/indian-express-malayalam/media/media_files/Er7wHIwgSUPG6R8tTpys.jpg)
ഫൊട്ടോ: X/ Bhupendar yadav
വയനാട്: വയനാട്ടിൽ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതമാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. "വയനാട്ടിൽ മനുഷ്യ-മൃഗ സംഘര്‍ഷം അതിരൂക്ഷമാണെന്ന് മനസിലാക്കുന്നു. മനുഷ്യൻ ആയാലും മൃഗമായാലും ജീവന് വലിയ പരിരക്ഷ നൽകേണ്ടതുണ്ട്. മനുഷ്യ-മൃഗ സംഘർഷം പഠിക്കാനും സംസ്ഥാനതല സഹകരണം ഉറപ്പാക്കാനും കോയമ്പത്തൂരിലെ സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിന് ചുമതല നൽകും," കേന്ദ്രമന്ത്രി പറഞ്ഞു.
"അപകടകാരികളായ വന്യമൃഗങ്ങളെ കുറിച്ചു കൃത്യമായ മുന്നറിപ്പ് നൽകാൻ സംവിധാനം വേണം. കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ ഒരുമിച്ച് ആനത്താരകൾ അടയാളപ്പെടുത്തും. ക്ഷുദ്ര ജീവികൾക്കും മനുഷ്യന്റെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന ജീവികളെ നേരിടാൻ സംസ്ഥാനത്തിനു അധികാരം ഉണ്ട്. ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് ആവശ്യമായ നടപടി സ്വീകരിക്കാം. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നൽകുന്ന സഹായധനം സംസ്ഥാന സര്‍ക്കാരിന് വേണമെങ്കിൽ കൂട്ടാം," കേന്ദ്രമന്ത്രി പറഞ്ഞു.
കൽപ്പറ്റ കളക്ട്രേറ്റില്‍ വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്ന പരിഹാരത്തിനായി വിഷയത്തിൽ വിശദമായ ചർച്ചകൾ ഇന്ന് നടന്നു. കേരള വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമെ കർണാടകത്തിലെ വനം ഉദ്യോഗസ്ഥരോടും പങ്കെടുക്കാൻ നിർദ്ദേശിച്ചിരുന്നു.
കർണാടകം റേഡിയോ കോളർ ഘടിപ്പിച്ച ആനകളെ കേരളാ വനാതിർത്തിയിൽ തുറന്നുവിട്ടത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂപേന്ദർ യാദവ് യോഗം വിളിച്ചത്. ഇന്നലെ വൈകിട്ട് ജില്ലയിലെത്തിയ മന്ത്രി, വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചിരുന്നു. ഇതിനിടെ, തുടര്‍ച്ചയായുള്ള വന്യജീവി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടിൽ പുതിയ സി.സി.എഫ് ചുമതലയേറ്റു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us