/indian-express-malayalam/media/media_files/2024/11/20/vQO8AdEBhU4humxwSZlr.jpg)
തൊണ്ടിമുതൽ കേസുമായി ഏറെ സമാനതകളുണ്ട് സിനിമയിലെ രംഗങ്ങൾക്ക്
തൊണ്ടി മുതലിൽ കൃത്രിമത്വം കാണിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായി ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രിംകോടതി വിധി വന്നിരിക്കുകയാണ്. 1994ൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രിംകോടതിയുടെ വിധി. 2006ലാണ് കുറ്റപത്രം സമർപ്പിച്ചത്. ആന്റെണി രാജു, തിരുവനന്തപുരം സെഷൻസ് കോടതി ക്ലർക്ക് എസ്, ജോസ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.
പുനരന്വേഷണം പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ വിചാരണ നടത്തണമെന്ന് ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. കേസിൽ വാദം കേൾക്കുന്നിതിനിടെ നേരത്തെ കോടതി സത്യം കണ്ടെത്താൻ ഏതറ്റംവരെയും പോകുമെന്ന് വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ ഈ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനും തങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്താണ് തൊണ്ടിമുതൽ കേസ്
1990-ൽ തിരുവനന്തപുരത്താണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരി മരുന്നുമായി ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലി പിടിയിലാകുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. അഭിഭാഷകനായ ആന്റണി രാജു തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്നാണ് പ്രതിയുടെ വക്കാലത്തെടുത്തിരുന്നത്. എന്നാൽ കേസ് തോറ്റു. പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി ഉത്തരവിറക്കി.
തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. കുഞ്ഞിരാമ മേനോൻ ആയിരുന്നു പ്രതിക്ക് വേണ്ടി വക്കാലത്തെടുത്തു. വാദത്തിനൊടുവിൽ പ്രതിയെ കോടതി വെറുതെവിട്ടു. പ്രതിയെ കുറ്റവിമുക്തനാക്കാൻ കോടതി കണ്ടെത്തിയ പ്രധാന കാരണം, തൊണ്ടിമുതലായി ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്നതായിരുന്നു. കേസിൽ നിന്ന് മോചിതനായതോടെ പ്രതി ആൻഡ്രൂ രാജ്യം വിടുകയും ചെയ്തു.
ആൻഡ്രൂ സാൽവദോർ സർവലിയെ വെറുതെ വിട്ടതിന് പിന്നാലെ കേസിൽ കൃത്രിമം നടന്നുവെന്ന് കാട്ടി പരാതി ഉയർന്നു. മൂന്ന് വർഷം നീണ്ട പരിശോധനയ്ക്കൊടുവിൽ വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ പോലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. 2006ൽ തിരുവനന്തപുരം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കോടതിയിൽ സൂക്ഷിച്ചിരുന്ന വിദേശിയുടെ അടിവസ്ത്രം ക്ലർക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിച്ചെറുതാക്കിയെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായെന്ന് കുറ്റപത്രത്തിൽ പറയുന്നു.
സിനിമയിലും ഇതേ സംഭവം
ടി ദാമോദരന്റെ തിരക്കഥയിൽ ജിഎസ് വിജയൻ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ആനവാൽ മോതിരം എന്ന് ചിത്രത്തിൽ സമാനമായ രംഗങ്ങൾ കാണാൻ കഴിയും. ശ്രീനിവാസൻ, മുകേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമയിൽ നടൻ ഗാവിൻ പക്കാഡ് അവതരിപ്പിച്ച ആൽബർട്ടോ ഫെല്ലിയെന്ന് കഥാപത്രമാണ് പ്രതി.
/indian-express-malayalam/media/media_files/2024/11/20/aA1JKtQk2FkVWu8mYhVC.jpg)
ലഹരിമരുന്നുമായി ആൽബർട്ടോ ഫെല്ലിനിയെ പോലീസുകാരായ ശ്രീനിവാസനും സുരേഷ് ഗോപിയും ചേർന്ന് പിടികൂടുന്നു. സിനിമയിലും വിചാരണയ്ക്കിടെ തൊണ്ടിമുതലായി എത്തുന്നതും അടിവസ്ത്രമാണ്. ഇവിടെയും തൊണ്ടിമുതൽ മാറ്റിയാണ് പ്രതിയ്ക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കി നൽകുന്നത്.
സിനിമയിലെ കോടതി രംഗങ്ങളിൽ പ്രതിയായ ആൽബർട്ടോയ്ക്ക് ധരിക്കാൻ കഴിയാത്ത ഡ്രോയറാണ് പ്രതിഭാഗം കോടതിയിൽ ഉയർത്തിക്കാട്ടുന്നത്. പ്രധാന തൊണ്ടിമുതലായ ഡ്രോയർ ആൽബർട്ടോയ്ക്ക് ചേരാതെ വരുന്നതോടെ പ്രതിയെ കോടതി വെറുതെ വിടുകയായിരുന്നു.
ആന്റെണി രാജുവായി ബന്ധപ്പെട്ട് തൊണ്ടിമുതൽ വിവാദവുമായി ഏറെ സാമ്യം തോന്നുന്ന രംഗങ്ങളിൽ സിനിമയിൽ ഉൾപ്പെടുത്താൻ തിരക്കഥാകൃത്തിന് പ്രചോദനമായത് എന്ത് സംഭവമാണെന്നതിൽ വ്യക്തയില്ല. സംഭവം നടക്കുന്നതും സിനിമ റിലീസാകുന്നതും ഒരേ വർഷമാണെന്നതാണ് ഏറെ കൗതുകകരം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.