/indian-express-malayalam/media/media_files/mkhwr5Gv8a0t4FvH6pYp.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
പ്രകോപനപരമായ പ്രസ്താവനകൾ നടത്തി കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബോധപൂർവം ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയായ നവകേരള സദസിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷവിമർശനം.
പ്രതിഷേധിക്കുന്ന എസ്‌എഫ്‌ഐ പ്രവർത്തകരെ ഗവർണർ കുറ്റവാളികൾ എന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. “മനസ്സിൽ തോന്നുന്നതെന്തും പറയുന്ന അവസ്ഥയിലേക്ക് ഗവർണർ എത്തിയിരിക്കുന്നു. താൻ കേരള ഗവർണറാണെന്ന കാര്യം അദ്ദേഹം മറക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാൻ തന്റെ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ സമാധാനം തകർക്കാൻ മനഃപൂർവം ശ്രമിക്കുകയാണെന്ന് താൻ നേരത്തെയും ചൂണ്ടിക്കാണിച്ചിരുന്നു. ഗവർണറുടെ തുടർന്നുള്ള നടപടികളിലൂടെയും ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. എല്ലാ വിഷയത്തിലും സാധ്യമായ പരമാവധി പ്രകോപനം സൃഷ്ടിക്കാൻ ഗവർണർ ശ്രമിച്ചു," മുഖ്യമന്ത്രി പറഞ്ഞു.
സിപിഎമ്മിന്റെ വിദ്യാർഥി സംഘടനയായ എസ്എഫ്ഐയുടെ പ്രതിഷേധക്കാരെ കുറ്റവാളികളും ഗുണ്ടകളും എന്ന് ഗവർണർ പരാമർശിച്ചതിനെയും മുഖ്യമന്ത്രി വിമർശിച്ചു. "മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാൾ എങ്ങനെയാണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കുന്നത്. വിവേകം ഇല്ലാത്ത നടപടിയാണത്. എങ്ങനെയാണ് അദ്ദേഹത്തിന് പ്രതിഷേധക്കാർക്കെതിരെ ഇത്രയും മോശമായ വാക്കുകൾ ഉപയോഗിക്കുന്നത്? ആരെങ്കിലും കരിങ്കൊടി വീശുന്നവരെ ശാരീരികമായി നേരിടാനോ ഏറ്റുമുട്ടാനോ ശ്രമിച്ചിട്ടുണ്ടോ? എന്നിട്ട് ഗവർണർ പ്രതിഷേധക്കാരുടെ അടുത്തേക്ക് പോയപ്പോൾ ഓടിപ്പോയി എന്ന് അദ്ദേഹം വീമ്പിളക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനകൾ എത്രമാത്രം പ്രകോപനപരമാണെന്ന് നോക്കൂ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ഇടപെടലുകളും തികച്ചും സാമാന്യബുദ്ധിയില്ലാത്തതാണ്,” മുഖ്യമന്ത്രി പറഞ്ഞു.
"ഗവർണറുടെ നടപടികൾ എല്ലാ സാധാരണ പ്രോട്ടോക്കോളുകളുടെയും ലംഘനമാണ്. അത് കേന്ദ്ര സർക്കാർ പരിശോധിക്കേണ്ടതുണ്ട്. എനിക്കോ, എന്റെ കാവൽ സേനയ്‌ക്കോ നേരെ കരിങ്കൊടി കാണിക്കുമ്പോൾ, ഞാനോ മന്ത്രിമാരോ ഇടതുമുന്നണി അംഗങ്ങളോ പ്രതിഷേധക്കാർക്കെതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിക്കുന്നില്ല. ഞങ്ങൾ പറയുന്നത് പ്രതിഷേധക്കാർ അക്രമാസക്തരാകരുതെന്ന് മാത്രമാണ്. പക്ഷേ, ഞങ്ങൾ ഞങ്ങളുടെ വാഹനങ്ങളിൽ നിന്ന് ഇറങ്ങി അവരെ നേരിടാൻ ശ്രമിക്കുന്നില്ല. നടപടിയെടുക്കാൻ ഞങ്ങൾ പൊലിസിനെ അനുവദിച്ചു,” മുഖ്യമന്ത്രി പറഞ്ഞു.
Read More Related News Stories:
- സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം പടരുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യമന്ത്രി
- ലളിത് ഝാ നിർണായക തെളിവുകൾ നശിപ്പിച്ചു; രാജസ്ഥാനിൽ തിരച്ചിൽ നടത്തി പൊലിസ്
- സോഷ്യൽ മീഡിയയിലെ 'വിപ്ലവകാരി'യോ, മൃദുഭാഷിയായ മാഷോ?; അറിയാം, പാർലമെന്റ് പ്രതിഷേധത്തിന്റെ 'സൂത്രധാരൻ' ലളിത് ഝായെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.