/indian-express-malayalam/media/media_files/d9eTZW8FxgkPhEwtY3Sz.jpg)
കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച അരുൺ ബാബുവിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഞ്ജലി അർപ്പിക്കുന്നു
കൊച്ചി: കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയ കുവൈത്ത് തീപിടിത്ത ദുരന്തത്തിൽ മരണപ്പെട്ടവരുടെ ദു: ഖത്തിൽ പങ്കുചേർന്ന് പൊതുസമൂഹം. പ്രവാസ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയ൯ പറഞ്ഞു. കുവൈത്തിൽ മരിച്ച മലയാളികളുൾപ്പടെയുള്ളവരുടെ മൃതദേഹങ്ങൾ എത്തിക്കുന്ന കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇനി ഇങ്ങനെ ഒരു ദുരന്തം ആവ൪ത്തിക്കാതിരിക്കാനുള്ള മു൯കരുതലുകൾ അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികൾ. ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണവ൪. പ്രവാസികളുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഉറ്റവ൪ക്ക് താങ്ങാവുന്നതിലും അധികമാണ് ഈ ദുരിതം' പ്രവാസ ലോകം കണ്ട വലിയ ദുരന്തമാണിത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം കുവൈത്ത് സ൪ക്കാ൪ നൽകുമെന്നാണ് കരുതുന്നതെന്നും കേന്ദ്ര സ൪ക്കാരും ഫലപ്രദമായ ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ എല്ലാവരും പങ്കുചേരുന്നുവെന്നായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. അവിശ്വസനീയമായ അപകടമാണ് കുവൈത്തിലുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇത്രയും പേരുടെ മൃതശരീരങ്ങള്‍ ഒന്നിച്ച് ഏറ്റുവാങ്ങേണ്ട ദൗര്‍ഭാഗ്യമാണ് കേരളത്തിനുണ്ടായിരിക്കുന്നത്. ചിന്തിക്കാന്‍ പോലും കഴിയാത്ത ദുരന്തമാണിത്. മക്കളെയും കുടുംബത്തെയും പോറ്റുന്നതിന് വേണ്ടി വിദേശത്ത് പോയി കഷ്ടപ്പെട്ടവര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. കുടുംബങ്ങളുടെ വിവരിക്കാന്‍ കഴിയാത്ത ദുഖത്തില്‍ എല്ലാവരും പങ്കുചേരുന്നു.
കുവൈത്തിലേക്ക് പോകുന്നതിന് സംസ്ഥാന ആരോഗ്യമന്ത്രിക്ക് കേന്ദ്ര സര്‍ക്കാര്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ കേന്ദ്ര- സംസ്ഥാന പ്രതിനിധികള്‍ അവിടെ ഉണ്ടാകുകയെന്നത് ഏറ്റവും പ്രധാനമാണ്. സംസ്ഥാനത്തിന്റെ പ്രതിനിധി കൂടി ഉണ്ടായിരുന്നുവെങ്കില്‍ മലയാളി സംഘടനകളെയൊക്കെ ഏകോപിപ്പിച്ച് കുറേക്കൂടി കാര്യങ്ങള്‍ ചെയ്യാനാകുമായിരുന്നു. പ്രതിനിധിയെ അയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തന്നെ ക്ലിയറന്‍സ് നല്‍കി അവരെ അവിടെ എത്തിക്കാനുള്ള സൗകര്യമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും വി.ഡി സതീശൻ വിമർശിച്ചു.
അതേ സമയം വിവാദങ്ങൾക്ക് ഇപ്പോൾ സമയമില്ലെന്നായിരുന്നു വീണാ ജോർജുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കാര്യത്തിൽ കേന്ദ്ര സ൪ക്കാ൪ ശരിയായി ഇടപെട്ടു. കുവൈത്ത് സ൪ക്കാരും ഫലപ്രദമായി ഇടപെടൽ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി കീർത്തി വർധൻ സിംഗ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗേപി, തമിഴ്നാട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.എസ് മസ്താൻ, മന്ത്രിമാരായ പി രാജീവ്, കെ രാജൻ,റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി, തുടങ്ങിയവർ മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു.
Read More
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
- കുവൈത്ത് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ, 16 പേരെ തിരിച്ചറിഞ്ഞു
- 'മകളുടെ കോളേജ് അഡ്മിഷനായി നാട്ടിൽ വരാനിരിക്കുകയായിരുന്നു': കുവൈത്ത് ദുരന്തത്തിൽ ആശ്രയമറ്റ് കുടുംബങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.