/indian-express-malayalam/media/media_files/zNtLiRmbB7IXZAx76LrC.jpg)
സജി ചെറിയാൻ
കൊച്ചി: മല്ലപ്പള്ളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി ശരിവച്ചു. തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു. സത്യസന്ധനായ ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണം. കുന്തം, കുടചക്രം എന്നീ വാക്കുകൾ ഉപയോഗിച്ചത് ഏത് സാഹചര്യത്തിലെന്ന് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
സജി ചെറിയാനെതിരായ പോലീസിന്റെ കേസ് അന്വേഷണ റിപ്പോർട്ട് കോടതി തള്ളി. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നുമായിരുന്നു പൊലീസ് റിപ്പോർട്ട്. ഭരണഘടനയെ വിമർശിക്കാൻ അവകാശമുണ്ടെന്ന് ജില്ലാ പ്ലീഡറുടെ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ടാണ് കോടതി തള്ളിയത്. അന്വേഷണത്തിൽ പാളിച്ചയുണ്ടായെന്നും പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും സാക്ഷികളായ മാധ്യമപ്രവർത്തകരുടെ മൊഴി എടുക്കാത്തതും തെറ്റെന്നും കോടതി വ്യക്തമാക്കി.
പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് സജി ചെറിയാൻ വിവാദ പരാമർശം നടത്തിയത്. വിവാദ പ്രസംഗത്തെ തുടർന്ന് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു. പിന്നീട് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.
”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് ഞാൻ പറയും. ബ്രിട്ടീഷുകാർ തയാറാക്കിക്കൊടുത്തൊരു ഭരണഘടന ഇന്ത്യക്കാർ എഴുതിവച്ചു. അതിന്റെ ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ആരു പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. അതിൽ കുറച്ച് മുക്കിലും മൂലയിലുമൊക്കെയായി ഇച്ചിരി ഗുണങ്ങളൊക്കെ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയിൽ എഴുതിവച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായി കൊള്ളയടിക്കാൻ പറ്റിയതാണ് ഭരണഘടന, അതുകൊണ്ടാണ് അംബാനിയും അദാനിയും ഒക്കെ വളർന്നു വരുന്നത്,” എന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്.
Read More
- വയനാട് ഭക്ഷ്യ വിഷബാധ: സ്കൂൾ അധികൃതര്‍ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് വിലയിരുത്തൽ; റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
- ശബരിമലയിൽ കുട്ടികൾക്ക് കരുതലായി പൊലീസിൻ്റെ ബാൻഡ്
- വിധിയെഴുതി പാലക്കാട്; പോളിങ് ശതമാനം കഴിഞ്ഞ വർഷത്തേക്കാൾ കുറവ്
- തീവ്രവാദ നിലപാടിന്റെ ഭാഷയും സ്വീകരിച്ച് ഇങ്ങോട്ട് വരേണ്ട: സാദിഖലി തങ്ങള്‍ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.