/indian-express-malayalam/media/media_files/2024/11/20/qFY6fPiuifz14VS0qtHu.jpg)
മല കയറി തിരികെ വാഹനത്തിൽ കയറുന്നതുവരെ കൈയിലെ ബാൻഡ് സൂക്ഷിക്കണം
ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പൊലീസിൻ്റെ പ്രത്യേക കരുതൽ. പമ്പയിൽ നിന്ന് മലകയറുന്ന പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് വിടുന്നത്. തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാൻ ഇതുവഴി കഴിയും.
കൂട്ടം തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റു സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ ഇതുവഴി സാധിക്കും. മല കയറി തിരികെ വാഹനത്തിൽ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയൽ ബാൻഡ് കളയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
അമ്പതിന്റെ നിറവിൽ സന്നിധാനം പോസ്റ്റ് ഓഫീസ്
മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രം പ്രവർത്തിക്കുന്ന സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് 50 വർഷമാകുന്നു. 1974 ലെ മണ്ഡലകാലത്താണ് പൂർണ്ണ സംവിധാനങ്ങളോടെ ഇവിടെ തപാൽ ഓഫീസ് തുടങ്ങിയത്. സ്വാമി അയ്യപ്പൻ, ശബരിമല സന്നിധാനം, 689713 എന്ന വിലാസത്തിൽ അയ്യപ്പന് ഭക്തർ അയക്കുന്ന കത്തുകളും കാണിക്കയായുള്ള മണിയോർഡറുകളും എല്ലാ സീസണിലും ഇവിടെ ലഭിക്കും.
പതിനെട്ടാം പടിക്കു മുകളിൽ അയ്യപ്പ വിഗ്രഹമുള്ള ഇവിടത്തെ തപാൽ മുദ്രയും പ്രത്യേകതയാണ്. ഒരു പോസ്റ്റ് മാസ്റ്റർ അടക്കം നാലു ജീവനക്കാരാണ് ഇവിടെ ഉണ്ടാവുക. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ സ്വാമി അയ്യപ്പനുള്ള സന്ദേശങ്ങൾ തപാൽ മാർഗ്ഗം ഭക്തർ അയക്കാറുണ്ട്.
ഇവ ദേവസ്വം അധികൃതർക്ക് കൈമാറും.
സന്നിധാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടികൾ
സന്നിധാനത്ത് വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി. ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പിടിച്ചെടുത്ത 11 ഭക്ഷ്യ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. സന്നിധാനത്തെ ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും അരവണ പ്ലാന്റ്, അന്നദാന കേന്ദ്രങ്ങൾ എന്നിവയിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി.
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, ശുചിത്വം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് സന്നിധാനത്തെ ഹോട്ടലുകളിൽ ജോലിചെയ്യുന്ന 40 പേർക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. ഭക്ഷണം പാചകം ചെയ്യുമ്പോൾ ശുചിത്വം പാലിക്കേണ്ട രീതികൾ, ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കൈകാര്യം ചെയ്യുന്ന രീതി എന്നിവ സംബന്ധിച്ച് ഇവർക്ക് പരിശീലനം നൽകി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us