോണ: പരിഭ്രാന്തരാകരുതെന്ന് പ്രധാനമന്ത്രി, കോമാളി കളി അവസാനിപ്പിക്കെന്ന് രാഹുൽ ഗാന്ധിയുടെ മറുപടിrahul gandhi, രാഹുൽ ഗാന്ധി, narendra modi, നരേന്ദ്ര മോദി, rahul gandhi on PM mod, lok sabha session, pm modi tubelight remark, rahul gandhi tubelight modi, indian express, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com