ഏതാനും ദിവസങ്ങളായി വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുകയാണ് ലക്ഷദ്വീപും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലും. സേവ് ലക്ഷദ്വീപ് എന്ന ക്യാമ്പയിന് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുമ്പോള്‍ ആരാണ് പ്രഫുല്‍ ഖോഡ പട്ടേല്‍ എന്ന് അന്വേഷിക്കുന്നവരും കുറവല്ല. ചോദ്യങ്ങള്‍ ചെന്നുനില്ക്കുന്നത് ലക്ഷദ്വീപിലേക്കു മാത്രമല്ല, ദാദ്രനഗര്‍ ഹവേലിയിലേക്കും അതിനപ്പുറം ഗുജറാത്തിലേക്കുമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഉറ്റ ബന്ധമുള്ളയാളാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ ഗുജറാത്ത് സ്വദേശി പ്രഫുല്‍ ഖോഡ പട്ടേല്‍. പ്രഫുലിന്റെ പിതാവ് ആര്‍എസ്എസ് നേതാവായിരുന്ന ഖോഡഭായ് രഞ്ചോദ് ഭായ് പട്ടേലുമായി ഉറ്റബന്ധമായിരുന്നു മോദിക്ക്.
ഗുജറാത്തിലെ 2007-12 കാലത്തെ നരേന്ദ്ര മോദി സര്‍ക്കാരില്‍ രണ്ടുവര്‍ഷം ആഭ്യന്തര മന്ത്രിയായിരുന്നു പ്രഫുല്‍ ഖോഡ പട്ടേല്‍. 2010 ഓഗസ്റ്റ് മുതല്‍ 2012 ഡിസംബര്‍ വരെയാണ് പട്ടേല്‍ ഈ പദവി വഹിച്ചത്. സൊറാഹ്ബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റമുട്ടല്‍ കൊലപാതകക്കേസില്‍ അമിത് ഷാ ജയിലിലായപ്പോഴാണ് ആഭ്യന്തര മന്ത്രിയുടെ കസേരയിലേക്ക് പ്രഫുല്‍ പട്ടേലിന് സ്ഥാനക്കയറ്റം കിട്ടിയത്. അമിത് ഷാ ഭരിച്ചിരുന്ന പത്ത് പ്രധാന വകുപ്പുകളില്‍ എട്ടും പട്ടേലിനെയാണ് അന്ന് മുഖ്യമന്ത്രി മോദി ഏല്‍പ്പിച്ചത്.
ഹിമത്നഗര്‍ മണ്ഡലത്തില്‍നിന്നാണു പ്രഫുല്‍ ഖോഡ പട്ടേല്‍ 2007ല്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. 2012ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടിയ അദ്ദേഹം തോറ്റു. എന്നാല്‍ മോദി പട്ടേലിനെ കൈവിട്ടില്ല. 2014ല്‍ അദ്ദേഹം പ്രധാനമന്ത്രിയായതിനു പിന്നാലെ 2016ല്‍ പട്ടേലിനെ കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ദിയുവിലെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.
പിന്നാലെ ദാമന്‍ ദിയുവും ദാദ്ര നഗര്‍ ഹവേലിയും സംയോജിപ്പിച്ച് ദാദ്ര നഗര്‍ ഹവേലി ദാമന്‍ ദിയു എന്ന കേന്ദ്രഭരണപ്രദേശം നിലവില്‍ വന്നതോടെ അതിന്റെ ആദ്യ അഡ്മിനിസ്ട്രേറ്ററായി പട്ടേല്‍. 2020 ജനുവരി 26 മുതല്‍ ഈ പദവിയിലായിരുന്നു പട്ടേല്‍. കേന്ദ്രഭരണപ്രദേശങ്ങളുടെ ചരിത്രത്തില്‍ രാഷ്ട്രീയക്കാരെന്ന നിലയില്‍ നിയമിതമായ അഡ്മിനിസ്ട്രേറ്റര്‍മാരില്‍ ഒരാളാണ് പ്രഫുല്‍ ഖോഡ പട്ടേല്‍. അതിനു മുന്‍പ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാണു സാധാരണഗതിയില്‍ കേന്ദ്രഭരണപ്രദേശങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്മാരായിരുന്നത്.
Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?
ദാദ്ര നഗര്‍ ഹവേലി അഡ്മിനിസ്ട്രേറ്റര്‍ ആയിരിക്കെ വിവാദങ്ങള്‍ സൃഷ്ടിച്ച ആളാണ് പ്രഫുല്‍ ഖോഡ പട്ടേല്‍. അതിലൊരു സംഭവത്തിനു മലയാളി ബന്ധവുമുണ്ട്. മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന് 2019 മാര്‍ച്ചില്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്കിയതായിരുന്നു സംഭവം.

തന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന കാരണം പറഞ്ഞാണ് പട്ടേല്‍ നോട്ടിസ് നല്‍കിയത്. ഈ സമയത്ത് ദാദ്ര നഗര്‍ ഹവേലി കലക്ടറായിരുന്ന കണ്ണന് ഗോപിനാഥന് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അവിടുത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ചുമതല കൂടി വഹിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ നോട്ടിസ് പിന്‍വലിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഫുല്‍ ഖോഡ പട്ടേലിനു നിര്‍ദേശം നല്കി. പിന്നീട് പ്രളയകാലത്ത് കേരളത്തിൽ സന്നദ്ധപ്രവർത്തനം നടത്തിയതിനും കണ്ണൻ ഗോപിനാഥനു പട്ടേൽ നോട്ടിസ് നൽകിയിരുന്നു. പട്ടേലുമായുള്ള പോരിനു പിന്നാലെ, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കണ്ണന് ഗോപിനാഥന് 2019 ഓഗസ്റ്റില്‍ സിവില്‍ സര്‍വീസില്‍നിന്ന് രാജിവച്ചു.
ലോക്സഭാ അംഗം മോഹന്‍ ദേല്‍ഖര്‍ ആത്മഹത്യ ചെയ്തതാണു പ്രഫുല്‍ ഖോഡ പട്ടേല്‍ വിവാദത്തില്‍പ്പെട്ട രണ്ടാമത്തെ സംഭവം. ദാദ്ര നഗര്‍ ഹവേലിയില്‍നിന്ന് ഏഴു തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട അന്പതിയെട്ടുകാരനായ മോഹന്‍ ദേല്‍ഖര്‍ ഈ വര്‍ഷം ഫെബ്രുവരി 22ന് മുംബൈ മറൈന്‍ ഡ്രൈവിലെ ഒരു ഹോട്ടല്‍ മുറിയിലാണു ജീവനൊടുക്കിയത്.
ഹോട്ടല്‍ മുറിയില്‍നിന്ന് മോഹന്‍ ദേല്‍ഖറുടെ 15 പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഗോത്രവിഭാഗത്തില്പ്പെട്ടയാളായ ദേല്‍ഖറുടെ കുറിപ്പില്‍ ചില പേരുകളുണ്ടായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത മറൈന്‍ ഡ്രൈവ് പൊലീസ് ദാദ്ര നഗര്‍ ഹവേലി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണ, ഭീഷണി, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ നിയമങ്ങള്‍ പ്രകാരവും അതിക്രമം തടയല്‍ നിയമപ്രകാരവുമാണു കേസെടുത്തത്.
സംഭവം പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് അന്നത്തെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് എസ്ഐടിയെ നിയോഗിക്കുകയും ചെയ്തു. പ്രഫുല്‍ ഖോഡ പട്ടേല്‍ ഉപദ്രവിക്കുന്നതായി ദേല്‍ഖറുടെ ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് ദേശ്മുഖ് മഹാരാഷ്ട്ര നിയമസഭയില്‍ പറഞ്ഞിരുന്നു.
പട്ടേല്‍ അഡ്മിനിസ്ട്രേറ്റായിരിക്കെ 2019 നവംബര്‍ ആദ്യം ദാമനിലും ലക്ഷദ്വീപില്‍ ഇപ്പോള്‍ നടക്കുന്നതിന് സമാനമായ ചില സംഭവങ്ങളുണ്ടായിരുന്നു. ദാമന്റെ ഭരണകൂടവും കലക്ടര്‍ രാകേഷ് മിന്‍ഹാസും ചേര്‍ന്ന് വീടുകള്‍ പൊളിച്ചുമാറ്റിയതില്‍ പ്രതിഷേധിച്ച് ആളുകള്‍ തെരുവിലിറങ്ങി. ദാമന്‍ ലൈറ്റ്ഹൗസ് റോഡിനും ജാംപൂര്‍ ബീച്ചിനും ഇടയിലുള്ള സര്‍ക്കാര്‍ സ്ഥലത്ത് നിര്‍മിച്ച തൊണ്ണൂറോളം വീടുകളാണു ഭരണകൂടം തകര്‍ത്തത്. ഇതിലേറെയും മത്സ്യത്തൊഴിലാളികളുടേതായിരുന്നു.
ദാദ്ര നഗര്‍ ഹവേലി ദാമന്‍ ദിയു കേന്ദ്രഭരണപ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്ററായിരിക്കെ 2020 ഡിസംബര്‍ അഞ്ചിനാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റായി പ്രഫുല്‍ ഖോഡ പട്ടേല്‍ എത്തിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മയുടെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് അധിക ചുമതലയിലായിരുന്നു പട്ടേലിന്റെ നിയമനം.

ലക്ഷദ്വീപില്‍ കാലുകുത്തിയ പട്ടേലിന്റെ കണ്ണിലുടക്കിയത് പൗരത്വ ഭേദഗതി നയത്തിനും ദേശീയ ജനസംഖ്യാ റജിസ്റ്ററിനുമെതിരായ ഫ്ളക്സ് ബോര്‍ഡുകളായിരുന്നു. ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു അഡ്മിനിസ്ട്രേറ്റര്‍. പിന്നാലെ, പ്രതിഷേധിച്ചവര്‍ അറസ്റ്റിലുമായി. സിഎഎ, എന്‍ആര്‍സി നയങ്ങള്‍ക്കെതിരെ വളരെ സമാധാനപരമായ പ്രതിഷേധങ്ങളാണു ലക്ഷദ്വീപില്‍ നടന്നത്. മാത്രമല്ല, ഇതുസംബന്ധിച്ച പ്രതിഷേധങ്ങളൊന്നും പ്രഫുല്‍ ഖോഡ പട്ടേല്‍ അവിടെ എത്തുന്ന സമയത്ത് ഉണ്ടായിരുന്നുമില്ല. എന്നിട്ടും അറസ്റ്റ് നടന്നു.
Also Read: ജനുവരി പകുതി വരെ പൂജ്യം, ഇപ്പോൾ 6500നു മുകളിൽ; ലക്ഷദ്വീപിൽ കോവിഡ് കേസുകൾ ഉയരുന്നു
ഇതിനുപിന്നാലെ ഡിസംബര്‍ 28നു കോവിഡ് സ്റ്റാന്‍ഡേര്‍ഡ് ഓപറ്റേറിങ് പ്രൊസിജീയര്‍ (എസ്ഒപി) ഉദാരമാക്കിക്കൊണ്ടുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം വന്നു. ഇതിനെതിരെ സമാധനപരമായി പ്രതിഷേധിച്ച പഞ്ചായത്ത് കൗണ്‍സില്‍ അംഗങ്ങളെ പൊലീസ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. രണ്ടാഴ്ചയ്ക്കുശേഷമാണ് ഇവര്‍ക്കു ജാമ്യം ലഭിച്ചത്. ഒരു വര്‍ഷത്തോളം കോവിഡ് മുക്ത പ്രദേശമായി നിലനില്ക്കാന് ലക്ഷദ്വീപിനെ സഹായിച്ചത് എസ്ഒപിയിലെ കര്‍ശന വ്യവസ്ഥകളായിരുന്നു. എന്നാല്‍, എസ്ഒപിയില്‍ മാറ്റം വരുത്തി 20 ദിവസം പിന്നിട്ടപ്പോള്‍ ദ്വീപില്‍ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ദ്വീപിലെ ജനസംഖ്യയുടെ 10 ശതമാനത്തോളം പേരെ കോവിഡ് ബാധിച്ചു.
ഇതിനു പിന്നാലെയാണു ബീഫ് നിരോധനം, ഗുണ്ടാനിയമം, ഭൂമി പിടിച്ചെടുക്കല്‍, കൂട്ടപ്പിരിച്ചുവിടല്‍, രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്, ഡയറി ഫാമുകള്‍ അടയ്ക്കാനുള്ള ഉത്തരവ് തുടങ്ങിയ സംബന്ധിച്ച പുതിയ നിയമങ്ങള്‍ക്കു ലക്ഷദ്വീപ് ശ്രമം ആരംഭിച്ചതും ദ്വീപ് ജനത പ്രതിഷേധ സ്വരമുയര്‍ത്തിയതും. ലക്ഷദ്വീപിനെ രക്ഷിക്കൂയെന്ന ക്യാമ്പയിന് സമൂഹമാധ്യങ്ങളില്‍ ഉള്‍പ്പെടെ പരന്നതോടെ സംഭവം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞു.
അതേസമയം, സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള 70 വര്‍ഷത്തിനിടയില്‍ ലക്ഷദ്വീപ് വികസനത്തിനു സാക്ഷ്യം വഹിച്ചിട്ടില്ലെന്നും തന്റെ ഭരണകൂടം അതിനാണു ശ്രമിക്കുന്നതെന്നുമാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്.
”കരട് നിയമങ്ങളെ ലക്ഷദ്വീപിലെ ആളുകളല്ല എതിര്‍ക്കുന്നത്, മറിച്ച് താല്‍പ്പര്യങ്ങള്‍ അപകടത്തിലാകുന്ന കുറച്ചുപേരാണ്. അല്ലാത്ത പക്ഷം എതിര്‍ക്കേണ്ട അസാധാരണമായ ഒന്നും ഞാന്‍ അതില്‍ കാണുന്നില്ല. ലക്ഷദ്വീപ് ദ്വീപുകളില്‍നിന്ന് വളരെ അകലെയല്ലാത്ത മാലദ്വീപ് ആഗോള വിനോദസഞ്ചാര കേന്ദ്രമാണ്. ഇക്കാലങ്ങളിലൊന്നും ലക്ഷദ്വീപ് ഒരു വികസനത്തിനും സാക്ഷ്യം വഹിച്ചിട്ടില്ല. ടൂറിസം, തേങ്ങ, മത്സ്യം, കടല്‍ച്ചെടി എന്നിവയുടെ ആഗോള ഹബ്ബായി മാറ്റാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
Also Read: പാസയും ടി പി സി ആറും: ലക്ഷദ്വീപിൽ ലക്ഷ്യമിടുന്നത് എന്ത്?
”ലക്ഷദ്വീപ് വികസന അതോറിറ്റി ഉണ്ടെങ്കില്‍, ഭാവിയില്‍ ഇതൊരു സ്മാര്‍ട്ട് സിറ്റിയായി വികസിപ്പിക്കാന്‍ കഴിയും. അതുപോലെ, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയമമുണ്ടാകുന്നതില് എന്താണ് തെറ്റ്,” അദ്ദേഹം ചോദിച്ചു. ഇപ്പോഴുള്ളത് എല്ലാം നിയമത്തിന്റെ കരടുകളാണെന്നും ആളുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും പട്ടേല്‍ പറഞ്ഞു.
ബീഫ് അല്ലെങ്കില്‍ ബീഫ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയോ കടത്തോ നിരോധിക്കുന്ന നിര്‍ദിഷ്ട നിയമം സംബന്ധിച്ച്, ”ഇതിനെ എതിര്‍ക്കുന്നവര്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഞങ്ങളോട് പറയണം”എന്നാണ് പട്ടേല്പ്രതികരിച്ചത്. പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറയുന്നു.