പമ്പ: ഐജിയുടെ നേതൃത്വത്തിലുളള പൊലീസ് അകമ്പടിയോടെ ഹൈദരാബാദില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകയും മലയാളിയായ യുവതിയും ശബരിമല കയറുന്നു. യുവതികൾ വരുന്നതറിഞ്ഞ് ശബരിമല സന്നിധാനത്ത് ഭക്തർ ശരണം വിളികളുമായി പ്രതിഷേധിക്കുകയാണ്. സ്ത്രീകളും കുട്ടികളും അടക്കം ഈ സംഘത്തിലുണ്ട്.

മോജോ ജേര്‍ണലിസ്റ്റ് കവിതയാണ് ശബരിമലയിലേക്ക് കാനനപാതയിലൂടെ നടക്കുന്ന യുവതികളിൽ ഒരാൾ. പൊലീസ് വേഷത്തിലാണ് ഇവർ പോകുന്നത്. മലയാളിയായ മറ്റൊരു യുവതിയും ഭർത്താവും ഇവർക്കൊപ്പമുണ്ട്.

തൊഴിൽ പരമായ ആവശ്യത്തിനാണ് കവിത മല കയറുന്നതെന്നാണ് വിവരം. ഇരുമുടിക്കെട്ടുമേന്തിയാണ് മലയാളിയായ യുവതി മല കയറുന്നത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷ വലയത്തിലാണ് ഇവർ മല കയറുന്നത്. ഇന്നലെ രാത്രിയാണ് കവിതയും മറ്റ് രണ്ടുപേരും സന്നിധാനത്തെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

യുവതികളുമായി മുന്നോട്ട് നീങ്ങിയ പൊലീസ് സംഘത്തെ തടയാൻ മരക്കൂട്ടത്ത് വച്ച് തിരുവനന്തപുരം സ്വദേശി ശ്രമിച്ചു. എന്നാൽ ഇയാളെ പൊലീസ് ഇവിടെ നിന്ന് നീക്കി.

ഒരുകിലോമീറ്ററെങ്കിലും മുന്നോട്ട് പോയി റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു കവിത ഇന്നലെ രാത്രി ആവശ്യപ്പെട്ടത്. പക്ഷെ രാത്രി ഒന്‍പത് മണിക്ക് പോകുന്നത് സുരക്ഷിതമല്ലെന്ന് കാട്ടി രാവിലെ പോകാമെന്ന് ഐജി അറിയിച്ചു. രാവിലെ പോകാൻ തയ്യാറാണെങ്കിൽ ഐജി നേരിട്ട് വരാമെന്ന് അറിയിച്ചു.

ഇരുമുടിക്കെട്ടുമായി മറ്റൊരു സ്ത്രീയും സന്നിധാനത്തേക്ക് പൊലീസിന്‍റെ അകമ്പടിയോടെ മലകയറുന്നുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല. ശബരിമല കയറാനായി സൂര്യ ദേവ എന്ന ഭക്തയും പമ്പ പൊലീസിലെത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. എന്നാല്‍ ഇവര്‍ എപ്പോള്‍ മലകയറും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

സന്നിധാനത്ത് നിന്ന് ഭക്തർ ഇവരെ തടയാൻ മലയിൽ നിന്നും തിരക്കിട്ട് താഴേക്കിറങ്ങുന്നുണ്ട്. കവിതയും കൊച്ചി സ്വദേശിനിയായ യുവതിയും ഇപ്പോൾ ഒന്നര കിലോമീറ്റർ പിന്നിട്ടു കഴിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.