/indian-express-malayalam/media/media_files/2025/06/20/razeena-2025-06-20-11-29-45.jpg)
റസീന
കണ്ണൂർ: കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് പൊലീസ്. നടന്നത് സദാചാര ഗുണ്ടായിസമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജ് പറഞ്ഞു. പ്രതികൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. റസീനയുടെ ആത്മഹത്യാ കുറിപ്പ് കിട്ടി. ആൺസുഹൃത്തിനെ കുറ്റപ്പെടുത്തുന്നതൊന്നും ആത്മഹത്യാക്കുറിപ്പിൽ ഇല്ല. യുവാവിനെ പ്രതികൾ മർദിച്ചുവെന്നും യുവാവിനെ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച റസീനയെ ആൺസുഹൃത്തിനൊപ്പം കണ്ട ബന്ധുക്കൾ ചോദ്യം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച റസീനയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പറമ്പായി സ്വദേശികളായ വി.സി. മുബഷീർ (28), കെ.എ. ഫൈസൽ (34), വി.കെ. റഫ്നാസ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, അറസ്റ്റിലായവർ കുറ്റക്കാരല്ലെന്നും പൊലീസിന്റെ വാദം തെറ്റാണെന്നും റസീനയുടെ ഉമ്മ ഫാത്തിമ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
Also Read: നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി; പ്രതികരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം
പൊലീസ് പറയുന്ന വാദം തെറ്റാണ്. ബന്ധുക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയോട് സഹോദരന്റെ സ്ഥാനത്തുനിന്ന് അവർ കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. ഫോണിലൂടെയാണ് മയ്യിൽ സ്വദേശിയായ യുവാവിനെ റസീന പരിചയപ്പെട്ടത്. റസീനയുടെ സ്വർണം മുഴുവൻ തട്ടിയെടുത്തു. അവനാണ് എന്റെ മകളെ കുടുക്കിയത്. എന്നിട്ടും യുവാവിനെ വെറുതെ വിട്ട് തന്റെ ബന്ധുക്കളെയാണ് പൊലീസ് പിടികൂടി ജയിലിലിട്ടത്. എന്ത് ന്യായമാണത്? അഞ്ച് മണിക്കൂർ പിടിച്ചുവച്ചു എന്നൊക്കെ വെറുതെ പറയുന്നതാണ്. മയ്യിൽ സ്വദേശിയായ യുവാവിന്റെ വീട്ടുകാരെത്താനാണ് സമയമെടുത്തതെന്നും ഫാത്തിമ പറഞ്ഞു.
Also Read: നിലമ്പൂരിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് തരൂർ; താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
ആൺസുഹൃത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്തിയ ശേഷമായിരിക്കും തുടർനടപടികൾ. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.