/indian-express-malayalam/media/media_files/uploads/2018/11/Rehana.jpg)
കൊച്ചി: ഫെയ്‌സ്ബുക്കിൽ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രം പോസ്റ്റ് ചെയ്ത കേസിൽ രഹ്ന ഫാത്തിമയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽനിന്നും പത്തനംതിട്ട പൊലീസാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി രഹ്നയെ പത്തനംതിട്ട ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഈ കേസിൽ രഹ്ന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നവംബർ 16ന് ഹൈക്കോടതി തളളിയിരുന്നു. രഹ്നയ്ക്കെതിരെ നടപടി എടുക്കാൻ പൊലീസിന് കോടതി നിർദേശവും നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കറുപ്പ് വസ്ത്രം ധരിച്ച ചിത്രം സെപ്റ്റംബർ 30 ന് രഹ്ന ഫാത്തിമ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 'തത്വമസി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം അയ്യപ്പ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് അന്ന് തന്നെ വിമർശനം ഉയർന്നിരുന്നു.
ഇതിന് പിന്നാലെ ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോൻ രഹ്നയ്ക്കെതിരെ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 22 ന് പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പിന്നീട് രഹ്ന ഫാത്തിമ ശബരിമലയിൽ ദർശനത്തിനായി പോയി. ഐജി ശ്രീജിത്തിനായിരുന്നു അന്ന് നിലയ്ക്കലിൽ ചുമതല. ശ്രീജിത്ത് രഹ്ന ഫാത്തിമയെ സന്നിധാനത്ത് നടപ്പന്തൽ വരെ എത്തിച്ചു. എന്നാൽ പ്രതിഷേധം ശക്തമായതോടെ രഹ്ന ഫാത്തിമയെ പൊലീസ് തിരിച്ചിറക്കി.
രഹ്ന ഫാത്തിമ ശബരിമലയിൽ പോയതിന് പിന്നാലെ ഇവർ കൊച്ചിയിൽ താമസിച്ചിരുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്സിന് നേരെ ആക്രമണം ഉണ്ടായിരുന്നു. വീട്ടിൽ ഈ സമയത്ത് ആരും ഉണ്ടായിരുന്നില്ല. സ്വീകരണ മുറിയിലും പുറത്തുമുണ്ടായിരുന്ന വസ്തുക്കൾ പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം അക്രമികൾ രക്ഷപ്പെട്ടു. എന്നാൽ ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആക്രമണത്തെ കുറിച്ച് കൂടുതൽ വായിക്കാം
രഹ്ന ഫാത്തിമയെ പോലുളള ആക്ടിവിസ്റ്റുകളല്ല, ഭക്തരായ സ്ത്രീകളാണ് ശബരിമലയിലേക്ക് വരേണ്ടതെന്നും ആക്ടിവിസ്റ്റുകൾക്ക് സമരം ചെയ്യാനുളള വേദിയല്ല ശബരിമലയെന്നും മന്ത്രി കടകംപളളി സുരേന്ദ്രൻ നിലപാടെടുത്തിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.