/indian-express-malayalam/media/media_files/UFnvVN7KTtGhCWqbMSsG.jpg)
ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടി ശ്രീലേഖ മിത്ര ശനിയാഴ്ചയും വ്യക്തമാക്കി
കൊച്ചി: ബംഗാളി നടി ശ്രീലേഖ മിത്രയുടെയുടെ ആരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രഞ്ജിത്ത് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷത്ത് നിന്നുള്ള സംഘടനകളും രംഗത്തെത്തിയതോടെ സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്.
രഞ്ജിത്ത് സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ആവശ്യപ്പെട്ടു. "ആരോപണ വിധേയർ പിണറായി സർക്കാറിൻറെ പവർ ഗ്രൂപ്പായി പ്രവർത്തിക്കുന്നു.മന്ത്രിയും എംഎൽഎയും ചലച്ചിത്രഅക്കാദമി ചെയർമാനുമെല്ലാം ഇതിന്റെ ഭാഗമാണ്"-കെ സുധാകരൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. രഞ്ജിത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് അബിൻ വർക്കിയാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്. സ്ത്രീസംഘടകളും യുവജന സംഘടനകളും രഞ്ജിത്തിന്റെ രാജിആവശ്യപ്പെട്ട് തെരുവിൽ പ്രതിഷേധവുമായി രംഗത്തെത്തി. ആർ.വൈ.എഫ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മഹിളാ കോൺഗ്രസ്, മഹിളാ മോർച്ചാ പ്രവർത്തകരും രഞ്ജിത്തിനെതിരെ രംഗത്തെത്തി.
മുതിർന്ന സിപിഐ നേതാവ് ആനി രാജയും രഞ്ജിത്തിനെതിരെ രംഗത്തെത്തി. "ആരോപണ വിധേയനെ മാറ്റിനിർത്തി അന്വേഷണം നടത്തണം"-ആനി രാജ പറഞ്ഞു. എഐവൈഎഫും രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ടു. രഞ്ജിത്ത് മാറി നിൽക്കുന്നതാണ് നല്ലതെന്ന് ചലച്ചിത്ര അക്കാദമി അംഗം മനോജ് കാനയും അഭിപ്രായപ്പെട്ടു.
മന്ത്രിമാരിലും ഭിന്നത
രഞ്ജിത്തിനെതിരെയുള്ള ആരോപണത്തിൽ മന്ത്രിമാർക്കിടയിലും രണ്ട് അഭിപ്രായം. രഞ്ജിത്തിനെതിരെ നടപടി എടുക്കുന്നതിന് രേഖാമൂലം പരാതി വേണമെന്നാണ് രാവിലെ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ സ്വീകരിച്ചത്. എന്നാൽ മന്ത്രിമാരായ വീണാ ജോർജ്, ജെ ബിന്ദു എന്നിവർ രഞ്ജിത്തിനെതിരെ രംഗത്ത് വന്നു. "ഒരു സ്ത്രീ ഇത്തരം ആരോപണം ഉന്നയിക്കുമ്പോൾ നിജ സ്ഥിതി മനസിലാക്കണം. അതിന് ശേഷം തുടർ നടപടികൾ എടുക്കും"-. മന്ത്രി ബിന്ദു പറഞ്ഞു. "നടി പരാതി നൽകിയാൽ സർക്കാർ എല്ലാവിധ പിന്തുണയും നൽകും" -മന്ത്രി വീണാ ജോർജ് പറഞ്ഞു. നടിയുടെ ആരോപണത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാകമ്മിഷൻ അധ്യക്ഷ പി സതിദേവിയും ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ഉച്ചയോടെ നിലപാട് മാറ്റി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. 'തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ല. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ്'-മന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചു.
എന്നാൽ, പ്രതിഷേധങ്ങളോട് പ്രതികരിക്കാൻ രഞ്ജിത്ത് തയ്യാറായിട്ടില്ല. നിലവിൽ വയനാട്ടിലെ വീട്ടിലുള്ള അദ്ദേഹം ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. നേരത്തെ, ശ്രീലേഖ മിത്രയുടെ ആരോപണം രഞ്ജിത്ത് നിഷേധിച്ചു. "ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാൽ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നത്".- രഞ്ജിത്ത് പറഞ്ഞു.അതേസമയം, ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടി ശ്രീലേഖ മിത്ര ശനിയാഴ്ചയും വ്യക്തമാക്കി.
Read More
- രഞ്ജിത്തിനെതിരായ ആക്ഷേപത്തിൽ കേസെടുക്കില്ല: പരാതി വരട്ടെ: സജി ചെറിയാൻ
- രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി ശ്രീലേഖ മിത്ര; ആരോപണം തള്ളി സംവിധായകൻ
- കതക് തുറന്നില്ല: സീനുകൾ വെട്ടിച്ചുരുക്കിയെന്ന് വെളിപ്പെടുത്തലുമായി നടി
- ഹേമാ കമ്മിറ്റി റിപ്പോർട്ട്; നിർണായക ഭാഗങ്ങൾ വെട്ടിമാറ്റി
- നിശബ്ദത പരിഹാരമല്ല; ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ലിജോ ജോസ് പെല്ലിശേരി
- പോലീസിൽ പരാതി നൽകേണ്ടതും ഇരകളോ? ചോദ്യവുമായി പാർവ്വതി തിരുവോത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.