/indian-express-malayalam/media/media_files/uploads/2021/05/Lakshadweep-7.jpg)
കൊച്ചി: ഗുണ്ടാനിയമം, ബീഫ് നിരോധനം, ഭൂമിയേറ്റെടുക്കൽ, കൂട്ടപ്പിരിച്ചുവിടൽ, കോവിഡ് വ്യാപനം തുടങ്ങിയ വിഷയങ്ങളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങൾക്കൊപ്പം ദ്വീപ് ബിജെപി ഘടകവും. അഡ്മിനിസ്ട്രേറ്ററുടെ ചില ഭേദഗതികൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ബിജെപി ലക്ഷദ്വീപ് ജനറൽ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിജെപി ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്നും പുതിയ പരിഷ്കാരങ്ങൾ വേണമെങ്കിൽ തിരുത്തുമെന്നും മുഹമ്മദ് കാസിം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതിനു വിപരീതമായിരുന്നു ബിജെപി ദേശീയ ഉപാധ്യക്ഷനും ദ്വീപിന്റെ സംഘടനാ ചുമതലയുള്ളയാളുമായ എപി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. "ലക്ഷദ്വീപിനെ രക്ഷിക്കൂ എന്ന പേരില്‍ നടക്കുന്ന ക്യാമ്പയിന്‍ ക്രൂരമാണെന്ന് അദ്ദേഹം പറഞ്ഞു. ദ്വീപിലെ ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയാണെന്നത് കള്ളമാണ്. അവിടെ അക്രമം നടത്തിയവരെയാണ് ജയിലില്‍ അടച്ചത്. റിമാന്‍ഡ് ചെയ്യണമെങ്കില്‍ ചെറിയ കുറ്റമായിരിക്കുമോ ചെയ്തത്. അപ്പോഴാണ് ഗുണ്ടാ ആക്ട് നടപ്പിലാക്കിയത്," അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാര നടപടികളിൽ സ്പീക്കർ എംബി രാജേഷും മന്ത്രി പിഎ മുഹമ്മദ് റിയാസും ആശങ്ക രേഖപ്പെടുത്തി. ലക്ഷദ്വീപിലെ സാഹചര്യങ്ങൾ ആശങ്കയുളവാക്കുന്നതാണെന്ന് എംബി രാജേഷ് പറഞ്ഞു.
ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് മന്ത്രി റിയാസ് പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാനാകില്ല.
Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?
ദശാബ്ദങ്ങളായി ലക്ഷദ്വീപിന് ഏറ്റവുമധികം വാണിജ്യ ബന്ധമുണ്ടായിരുന്നത് ബേപ്പൂർ തുറമുഖവുമായാണ്. എന്നാല് ഇതും അട്ടിമറിക്കാൻ ശ്രമം നടത്തുകയാണ്. ഇനിമുതൽ ചരക്കുനീക്കവും മറ്റും മംഗലാപുരം തുറമുഖത്ത് ആരംഭിക്കാൻ നിർബന്ധിക്കുകയും ചെയ്തിരിക്കുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റ് മാരായി ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ് വഴക്കം ലംഘിച്ച് രാഷ്ട്രീയ നിയമനങ്ങൾ നടത്തിയാണ് തുടർച്ചയായി ഇത്തരത്തിലുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നത്. രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന നടപടി ജനവിരുദ്ധമാണെന്നും മന്ത്രിയുടെ ഫേസ്ബുക്ക് കുറുപ്പില്‍ പറയുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു. ദ്വീപില്‍ സംഭവ വികാസങ്ങളിൽ വേദനയുണ്ടെന്നും ഇതു ജനാധിപത്യ വിരുദ്ധമാണെന്നും സതീശന്‍ പറഞ്ഞു.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നു ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല രാഷ്ട്രപതിക്ക് കത്തയച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ നടപടികൾ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
Also Read: പാസയും ടി പി സി ആറും: ലക്ഷദ്വീപിൽ ലക്ഷ്യമിടുന്നത് എന്ത്?
ലക്ഷദ്വീപിലെ സംഭവികാസങ്ങളില്‍ നിയമസഭയില്‍ ഐക്യദാര്‍ഢ്യ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പ്രതിപക്ഷ നേതാവിനും ഷാഫി കത്ത് നല്‍കി. ലക്ഷദ്വീപിൽ നടക്കുന്നത് കേന്ദ്ര സർക്കാരിന്റെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സാംസ്കാരിക അധിനിവേശമാണ്. ആ ഫാസിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
ലക്ഷദ്വീപ് ജനതയെ പിറന്ന മണ്ണില്‍ രണ്ടാംനിര പൗരന്‍മാരാക്കുന്ന ഫാസിസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേല്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. നരേന്ദ്ര മോദിയുടെ വിശ്വസ്തനും മുൻ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ലക്ഷദ്വീപ് സമൂഹത്തെ കാവിവത്കരിക്കാനാണ് ശ്രമിക്കുന്നത്. സന്തോഷത്തോടെയും സമാധാനത്തോടെയും തങ്ങളുടേതായ സാംസ്‌കാരിക തനിമ നിലനിര്‍ത്തി ജീവിക്കുന്ന ലക്ഷദ്വീപ് സമൂഹങ്ങളിലെ ജനതയ്ക്കു മേല്‍ തടവറ തീര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ പറഞ്ഞു.
Also Read: ചെറിയ മീനല്ല ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍, ആരാണ് പ്രഫുല്‍ ഖോഡ പട്ടേല്‍?
ജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് ശാന്തസുന്ദരമായ ലക്ഷദ്വീപ് നീറിപ്പുകയുകയാണെന്നും ഇവ അടിയന്തരമായി പിന്‍വലിച്ച് അവിടെ സമാധാനം പുനഃസ്ഥാപിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി പറഞ്ഞു. കുറ്റകൃത്യങ്ങള്‍ തീരെ കുറവുള്ള ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് ഏര്‍പ്പെടുത്തുക, എന്‍ആര്‍സി, സിഎഎ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തവരെ ജയിലിലടയ്ക്കുക തുടങ്ങിയ നടപടികള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി. ക്വാറന്റൈന്‍ രീതികളില്‍ മാറ്റം വരുത്തിയതോടെ കൊറോണയും വ്യാപിക്കുകയാണ്.സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കുക, മദ്യനിരോധനം എടുത്തുകളയുക തുടങ്ങിയ നടപടികളിലൂടെ ഒരുതരം സാമൂഹിക, സാംസ്‌കാരിക അധിനിവേശമാണ് നടപ്പാക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി.
ലക്ഷദ്വീപില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ ഗുരുതരമാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us