സന്നിധാനം: ശബരിമലയിലേക്ക് രണ്ട് യുവതികളുമായി പോയ പൊലീസ് സംഘത്തെ വിമർശിച്ച് മന്ത്രി കടകംപളളി സുരേന്ദ്രൻ. ഹൈദരാബാദിൽ നിന്നുളള മാധ്യമപ്രവർത്തക കവിത ദത്തയും കൊച്ചിയിൽ നിന്നുളള യുവതിയുമാണ് മല കയറിയത്.
ശബരിമലയിലേക്ക് വന്നത് രണ്ട് ആക്ടിവിസ്റ്റുകളാണെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുളള ഇടമായി ശബരിമല സന്നിധാനത്തെ കാണരുതെന്ന് മന്ത്രി പറഞ്ഞു.
ആദ്യ ദിവസം ആന്ധ്രയിൽ നിന്നെത്തിയ മാധവിയെ ശബരിമല സന്നിധാനത്തേക്ക് എത്തിക്കാൻ സാധിക്കാത്തത് പൊലീസിന്റെ വീഴ്ചയാണ്. ഇന്ന് ശബരിമലയിലേക്ക് പോയത് കൊച്ചിയിൽ നിന്നുളള ആക്ടിവിസ്റ്റാണെന്നും മന്ത്രി പറഞ്ഞു. വിശ്വാസികളുടെ ആഗ്രഹം സംരക്ഷിക്കാനാണ് സർക്കാരിന്റെ ശ്രമം. അത് സർക്കാർ ചെയ്യും.
ശബരിമലയിലെത്തുന്ന വിശ്വാസികളെയും ആക്ടിവിസ്റ്റുകളെയും ബോധപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാൻ വരുന്നവരാണെന്ന് തിരിച്ചറിയാൻ സാധിക്കില്ല. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. വിശ്വാസികളെ ശബരിമലയിലേക്ക് എത്തിക്കാനുളള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ല. ശബരിമലയെന്ന പുണ്യഭൂമിയെ യുദ്ധക്കളമാക്കാൻ താത്പര്യമില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാർ നിയമവിധേയമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ്. ഭരണഘടനയും നിയമവ്യവസ്ഥയും പാലിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. അത് പാലിച്ചേ പറ്റൂ. വിശ്വാസികൾക്ക് ക്ഷേത്ര ദർശനം നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. എന്നാൽ ആക്ടിവിസ്റ്റുകളുടെ വാശി തീർക്കാൻ സംരക്ഷണം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്നും മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു.