scorecardresearch

കൂത്തുപറമ്പിൽ വയോധികയുടെ മാല കവർന്ന സിപിഎം കൗൺസിലർ അറസ്റ്റിൽ; പാർട്ടിയിൽ നിന്ന് പുറത്താക്കി

അടുക്കള ഭാഗത്തിരുന്ന് മീൻ വൃത്തിയാക്കുകയായിരുന്ന വയോധികയുടെ പിന്നിലൂടെയെത്തിയ രാജേഷ്, കഴുത്തിൽ പിടിച്ച് മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു

അടുക്കള ഭാഗത്തിരുന്ന് മീൻ വൃത്തിയാക്കുകയായിരുന്ന വയോധികയുടെ പിന്നിലൂടെയെത്തിയ രാജേഷ്, കഴുത്തിൽ പിടിച്ച് മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു

author-image
WebDesk
New Update
robbery

പ്രതീകാത്മക ചിത്രം

കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെ സ്വർണമാല കവർന്ന കേസിൽ സിപിഎം കൗൺസിലർ അറസ്റ്റിൽ. കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാർഡ് കൗൺസിലറും സിപിഎം നേതാവുമായ പിപി രാജേഷാണ് കൂത്തുപറമ്പ് പൊലീസിൻ്റെ പിടിയിലായത്. കണിയാർകുന്നിലെ എഴുപത്തിയേഴുകാരിയായ ജാനകി എന്ന വയോധികയുടെ ഒന്നര പവനോളം തൂക്കം വരുന്ന സ്വർണമാലയാണ് ഇയാൾ കവർന്നത്.

Advertisment

Also Read:അതിശക്തമായ മഴ; മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലുള്ളവർ മാറാൻ നിർദേശം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ ഒറ്റയ്ക്ക് താമസിക്കുന്ന ജാനകിയുടെ വീട്ടിൽ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു മോഷണം നടന്നത്. വീടിൻ്റെ മുൻവാതിൽ തുറന്നു കിടന്നതിനാൽ മോഷ്ടാവിന് എളുപ്പത്തിൽ അകത്തേക്ക് പ്രവേശിച്ചു. അടുക്കള ഭാഗത്തിരുന്ന് മീൻ വൃത്തിയാക്കുകയായിരുന്ന വയോധികയുടെ പിന്നിലൂടെയെത്തിയ രാജേഷ്, കഴുത്തിൽ പിടിച്ച് മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിനെ തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കൂത്തുപറമ്പ് ഈസ്റ്റ് സിപിഎം ലോക്കൽ കമ്മിറ്റി അറിയിച്ചു.

കുടുക്കിയത് സിസിടിവി ദൃശ്യം

പിടിവലിക്കിടെ മാലയുടെ ഒരു ചെറിയ കഷണം നിലത്ത് വീഴുകയും ഒരു ഭാഗം വയോധികയുടെ കൈവശം ലഭിക്കുകയും ചെയ്തിരുന്നു. ഹെൽമെറ്റ് ധരിച്ച് കറുത്ത ഷർട്ടും പാൻ്റ്സും ധരിച്ചെത്തിയ മോഷ്ടാവ് സ്കൂട്ടറിലാണ് രക്ഷപ്പെട്ടതെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് മോഷണം നടത്താൻ കാരണമെന്ന് പിപി രാജേഷ് കൂത്തുപറമ്പ് പൊലീസിനോട് സമ്മതിക്കുകയുണ്ടായി.

Advertisment

Also Read:ചാലക്കുടി സ്വദേശി പ്രസാദ് ഇ.ഡി ശബരിമല മേൽശാന്തി; മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

സംഭവത്തെ തുടർന്ന് രണ്ടു ദിവസത്തെ ഊർജിത അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരിച്ചറിയാൻ കഴിയാതെ വന്നതോടെ കൂത്തുപറമ്പ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. നമ്പർ പ്ലേറ്റ് മറച്ച ഒരു സ്കൂട്ടറിൽ പോകുന്ന മോഷ്ടാവിൻ്റെ ദൃശ്യം സിസിടിവി പരിശോധനയിൽ ലഭിച്ചു.

കൂടുതൽ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് വാഹനം തിരിച്ചറിഞ്ഞതും, അതുവഴി നാലാം വാർഡ് കൗൺസിലറായ പിപി രാജേഷിലേക്ക് എത്തുകയും ചെയ്തത്. രാജേഷിന് വാഹനം നൽകിയിരുന്നു എന്ന് വാഹന ഉടമ പൊലീസിനോട് പറഞ്ഞതോടെയാണ് പിപി രാജേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മോഷണം നടത്തിയ ഉടൻ സ്വർണമാല ഒരു ജൂവലറിയിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും തിരക്കിനിടയിൽ സാധിക്കാതെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ ഒളിപ്പിക്കുകയായിരുന്നു എന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു.

Also Read:ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാഴ്ച കസ്റ്റഡിയിൽ വിട്ടു, തെളിവെടുപ്പ് ഉടൻ

നിലവിൽ പിടിയിലായ കൗൺസിലർക്ക് മറ്റു സമാന കേസുകളിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സമീപകാലത്ത് മേഖലയിൽ റിപ്പോർട്ട് ചെയ്ത മറ്റ് മോഷണ കേസുകളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നറിയാനാണ് വിശദമായ അന്വേഷണം നടക്കുന്നത്. രാഷ്ട്രീയ രംഗത്തും സാമൂഹ്യ രംഗത്തും ഏറെ സ്വാധീനമുണ്ടായിരുന്ന ഒരാൾ മോഷണക്കേസിൽ പിടിയിലായതിൻ്റെ പശ്ചാത്തലത്തിൽ കേസിൻ്റെ തുടർ നടപടികൾക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.

Read More:ഹിജാബ് വിവാദം: സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

Cpm Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: