scorecardresearch

അക്വേറിയങ്ങളിലെ 'കടൽ സുന്ദരികളെ' ഇനി കൃത്രിമമായി പ്രജനനം നടത്താം, നേട്ടം കൈവരിച്ച് സിഎംഎഫ്ആർഐ

അക്വേറിയങ്ങളിലെ കടൽ സുന്ദരികളായി അറിയപ്പെടുന്ന അസ്യൂർ ഡാംസെൽ, ഓർണേറ്റ് ഗോബി എന്നീ മീനുകളുടെ വിത്തുൽപാദന സാങ്കേതികവിദ്യയാണ് സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകർ വികസിപ്പിച്ചത്

അക്വേറിയങ്ങളിലെ കടൽ സുന്ദരികളായി അറിയപ്പെടുന്ന അസ്യൂർ ഡാംസെൽ, ഓർണേറ്റ് ഗോബി എന്നീ മീനുകളുടെ വിത്തുൽപാദന സാങ്കേതികവിദ്യയാണ് സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകർ വികസിപ്പിച്ചത്

author-image
WebDesk
New Update
news

മറൈൻ അക്വേറിയങ്ങളിലെ ജനപ്രിയ മീനാണ് ഓർണേറ്റ് ഗോബി

കൊച്ചി: സമുദ്ര അലങ്കാരമത്സ്യ മേഖലയിൽ നിർണായക നേട്ടവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഉയർന്ന വിപണി മൂല്യമുള്ള കടൽ വർണമത്സ്യങ്ങളായ ഡാംസെൽ, ഗോബി വിഭാഗങ്ങളിൽപെട്ട രണ്ട് മീനുകളുടെ കൃത്രിമ വിത്തുൽപാദനം സിഎംഎഫ്ആർഐ വിജയകരമായി പൂർത്തിയാക്കി. അക്വേറിയങ്ങളിലെ കടൽ സുന്ദരികളായി അറിയപ്പെടുന്ന അസ്യൂർ ഡാംസെൽ, ഓർണേറ്റ് ഗോബി എന്നീ മീനുകളുടെ വിത്തുൽപാദന സാങ്കേതികവിദ്യയാണ് സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകർ വികസിപ്പിച്ചത്.

Advertisment

അക്വേറിയം ഇനങ്ങളിൽ ആവശ്യക്കാരേറെയുള്ളതും അലങ്കാരമത്സ്യ പ്രേമികളുടെ ഇഷ്ട മീനുകളുമാണ് ഇവ രണ്ടും. ആകർഷകമായ വർണങ്ങളും ചലനങ്ങളിലെ ചടുലതയുമാണ് ഇവയെ അക്വേറിയം മീനുകളിലെ സുന്ദരികളാക്കി മാറ്റുന്നത്. കടലിൽ പവിഴപ്പുറ്റുകളോടൊപ്പമാണ് അസ്യൂർ ഡാംസലിന്റെ ആവാസകേന്ദ്രം. കടുംനീല-മഞ്ഞ നിറങ്ങളും നീന്തുന്ന രീതികളുമാണ് പ്രധാന ആകർഷണീയത. അമിത ചൂഷണഫലമായി വംശനാശഭീഷണിക്കരികിലാണ്. ഒരു മീനിന് 350 രൂപ വരെയാണ് ഇതിന്റെ വില. വിദേശ വിപണിയിൽ മീനൊന്നിന് 25 ഡോളർ വരെ ലഭിക്കും.

മറൈൻ അക്വേറിയങ്ങളിലെ ജനപ്രിയ മീനാണ് ഓർണേറ്റ് ഗോബി. തിളങ്ങുന്ന കണ്ണുകളും നീലയും തവിട്ട്-ചുവപ്പ്-വെള്ള നിറങ്ങളിലുള്ള പുള്ളികൾ കൊണ്ട് അലങ്കരിച്ച ശരീരവുമാണ് ഈ മീനിന്റെ ദൃശ്യഭംഗി കൂട്ടുന്നത്. കൗതുകകരമായ ചലനങ്ങളും പെരുമാറ്റവും കാരണം ടാങ്കുകളിൽ കാഴ്ചക്കാരെ ആകർഷിക്കും. അക്വേറിയങ്ങളിൽ അടിയുന്ന മണൽ തുടച്ചെടുത്ത് ടാങ്കുകളെ വൃത്തിയായി സൂക്ഷിക്കുന്നതിലും മിടുക്കിയാണ്. മീനൊന്നിന് 250 രൂപവരെ വിലയുണ്ട്.

ഉയർന്ന ആവശ്യകതയും വിപണി മൂല്യവും താരതമ്യേന കുറഞ്ഞ ഉൽപാദനച്ചെലവുമാണ് ഈ മീനുകൾക്ക്. അതിനാൽ, ഇവയുടെ വിത്തുൽപാദനവും വിപണിയും സംരംഭകരെ ആകർഷിപ്പിക്കുന്നതാണ്. സിഎംഎഫ്ആർഐയുടെ സാമ്പത്തിക സാധ്യതാപഠനപ്രകാരം, 24000 മത്സ്യക്കുഞ്ഞുങ്ങളെ പ്രതിവർഷം ഉൽപ്പാദിപ്പിക്കുന്ന ഇടത്തരം വിത്തുൽപാദന യൂണിറ്റിൽ നിന്ന് ഏകദേശം 12 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടാക്കാനാകും.

Advertisment

അക്വേറിയം സംരംഭകർക്കും അലങ്കാരമത്സ്യ കർഷകർക്കും ഇവയുടെ വിത്തുൽപാദനം സ്വന്തമായി നടത്താവുന്ന രീതിയിൽ സാങ്കേതികവിദ്യ സിഎംഎഫ്ആർഐ ആവശ്യക്കാർക്ക് കൈമാറും. ഈ മേഖലയിലുള്ളവർക്ക് സാങ്കേതികവിദ്യ എളുപ്പത്തിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രോട്ടോകോളും സിഎംഎഫ്ആർഐ വികസിപ്പിച്ചിട്ടുണ്ട്. കർഷകരിലേക്ക് വ്യാപകമായി ഈ സാങ്കേതികവിദ്യ കൈമാറുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും സിഎംഎഫ്ആർഐ ഒരുക്കമാണെന്ന് വിഴിഞ്ഞം പ്രാദേശിക കേന്ദ്രം മേധാവി ഡോ ബി സന്തോഷ് പറഞ്ഞു.  

Read More

Fish

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: