/indian-express-malayalam/media/media_files/2025/08/23/shafi-rahul-2025-08-23-14-54-21.jpg)
ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിലിൽ
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതികൾ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ആരോപണം ഉയർന്നപ്പോൾ രാഹുൽ ധാർമികത ഉയർത്തിപ്പിടിച്ച് രാജി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും അത് നേതൃത്വം അംഗീകരിച്ചെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടേ എന്ന ചോദ്യത്തിന് മറ്റ് പാർട്ടികൾക്ക് അത്തരമൊരു ആവശ്യം മുന്നോട്ടുവയ്ക്കാൻ അർഹതയില്ലെന്നായിരുന്നു ഷാഫിയുടെ മറുപടി. ആരോപണവിധേയരെ സിപിഐഎം ചെയ്യുന്നതുപോലെ സംരക്ഷിച്ച് പിടിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും ഇതുകൊണ്ടൊന്നും കോൺഗ്രസിനെ നിർവീര്യമാക്കാനാകില്ലെന്നും ഷാഫി പറമ്പിൽ വടകരയിൽ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുലിനെതിരെ ആരോപണം വന്നപ്പോൾ താൻ ബിഹാറിലേക്ക് ഒളിച്ചോടി എന്ന് പറയുന്നത് ശരിയല്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ബിഹാറിൽ കോൺഗ്രസ് നടത്തി വരുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഗൗരവം അറിയാത്തവരല്ല കേരളത്തിലെ മാധ്യമങ്ങൾ. ആ യാത്രയിൽ ഭാഗമാകുക എന്നത് തന്റെ ഉത്തരവാദിത്തമാണ്. ഡൽഹിയിൽ നിന്ന് ബിഹാറിലേക്ക് പോകാൻ എളുപ്പമായതിനാലാണ് പാർലമെന്ററി സമ്മേളനം കഴിഞ്ഞുടൻ അങ്ങോട്ട് തിരിച്ചത്. തിരികെ വന്നയുടൻ മാധ്യമങ്ങളെ കാണാൻ തയ്യാറാകുന്നു. ബിഹാറിലേക്ക് മുങ്ങി എന്ന് പറയുന്നത് ശരിയാണോ എന്ന് മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Also Read:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കോൺഗ്രസ്; എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല
മാധ്യമങ്ങളെ എല്ലാ കോൺഗ്രസ് നേതാക്കളും വരിവരിയായി നിന്ന് കാണണമെന്നുണ്ടോ എന്നും വിഷയത്തിൽ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും അന്നുതന്നെ പ്രതികരിച്ചില്ലേ എന്നും ഷാഫി പറമ്പിൽ ചോദിച്ചു. ഇന്നും തനിക്കെതിരെ പ്രതിഷേധമുണ്ടായില്ലേ എന്നിട്ടും ആരും ഒളിച്ചോടിയില്ലല്ലോ എന്നും പ്രതിഷേധങ്ങളേയും മാധ്യമങ്ങളേയും ധാരാളം കണ്ടിട്ടുള്ളതാണെന്നും അദ്ദേഹം തിരിച്ചടിച്ചു.
Also Read: യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
കോടതി തീരുമാനമോ എഫ്ഐആറോ അന്വേഷണമോ വരുന്നതിന് മുൻപുതന്നെ ആരോപണ വിധേയൻ രാജിസന്നദ്ധത അറിയിക്കുകയും ഉടൻ രാജി പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഇത് സിപിഎം നേതാവായിരുന്നു ചെയ്തിരുന്നതെങ്കിൽ കണ്ടോ എഫ്ഐആറില്ലാത്ത രാജി എന്ന് പറഞ്ഞ് ധാർമികയുടെ ക്ലാസെടുത്തേനെ. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ആരോപണവിധേയൻ ഇപ്പോൾ തുടരുന്നില്ല. എന്നിട്ടും ഇപ്പോൾ കോൺഗ്രസിനെ ധാർമികത പഠിപ്പിക്കാനാണ് ഒരുകൂട്ടം ആളുകൾ ശ്രമിക്കുന്നത്. ഗോവിന്ദൻ മാഷിന്റെ ഉൾപ്പെടെ പ്രതികരണങ്ങൾ ജനം വിലയിരുത്തുന്നുണ്ട്. വിഷയത്തിന്റെ ധാർമികതയാണ് ഇവരുടെ വിഷയമെങ്കിൽ രാജി ഉണ്ടായിട്ടുണ്ട്. ഇനി കോൺഗ്രസിനെ നിർവീര്യമാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെങ്കിൽ അത് നടക്കില്ലെന്നും ഷാഫി പറഞ്ഞു.
സർക്കാരിന്റെ മോശം ചെയ്തികളെ വിമർശിക്കുന്നതിൽ നിന്ന് ഈ വിവാദം കൊണ്ടൊന്നും കോൺഗ്രസിനെ തടയാനാകില്ലെന്നും ഷാഫി പറഞ്ഞു. സിപിെഎം അജണ്ടയുടെ ഭാഗമായി ചില മാധ്യമങ്ങൾ നിൽക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജിയ്ക്ക് അപ്പുറവും കോൺഗ്രസിന്റെ ധാർമികതയെ ചോദ്യം ചെയ്യുന്നതിന് പിന്നിലെ ലക്ഷ്യം സദുദ്ദേശത്തോടെയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. കത്ത് വിവാദം ഉൾപ്പെടെ ഈ ആരോപണങ്ങൾകൊണ്ട് മറയ്ക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: യുവനടിയുടെ ആരോപണം; മുഖം നോക്കാതെ നടപടിയെടുക്കും: വിഡി സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us