ചൂടിന്റെ കാഠിന്യം ഓരോ ദിവസവും വർധിച്ചുവരികയാണ്. പുറത്തിറങ്ങിയാൽ കത്തുന്നവെയിൽ. രാജ്യത്തെ പല സംസ്ഥാനങ്ങളിലും അസാധാരണമായി ഉയർന്ന താപനില രേഖപ്പെടുത്തുന്നത് വരും മാസങ്ങളിൽ തീവ്രമായ ഉഷ്ണ തരംഗത്തിനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു. താപനില ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും സ്വയം പരിരക്ഷിക്കേണ്ടത് ആവശ്യമാണ്. ഉച്ചയ്ക്ക് 12 മുതൽ 3 വരെ സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണം.
ചൂടുള്ളതും കഠിനവുമായ വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനാണ് ഒരാൾ മുൻഗണന നൽകേണ്ടത്. യാത്രാവേളയിൽ വെള്ളം കയ്യിൽ കരുതുന്നതിനു പുറമെ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഫെബ്രുവരി 28നു പുറത്തിറക്കിയ നിർദേശങ്ങളിൽ പറയുന്നു.
“നാരങ്ങ വെള്ളം, മോര്, ലസ്സി, പഴച്ചാറുകൾ, അല്ലെങ്കിൽ ഒആർഎസ് (ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ) തുടങ്ങിയ പാനീയങ്ങൾ ഉപ്പിട്ടു കുടിക്കുക, തണ്ണിമത്തൻ, വെള്ളരിക്ക, നാരങ്ങ, ഓറഞ്ച് തുടങ്ങിയ ഫ്രഷ് പഴങ്ങളും നിർബന്ധമായും കഴിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.
ഈ കാലാവസ്ഥയിൽ ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാൻ, ഈ ഭക്ഷണക്രമവും പോഷകാഹാര നുറുങ്ങുകളും മനസ്സിൽ വയ്ക്കുക.
- ശരീരത്തിലെ ജലാംശം നിലനിർത്തുക. പുറത്തിറങ്ങുമ്പോൾ എപ്പോഴും ഒരു കുപ്പി വെള്ളം കരുതുക.
- പച്ചക്കറി നീര്, കരിക്കിൻവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- കഫീൻ അടങ്ങിയ പാനീയങ്ങൾ ശരീരത്തിലെ ജലാംശം ഇല്ലാതാക്കുന്നതിനാൽ അവ ഒഴിവാക്കുക.
- വെള്ളരിക്ക, തണ്ണിമത്തൻ, തക്കാളി തുടങ്ങിയ ജലാംശം അടങ്ങിയവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ചൂടുകാലത്തെ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തേണ്ടവ
- സെലറി (ഇല പച്ചക്കറി), കുക്കുമ്പർ ജ്യൂസ് എന്നിവയിൽ പുതിനയില ചേർത്തു കുടിക്കുന്നത്, തണുപ്പും ജലാംശവും നൽകുന്നു.
- ജലത്തിന്റെ അംശം കൂടുതലുള്ള ഒരു സീസണൽ ഫലമാണ് തണ്ണിമത്തൻ.
- തക്കാളി ജലാംശം നൽകുന്നതും വിറ്റാമിൻ സി ധാരാളമായി അടങ്ങിയതുമാണ്.
- പെരുംജീരകം തണുപ്പ് നൽകുന്നതാണ്. പെരുംജീരകം ഇട്ട വെള്ളം അതിരാവിലെ തന്നെ കഴിക്കുന്നതും നല്ലതാണ്.
- ജീരകവും തണുപ്പ് നൽകുന്നവയാണ്. ജ്യൂസിനൊപ്പം ചേർത്തോ അല്ലെങ്കിൽ രാവിലെ വെള്ളത്തിൽ ഇട്ടും കുടിക്കാവുന്നതാണ്.
- തൈരും അവ അടങ്ങിയ ഭക്ഷണങ്ങളിലും തണുപ്പ് ഉള്ളതിനാൽ ആരോഗ്യത്തിന് നല്ലതാണ്.
നിങ്ങളെ തണുപ്പിക്കാൻ സഹായിക്കുന്ന ചില വേനൽക്കാല ഭക്ഷണങ്ങൾ ഇതാ:
കോളിഫ്ലവർ
ക്രൂസിഫറസ് സസ്യകുടുംബത്തിന്റെ ഭാഗമായ ഇത് വിറ്റാമിൻ സിയും നിരവധി ധാതുക്കളും മൈക്രോ ന്യൂട്രിയന്റുകളും കൊണ്ട് സമ്പന്നമാണ്.
സബ്ജ (കസ് കസ്)
ഇത് പ്രകൃതിദത്ത കൂളന്റ് ആയി പ്രവർത്തിക്കുന്നു. അസിഡിറ്റി, മലബന്ധം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു ഇവ ചർമ്മത്തിന്റെ ആരോഗ്യത്തെയും സഹായിക്കുന്നു.
ബാർലി
ബാർലിക്ക് സ്വാഭാവികമായി തണുപ്പിക്കുന്നതാണ്. ആൻറി-ഇൻഫ്ലമേറ്ററിയായ ബാർലി കരളിലെ വിഷാംശം നീക്കുന്നു.
പുതിന
ദഹനക്കേടുകൾക്കും വയറുവേദനയ്ക്കും ആശ്വാസം നൽകുന്ന ഒരു ഔഷധസസ്യമാണ് പുതിനയില അല്ലെങ്കിൽ പുതിന. വേനൽക്കാലത്ത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിനുണ്ട്.
ബെൽ(കൂവളം)
ബെൽ വേനൽക്കാല പാനീയത്തിന് മികച്ച ഓപ്ഷനാണ്. ചൂട് കുറച്ച് ശരീരം തണുപ്പിക്കാനും ഊർജ്ജം വർധിപ്പിക്കാനുമിത് സഹായിക്കുന്നു.
കൊകം
ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ്, ആന്റി-ഏജിങ് ഗുണങ്ങളുള്ള കോകം ശരീരത്തിലെ ചൂട് കുറയ്ക്കാനും സഹായിക്കുന്നു. തണുത്തതും ഉന്മേഷദായകവുമായ കോകം സർബത്ത് വേനൽക്കാലത്തെ മികച്ച പാനീയങ്ങളിലൊന്നാണ്.
കരിക്കിൻ വെള്ളം
തണുപ്പിക്കാനുള്ള ഗുണങ്ങൾ, ധാതുക്കളും ഇലക്‌ട്രോലൈറ്റുകളും എന്നിവചേർന്ന് തേങ്ങാവെള്ളത്തെ വേനൽക്കാല പാനീയമാക്കി മാറ്റുന്നു. ഇത് ശരീരത്തെ ജലാംശം നിലനിർത്തുകയും ചർമ്മത്തിന് നിറം നൽകുകയും ചെയ്യുന്നു.
വെള്ളരിക്ക
വേനൽക്കാലത്ത് നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് വെള്ളരിക്ക. ഇത് ശരീരത്തിൽനിന്നു വിഷവസ്തുക്കളെ നീക്കം ചെയ്യുകയും മികച്ച കൂളന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു. ദിവസത്തിൽ ഏത് സമയത്തും കുറച്ച് നാരങ്ങാനീരും ഉപ്പും വിതറി നിങ്ങൾക്ക് വെള്ളരിക്ക കഴിക്കാം. ഇത് ജലാംശം നിലനിർത്താൻ സഹായിക്കുകയും ഒരു തിളക്കം നൽകുകയും ചെയ്യുന്നു.
തണ്ണിമത്തൻ
92 ശതമാനം വെള്ളമടങ്ങിയ ഫലമാണ് തണ്ണിമത്തൻ. ഇത് പൊട്ടാസ്യം, വിറ്റാമിൻ എ, സി, ബി 6 എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ദിവസവും കുറച്ച് തണ്ണിമത്തൻ കഴിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.
തൈര്
തൈര് പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല എല്ലുകളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. വേനൽക്കാല ഭക്ഷണത്തിന് അനുയോജ്യമാണ്. അൽപ്പം ഉപ്പ് ഉപയോഗിച്ച് ഇത് കഴിക്കാം. ഫ്രോസൺ യോഗട്ട് രൂപത്തിലും ആസ്വദിക്കാം.
സ്പ്രൗറ്റ്സ്
ഒരു മികച്ച വേനൽക്കാല കൂളന്റായ ഇവ വെള്ളരിക്കാ, കുരുമുളക് എന്നിവയ്‌ക്കൊപ്പം കഴിക്കാം. മേൽപ്പറഞ്ഞവയെല്ലാം കൂടാതെ, ധാരാളം വെള്ളം കുടിക്കുന്നതും നിർബന്ധമാണ്.