ഈ വർഷം മാർച്ചിൽ വേനൽക്കാലം ആരംഭിച്ചതുമുതൽ, പല സംസ്ഥാനങ്ങളിലും കടുത്ത ചൂടാണ് റിപ്പോർട്ട് ചെയ്തത്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ നിലവിലെ ഉഷ്ണതരംഗം കൂടുതൽ തീവ്രമാകുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയത്. “അടുത്ത രണ്ട് ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും പരമാവധി താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യസ് വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്,” ഐഎംഡി പറഞ്ഞു.
തീവ്രമായ ചൂട് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് കുറയ്ക്കുക, സൂര്യപ്രകാശത്തിൽനിന്നും രക്ഷ നേടുന്നതിനുള്ള സംരക്ഷണ വസ്തുക്കളും വസ്ത്രങ്ങളും ധരിക്കുക എന്നിവ കൂടാതെ, ആരോഗ്യകരമായിരിക്കാൻ ഭക്ഷണക്രമങ്ങളിലും മാറ്റം വരുത്തണം.
“ഇത്തരമൊരു സാഹചര്യത്തിൽ ഡയറ്റും പോഷകാഹാരവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജലാംശം നിലനിർത്തുന്നതും ചൂട് കൂട്ടുന്ന ഭക്ഷണങ്ങൾക്ക് പകരം ശരീരം തണുപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതും ഉഷ്ണതരംഗത്തിന്റെ സമയത്ത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്ന മാർഗങ്ങളാണ്,” പോഷകാഹാര വിദഗ്ധനും ന്യൂട്രീഷ്യൻ എജ്യുക്കേറ്ററുമായ സാഹിബ ഭരദ്വാജ് പറഞ്ഞു.
ഈ സീസണിൽ ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാൻ ഭരദ്വാജ് ചില ന്യൂട്രീഷ്യൻ ടിപ്സുകളും പങ്കുവച്ചിട്ടുണ്ട്.
- ജലാംശം നിലനിർത്തുക. പുറത്തിറങ്ങുമ്പോൾ എപ്പോഴും ഒരു കുപ്പി വെള്ളം കയ്യിൽ കരുതുക.
- പച്ചക്കറി ജ്യൂസ്, തേങ്ങാവെള്ളം, മോര്, നാരങ്ങ വെള്ളം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.
- വെള്ളരിക്ക, തണ്ണിമത്തൻ, തക്കാളി തുടങ്ങിയ ജലാംശം അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ചൂടുകാലത്ത് കഴിക്കേണ്ട അവശ്യ ഭക്ഷ്യവസ്തുക്കൾ
- ഉയർന്ന ജലാംശമുള്ള ഒരു സീസണൽ പഴമാണ് തണ്ണിമത്തൻ.
- തക്കാളി ജലാംശം നൽകുന്നതും വിറ്റാമിൻ സി ധാരാളമായി അടങ്ങിയതുമാണ്.
- പെരുംജീരകം ശരീരം തണുപ്പിക്കും, പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം അതിരാവിലെ തന്നെ കുടിക്കാം.
- ജീരകവും തണുപ്പിക്കുന്നു, രാവിലെ ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം.
- തൈരും തൈര് അടങ്ങിയ ഭക്ഷണങ്ങളും ശരീരം തണുപ്പിക്കുന്നതിനാൽ ആരോഗ്യത്തിന് നല്ലതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ചൂടുകാലം കരുതലോടെ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ