/indian-express-malayalam/media/media_files/uploads/2018/03/riyaz-cats.jpg)
മുഹമ്മദ് റിയാസ്
കൽപറ്റ: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൗൺഷിപ്പിനു വേണ്ടിയുള്ള സ്ഥലത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാവരോടും കൂടിയാലോചിച്ചും അഭിപ്രായം കേട്ടശേഷവുമാകും അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദുരിതബാധിതരുടെ അഭിപ്രായമായിരിക്കും പ്രധാനമായും കേൾക്കുക. നാലു ഘട്ടങ്ങളിലായാണ് ദുരന്തബാധിതരുടെ പുനരധിവാസം തീരുമാനിച്ചിട്ടുള്ളത്. ബന്ധുവീട്ടിൽ പോകാൻ താൽപര്യമുള്ളവർ, സ്വന്തം നിലയിൽ വാടക വീട്ടിലേക്ക് മാറുന്നവർ, സ്പോൺസർഷിപ്പിന്റെ ഭാഗമായി വാടകവീട്ടിലേക്ക് മാറുന്നവർ, സർക്കാർ സംവിധാനങ്ങളിലെ വാടകവീടുകൾ എന്നിങ്ങനെയാണത്. ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും താൽക്കാലിക പുനരധിവാസം സംബന്ധിച്ച തീരുമാനമെടുക്കുക. ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ 18 അംഗ സംഘത്തിന്റെ സർവ്വേ നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ക്യാമ്പിൽ കഴിയുന്നവരുടെ താൽക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകൾ കണ്ടെത്തിയുണ്ടെന്ന് മന്ത്രി റിയാസ് നേരത്തെ പറഞ്ഞിരുന്നു. ഏതുപഞ്ചായത്തിൽ താമസിക്കണമെന്നതു ക്യാമ്പിൽ കഴിയുന്നവർക്കു തിരഞ്ഞെടുക്കാം. ദുരന്തത്തെത്തുടർന്ന് ബന്ധുക്കൾ ആരുമില്ലാതെ ഒറ്റയ്ക്കായി പോയവരെ തനിച്ചുതാമസിപ്പിക്കുകയില്ല. ഒരു സർക്കാർ ഉദ്യോഗസ്ഥനെ രക്ഷകർത്താവായി നിയോഗിച്ചുകൊണ്ടായിരിക്കും ഇവരുടെ പുനരധിവാസമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.