/indian-express-malayalam/media/media_files/3gsshWtW4cp6DZbO7ggI.jpg)
ജോയി
തിരുവനന്തപുരം: തമ്പാനാൂർ റെയിൽവേ സ്റ്റേഷന് സമീപം ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയി (42) ന്റെ് മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാവിലെ 9.15ഓടെ തകരപ്പറമ്പ്-വഞ്ചിയൂർ റോഡിൽ ചിത്രാഹോമിന് പുറകിലുള്ള കനാലിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ജോയിയെ കാണാതായ സ്ഥലത്തുനിന്ന് ഒരുകിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള മലിനജനം ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. ജോയിയുടെ ഒപ്പം ജോലിചെയ്യുന്ന സഹപ്രവർത്തകർ മൃതദേഹം തിരിച്ചറിഞ്ഞു. തുടർനടപടികൾക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങളുടെ ഭാഗമായി ഡിഎൻഎ പരിശോധന ഉൾപ്പടെ നടത്തുമെന്ന് അധികൃതർ പറഞ്ഞു.കാണാതായി 46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം കോർപ്പറേഷനിലെ താൽക്കാലിക ജീവനക്കാരനായ 42കാരനായ ജോയിയടക്കം നാല് പേരാണ് ശുചീകരണത്തിനായി ശനിയാഴ്ച ആമയിഴഞ്ചാൻ തോട്ടിലിറങ്ങിയത്. തോട്ടിൽ വീണയുടനെ സഹ തൊഴിലാളികൾ ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തോട്ടിലെ ഒഴുക്കിൽപ്പെട്ട് പോയെന്നാണ് നിഗമനം. പോലീസും ഫയർഫോഴ്‌സും ചേർന്ന രക്ഷാദൗത്യം ആരംഭിച്ചെങ്കിലും കനാലിലുള്ളിലെ മാലിന്യം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുകയായിരുന്നു. സ്‌കൂബാ സംഘം ടണലിനുള്ളിൽ ഇറങ്ങി പരിശോധിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇതേ തുടർന്ന് രക്ഷാദൗത്യത്തിനായി നാവിക സേനയുടെ സഹായം തേടുകയായിരുന്നു. എറണാകുളത്ത് നിന്നെത്തിയ അഞ്ചംഗ നാവികസംഘം തിങ്കളാഴ്ച രാവിലെ 6.30 മുതൽ പരിശോധന നടത്തുന്നതിനിടയിലാണ് കനാലിന്റെ മറ്റൊരുഭാഗത്ത് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് അധികൃതർ സ്ഥലത്തെത്തി മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
തിരുവനന്തപുരം മാരായമുട്ടം വടകരയിൽ അമ്മയ്ക്കൊപ്പം ജീവിക്കുന്ന അവിവാഹിതനായ ജോയി നാട്ടിൽ ആക്രിസാധനങ്ങൾ ശേഖരിച്ചുവിറ്റായിരുന്നു ജീവിച്ചത്. ഇതിനിടെയാണ് കരാറുകാർ വിളിച്ചപ്പോൾ തോട് വൃത്തിയാക്കുന്ന ജോലിക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു.അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.