/indian-express-malayalam/media/media_files/weather-today-05.jpg)
Kerala Rains Updates
Kerala Rains Updates: തിരുവന്തപുരം: സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. ഇന്ന് 11 ജില്ലകളിൽ മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലൊ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കുകിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള കേരള, കർണാടക, തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്ക് മുകളിലുമായും നിലനിന്നിരുന്ന ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറിയിട്ടുണ്ട്. മാന്നാർ കടലിടുക്കിനു മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടു. ഇതോടെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിക്കും.
പലയിടത്തും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശ പ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറിത്താമസിക്കണമെന്നും നിർദേശമുണ്ട്.
Also Read: ഗുഡ്‌ബൈ മൺസൂൺ; കണക്കിൽ മഴ കുറവെങ്കിലും സംസ്ഥാനത്ത് ജലലഭ്യത കൂടി
ഇടുക്കി കുമളിയിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ കടകളിലും വീടുകളിലും വെള്ളം കയറി. ഒന്നാം മൈൽ ഭാഗത്തെ കടകളിലാണ് വെള്ളം കയറിയത്. ഒട്ടകത്തലമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും കുത്തിയൊഴുകി മലവെള്ളമെത്തിയതോടെയാണ് വീടുകളിൽ വെള്ളം കയറിയത്. ഒന്നാം മൈൽ, വലിയകണ്ടം, മഹിമ റോഡ് തുടങ്ങിയ ഭാഗത്തെ പല വീടുകളിലും വെള്ളം കയറി. കുമളി ടൗണിലെ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കുമളി ചെളിമടയ്ക്ക് സമീപം കെ കെ റോഡിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.
Also Read:കൂത്തുപറമ്പിൽ വയോധികയുടെ മാല കവർന്ന സിപിഎം കൗൺസിലർ അറസ്റ്റിൽ; പാർട്ടിയിൽ നിന്ന് പുറത്താക്കി
മലയോര മേഖലയിൽ കനത്ത നാശമാണ് രണ്ട് ദിവസമായി പെയ്യുന്ന തുലാമഴ വരുത്തിയത്. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ പെയ്ത അതിതീവ്ര മഴയെ തുടർന്ന് നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ വെള്ളമിറങ്ങി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുകയും വാഹനങ്ങൾ ഒലിച്ചു പോകുകയും ചെയ്തു. ജലനിരപ്പുയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്ഫിൽവേയിലെ 13 ഷട്ടറുകളും തുറന്നു. കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് ഇടുക്കിയിലെ കുമളി, നെടുങ്കണ്ടം മേഖലകളിലാണ് മലവെല്ലപ്പാച്ചിലിൽ നാശനഷ്ടങ്ങളുണ്ടായത്.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലും ശക്തമായ മഴ തുടരുകയാണ്. പുതുപ്പാടി,കണ്ണപ്പൻകുണ്ട്,കോടഞ്ചേരി ,അടിവാരം മേഖലകളിലാണ് കനത്ത മഴ പെയ്തത്. മലവെള്ളപ്പാച്ചിലിനെ തുടർന്ന് പുതുപ്പാടി മണൽ വയൽ പാലത്തിൻറെ മുകളിൽ വെള്ളം കയറി. പേരാമ്പ്ര കൂരാച്ചുണ്ട് മേഖലയിലും മഴ ശക്തമാണ്. മലയോരമേഖലയിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Read More:ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന നടത്തി എസ്‌ഐടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.