/indian-express-malayalam/media/media_files/2025/05/30/7icx218RiNZMh3DAFvG0.jpg)
Southwest Monsoon Updates
Southwest Monsoon Updates: കൊച്ചി: ഈ വർഷത്തെ തെക്കു പടിഞ്ഞാറൻ കാലവർഷ കലണ്ടർ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക നിഗമനം അനുസരിച്ച് വരുന്ന നാലുദിവസത്തിനിടയിൽ കാലവർഷക്കാറ്റ് പൂർണമായി ദുർബലമാകുമെന്നാണ് പ്രവചനം. അതിനിടെ ഗുജറാത്തിനും കാബെ കടലിടുക്കിനും മുകളിലും രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി വടക്കൻ കേരളത്തിൽ ചെറിയ രീതിയിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ പൊതുവേ തെളിഞ്ഞ കാലാവസ്ഥയാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ജൂൺ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടുനിന്ന കാലവർഷ കലണ്ടർ അവസാനിച്ചപ്പോൾ കേരളത്തിൽ ഇക്കുറി മഴയുടെ ലഭ്യതയിൽ കുറവ് രേഖപ്പെടുത്തി. കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച്, കാലവർഷത്തിൽ സംസ്ഥാനത്ത് ലഭിക്കേണ്ടത് 2018.6 മില്ലി മീറ്റർ മഴയാണ്. എന്നാൽ ലഭിച്ചതാകട്ടെ 1752.7 മില്ലി മീറ്റർ മഴ മാത്രമാണ്. മഴയുടെ ലഭ്യതയിൽ 13 ശതമാനം കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്.
Also Read:കാലവർഷം പിൻവാങ്ങുന്നു; രാജ്യത്ത് ഈ വർഷം എട്ട് ശതമാനം അധിക മഴ
മഴയുടെ ലഭ്യതയിൽ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് സെപ്റ്റംബറിലാണ്. 24ശതമാനം മഴയുടെ കുറവാണ് സെപ്റ്റംബറിൽ രേഖപ്പെടുത്തിയത്. ഓഗസ്റ്റിൽ 20ശതമാനവും ജൂലൈയിൽ 13ശതമാനവും ജൂണിൽ നാല് ശതമാനവും കുറവ് രേഖപ്പെടുത്തി. മുൻ വർഷങ്ങളിലും കാലവർഷത്തിൽ സംസ്ഥാനത്ത് മഴയുടെ ലഭ്യതയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. 2024-ൽ 1748.2 മില്ലിമീറ്ററും 2023-ൽ 1326.1 മില്ലി മീറ്ററും മഴയാണ് ലഭിച്ചത്
അതേസമയം, കലണ്ടറിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി കാലവർഷം വളരെ നേരത്തെ കേരളത്തിൽ എത്തിയിരുന്നു. സാധാരണ ജൂൺ ആദ്യവാരത്തിൽ ആരംഭിക്കുന്ന കാലവർഷം ഇക്കുറി മേയ് 24 എത്തി. മെയ് 24 മുതൽ മെയ് 31 വരെയുള്ള ദിവസങ്ങളിൽ 440.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കണക്ക് പ്രകാരം ഇത് വേനൽമഴയിലാണ് രേഖപ്പെടുത്തുന്നത്. അതിനാൽ കാലവർഷ കണക്കിൽ മഴകുറഞ്ഞെങ്കിലും സംസ്ഥാനത്ത് ജലലഭ്യത കൂടി. മേയ് 24 മുതൽ സെപ്റ്റംബർ 30 പ്രകാരമുള്ള കണക്ക് പ്രകാരം സംസ്ഥാനത്തു 2193 മില്ലി മീറ്റർ മഴ ലഭിച്ചു.
Also Read:നൂറ് ദിവസം പിന്നിട്ട് കാലവർഷം; കൂടുതൽ മഴ കാസർകോട്, കുറവ് കൊല്ലത്ത്
കാലവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് കോഴിക്കോട് കക്കയത്താണ്. 6594 മില്ലി മീറ്റർ മഴയാണ് കക്കയത്ത് ലഭിച്ചത്. ജില്ല തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ, കണ്ണൂരിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. 2988 മില്ലി മീറ്റർ മഴയാണ് കണ്ണൂരിൽ ലഭിച്ചത്. കാസർകോട് 2781 മില്ലിമീറ്റർ മഴ ലഭിച്ചു. സീസണിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരത്താണ്. 850 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. സാധാരണ മഴ കൂടുതലായി ലഭിക്കുന്ന ഇടുക്കിയിൽ ഇക്കുറി മഴയിൽ 35 ശതമാനം കുറവ് രേഖപ്പെടുത്തി. വയനാട്ടിൽ 36 ശതമാനവും കുറവ്് രേഖപ്പെടുത്തി.
ഇക്കുറി 18 ന്യൂനമർദ്ദങ്ങൾ
കാലവർഷ സീസണിൽ ഇക്കുറി രാജ്യത്ത് രൂപപ്പെട്ടത് പതിനാല് ന്യൂനമർദ്ദങ്ങളാണ്. ജൂണിൽ അഞ്ച് ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടു. ഇതിൽ മൂന്നെണ്ണം ബംഗാൾ ഉൾക്കടലിലും രണ്ടെണ്ണം അറബിക്കടലിലുമാണ്. ജൂലൈയിലും അഞ്ച് ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടു. ഇതിൽ നാലെണ്ണം തീവ്ര ന്യൂനമർദ്ദമായി മാറി. മൂന്നെണ്ണം കരയിലും ഒരെണ്ണം ബംഗാൾ ഉൾക്കടലിലുമാണ് രൂപപ്പെട്ടത്.
Also Read:റൂട്ട് മാറ്റി കാലവർഷം; ഓഗസ്റ്റിൽ ഏറ്റവുമധികം മഴ എറണാകുളത്ത്
ഓഗസ്റ്റിൽ നാല് ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടപ്പോൾ അവയിൽ ഒരെണ്ണം തീവ്ര ന്യൂനമർദ്ദമായി മാറി. ഇതിൽ മൂന്ന് ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലാണ് രൂപപ്പെട്ടത്. സെപ്റ്റംബറിൽ നാല് ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടപ്പോൾ ഒരെണ്ണം തീവ്ര ന്യുന മർദ്ദവും ഒരെണ്ണം അതി തീവ്ര ന്യുന മർദ്ദവുമായി ശക്തി പ്രാപിച്ചു. ഇത് കൂടാതെ ന്യുനമർദ്ദങ്ങളായി മാറാത്ത ചക്രവാത ചുഴികളും ഇത്തവണ മികച്ച കാലവർഷം ലഭിക്കാൻ കാരണമായി.
തുലാവർഷം ഒക്‌ബോബർ അവസാനത്തോടെ
സംസ്ഥാനത്ത് തുലാവർഷം ഒക്ടോബർ അവസാനത്തോടെ സജീവമാകുമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിലെ കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു. " ഇത്തവണ തുലാവർഷം സാധാരണയിൽ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ട്. കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യയിൽ 12% വരെ അധികം ലഭിക്കാൻ സാധ്യതയുണ്ട്." - രാജീവൻ എരിക്കുളം പറഞ്ഞു.
Read More:ശബരിമല സ്വർണ്ണപ്പാളി വിവാദം; തന്റെ വീട്ടിൽ പൂജ നടന്നിട്ടില്ലെന്ന് ജയറാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.