/indian-express-malayalam/media/media_files/2025/10/02/vidyarambham-navarathri-ayudha-pooja-vijayadashami-2025-10-02-07-18-28.jpg)
Vidyarambham 2025
Vidyarambham: ഇന്ന് വിദ്യാരംഭം. അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കാന്‍ തയ്യാറായി കുരുന്നുകൾ. വീടുകളിലും, അമ്പലങ്ങളിലും മറ്റു പൊതുവിടങ്ങളിലും എല്ലാം വിദ്യാരംഭം നടക്കുകയാണ്. കേരളത്തിലെ വിഖ്യാത സരസ്വതീ ക്ഷേത്രങ്ങളായ കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കൊല്ലത്തെ എഴുകോൺ മൂകാംബിക ക്ഷേത്രം, വടക്കൻ പറവൂരിലെ മൂകാംബിക സരസ്വതി ക്ഷേത്രം, തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം അടക്കമുളള നിരവധി ക്ഷേത്രങ്ങളിലും തുഞ്ചൻ പറമ്പിലും വിദ്യാരംഭ ചടങ്ങുകൾ തുടരുകയാണ്.
അക്ഷരാഭ്യാസം തുടങ്ങുക എന്നത് പോലെ തന്നെ, ഇന്നത്തെ ദിവസം ഏതു വിദ്യയ്ക്കും തുടക്കം കുറിക്കാവുന്നതാണ് എന്നത് കൊണ്ട് സംഗീതം-നൃത്തം-കല എന്ന് തുടങ്ങി എല്ലാ മേഖലകളിലും ഇന്ന് വിദ്യാരംഭം നടക്കുന്നുണ്ട്.
വിദ്യയെന്നാൽ അറിവാണ്. വിദ്യാരംഭമെന്നാൽ അറിവിന്റെ ലോകത്തേക്കുളള ചുവടുവയ്പാണ്. കേരളത്തിൽ വിജയദശമി ദിനമാണ് വിദ്യാരംഭമായി ആചരിക്കുന്നത്. അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ പിച്ചവയ്ക്കുന്ന ദിനം. കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്ന ചടങ്ങാണ് വിദ്യാരംഭം. വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു.
Also Read: അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന ഈ പുണ്യദിനത്തിൽ ആശംസകൾ നേരാം
അച്ഛനോ ഗുരുവോ ഗുരുസ്ഥാനീയരായവരോ കുട്ടിയെ മടിയിൽ ഇരുത്തി ശുദ്ധമായ മണലിലോ അരിയിലോ ‘ഹരിഃ ശ്രീഗണപതയേ നമഃ’ എഴുതി കൊണ്ടാണ് വിദ്യാരംഭം കുറിക്കുന്നത്. അതിനുശേഷം സ്വർണമോതിരം കൊണ്ടു നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു.
മൂന്നോ അഞ്ചോ വയസിലാണ് കുട്ടികളെ വിദ്യാരംഭം ചടങ്ങിനിരുത്തേണ്ടത്. രണ്ട്, നാല് തുടങ്ങി ഇരട്ട സംഖ്യ വരുന്ന വയസിൽ വിദ്യാരംഭം നടത്തുന്നത് ശുഭകരമല്ല. വിജയദശമി ദിവസത്തിൽ വിദ്യാരംഭത്തിന് പ്രത്യേക മുഹൂര്‍ത്തം കുറിക്കേണ്ടതില്ല. അത്രയും നല്ലൊരു ശുഭദിനമാണ് വിജയദശമി ദിനം.
Also Read: ഗാന്ധി ജയന്തി ദിനത്തിൽ ആശംസകൾ കൈമാറാം
പണ്ടു കാലത്ത് വീടുകളിലോ ഗുരുകുലത്തിലോ വിദ്യാരംഭം ചടങ്ങുകൾ നടത്തിയിരുന്നു. ഇന്ന് ക്ഷേത്രങ്ങളിലും ഓഫീസുകളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നുണ്ട്. കേരളത്തില്‍ സരസ്വതീ ക്ഷേത്രങ്ങളായ കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കൊല്ലത്തെ എഴുകോൺ മൂകാംബിക ക്ഷേത്രം, വടക്കൻ പറവൂരിലെ മൂകാംബിക സരസ്വതി ക്ഷേത്രം, തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം അടക്കമുളള നിരവധി ക്ഷേത്രങ്ങളിലും തുഞ്ചൻ പറമ്പിലും കുട്ടികലെ എഴുത്തിനിരുത്താറുണ്ട്.
കർണാടകയിലെ കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തിലെ വിദ്യാരംഭം അതിപ്രശസ്തമാണ്. ഇവിടുത്തെ സരസ്വതി മണ്ഡപത്തിലാണ് ചടങ്ങ് നടക്കുക. വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കാൻ നിരവധി കുരുന്നുകളാണ് ഇവിടേക്ക് എത്തുക. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വർഷത്തിലെ ഏതു ദിവസവും വിദ്യാരംഭം നടത്താമെന്ന പ്രത്യേകതയുമുണ്ട്.
Read More: വിജ്ഞാനത്തിൻ്റെ വെളിച്ചം വീശുന്ന വിജയദശമി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.