/indian-express-malayalam/media/media_files/MunaDIjohsRofZ01dQg7.jpg)
ഫയൽ ഫൊട്ടോ
കൊച്ചി​: ഇരകള്‍ക്ക് സമയബന്ധിതമായ നീതി ഉറപ്പാക്കുന്നതിന് പ്രത്യേക കോടതികള്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള ഹൈക്കോടതിയില്‍ എസ് സി/എസ്ടി (പിഒഎ) നിയമത്തിന് കീഴിലുള്ള കേസുകളുടെ വിചാരണയ്ക്കായുള്ള പ്രത്യേക കോടതിയും, അനധികൃത സാമ്പത്തിക തട്ടിപ്പുകൾ തടയുന്നത് സംബന്ധിച്ച കേസുകളുടെ വിചാരണയ്ക്കായുള്ള പ്രത്യേക കോടതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പട്ടികവിഭാഗങ്ങളുടെ കേസുകള്‍ വിചാരണ ചെയ്യുന്നതിന് എറണാകുളത്തും, അനിയന്ത്രിത നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കായി ആലപ്പുഴയിലും സ്ഥാപിച്ച പ്രത്യേക കോടതികള്‍ നീതിന്യായ വ്യവസ്ഥയുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിരോധ വ്യവസ്ഥകള്‍ ഉണ്ടായിരുന്നിട്ടും, അന്വേഷണത്തിലെ നടപടിക്രമ കാലതാമസം, അറസ്റ്റ്, കുറ്റപത്രം സമര്‍പ്പിക്കല്‍, വിചാരണയിലെ കാലതാമസം തുടങ്ങിയ നിയമ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും ഇരകള്‍ അഭിമുഖീകരിക്കുന്ന ചില തടസങ്ങള്‍ ഇല്ലാതാക്കുന്നതില്‍ നിയമം പരാജയപ്പെട്ടിരുന്നു. അതിനാല്‍, പ്രത്യേക കോടതികള്‍ക്ക് പുറമേ എക്സ്ക്ലൂസീവ് സ്പെഷ്യല്‍ കോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്ത 2016 ലെ ഒന്നാം ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ 1989 ലെ നിയമത്തില്‍ സമഗ്രമായ ഭേദഗതികള്‍ കൊണ്ടുവന്നു. 2018ലെ 27-ാം നിയമത്തിലൂടെ ഈ നിയമം വീണ്ടും ഭേദഗതി ചെയ്തു.
വേഗത്തിലുള്ള വിചാരണകള്‍ സുഗമമാക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ നിയമത്തിലെ സെക്ഷന്‍ 14 വ്യവസ്ഥ ചെയ്യുന്നു. നെടുമങ്ങാട്, കൊട്ടാരക്കര, മണ്ണാര്‍ക്കാട്, മഞ്ചേരി, മാനന്തവാടി എന്നിവിടങ്ങളില്‍ കേരളം ഇതിനകം അത്തരം അഞ്ച് പ്രത്യേക കോടതികള്‍ സ്ഥാപിച്ചു. എറണാകുളത്തെ പുതിയ കോടതി അത്തരത്തിലുള്ള ആറാമത്തെ പ്രത്യേക കോടതിയാണ്.
അനിയന്ത്രിത നിക്ഷേപ പദ്ധതികള്‍ നിരോധിക്കുന്നതിനും നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സമഗ്രമായ ഒരു ചട്ടക്കൂട് 2019 ലെ അനിയന്ത്രിത നിക്ഷേപ പദ്ധതികളുടെ നിരോധനം (BUDS നിയമം) വ്യവസ്ഥ ചെയ്യുന്നു. നിരപരാധികളായ വ്യക്തികളെ ചൂഷണം ചെയ്യുന്ന അനധികൃത പണ നിക്ഷേപ പദ്ധതികളുടെ വ്യാപനം കണക്കിലെടുക്കുമ്പോള്‍, അത്തരം കുറ്റകൃത്യങ്ങളുടെ വിചാരണ വേഗത്തിലാക്കുന്നത് ഏറെ പ്രധാനമാണ്.
സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന പരിഹാരങ്ങള്‍ സ്വീകരിക്കുമ്പോള്‍, അവ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതും പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്ത് മുന്‍കരുതല്‍ കൂടുതല്‍ അനിവാര്യമാണ്.
ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതിയുടെ കാലഘട്ടത്തില്‍, ജനങ്ങളെ സേവിക്കുന്ന ഒരു സംവിധാനത്തിനും സാങ്കേതികവിദ്യയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. സര്‍ക്കാരിന്റെ എല്ലാ ഘടകങ്ങളും സാങ്കേതിക മുന്നേറ്റങ്ങളുമായി കൂടുതല്‍ പൊരുത്തപ്പെടേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More
- അപേക്ഷകൾ പരിഗണിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി
- വിലങ്ങാട് ഉരുൾപൊട്ടൽ; കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം
- വയനാട് ദുരന്തം: ഇനി കണ്ടെത്താനുള്ളത് 118 പേരെ, ഒഴുകിവന്ന മണ്ണിനടിയിലും പാറയുടെ അരികുകളിലും പരിശോധന
- ദുരന്തബാധിതരുടെ പുനരധിവാസം എത്രയും വേഗം നടപ്പാക്കണം; ക്വാറികളിൽ ഭൂരിഭാഗവും അനധികൃതമെന്ന് മാധവ് ഗാഡ്ഗിൽ
- യുവഡോക്ടറുടെ കൊലപാതകം;മെഡിക്കൽ കോളേജ് അടിച്ചുതകർത്തു
- വനിതാ ഡോക്ടറുടെ കൊലപാതകം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.