/indian-express-malayalam/media/media_files/2025/05/29/Qf8GkHIodRygiCAAI1PK.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്കുനേരെ കോടതി മുറിക്കുള്ളിൽ നടന്ന അതിക്രമ ശ്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് ചീഫ് ജസ്റ്റിസിനുനേരെ ചീറ്റിയതെന്നും, നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി അതിക്രമത്തെ ചുരുക്കി കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
"ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്കുനേരെ കോടതി മുറിയിൽ നടന്ന അക്രമ ശ്രമത്തെ ശക്തമായി അപലപിക്കുന്നു. സനാതന ധർമ്മത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോർട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാൻ കഴിയില്ല. സംഘപരിവാറിന്റെ വിഷലിപ്തമായ വർഗ്ഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്.
വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉൽപ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ. ആർഎസ്എസും അതിൻ്റെ പരിവാരവും നൂറു വർഷംകൊണ്ടു സൃഷ്ടിച്ചുവെച്ച അസഹിഷ്ണുതയാണ് ഇതിൻ്റെ ഇന്ധനം. മഹാത്മാഗാന്ധിക്കു നേരെ നിറയൊഴിക്കാൻ മടിച്ചിട്ടില്ലാത്ത വർഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓർമ്മിപ്പിക്കുന്ന സംഭവമാണ് സുപ്രീം കോടതിയിൽ ഇന്നുണ്ടായത്.
Also Read: സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണം; പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി
ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസ്സാരവൽക്കരിക്കാനാവില്ല. സംഘപരിവാർ മുന്നോട്ടുവെക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതും," മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Also Read: ഓണം ബമ്പർ അടിച്ച ഭാഗ്യവാൻ ആലപ്പുഴയിൽ; തുറവൂർ സ്വദേശിക്ക് 25 കോടി
രാകേഷ് കിഷോർ എന്ന 71 കാരനായ അഭിഭാഷകനാണ് ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിഞ്ഞതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിൽ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലെ ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങളിൽ അഭിഭാഷകന് അതൃപ്തിയുണ്ടായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സനാതനധർമത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുന്നു എന്ന് അഭിഭാഷകൻ ആരോപിച്ചു. ഇതേ തുടർന്നാണ് ഷൂ എറിഞ്ഞതെന്നാണ് വിവരം.
Read More: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.