കൊച്ചി: ജനങ്ങള്‍ സമാധാനത്തോടെ സഹവര്‍ത്തിക്കുന്ന, മനം കവരുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന മുപ്പത്തി രണ്ടു ചതുരശ്ര കിലോ മീറ്റര്‍ വരുന്ന ദ്വീപ് സമൂഹം. എഴുപതിനായിരത്തില്‍ താഴെ വരുന്ന ജനസംഖ്യയുടെ 99 ശതമാനവും മുസ്ലിങ്ങള്‍. മീന്‍പിടുത്തം പ്രധാന ഉപജീവനം. ശാന്ത സുന്ദരമായ ലക്ഷദ്വീപില്‍നിന്ന് തിരമാല കണക്കെ ആര്‍ത്തലയ്ക്കുന്ന ആശാന്തിയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഏതാണ്ട് ഒരു വർഷത്തോളം കോവിഡിനെ അകറ്റിനിര്‍ത്താന്‍ കഴിഞ്ഞിരുന്ന ലക്ഷദ്വീപിപ്പോള്‍ വൈറസിന്റെ പിടിയിലാണ്. മറുഭാഗത്ത് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള നിരവധി നിയമ, വികസന പരിഷ്കാരങ്ങളും കൂട്ടപ്പിരിച്ചുവിടലുകളും തങ്ങളുടെ ജീവിതവും ജീവിതോപാധികളും ഇല്ലായ്മ ചെയ്യുമെന്ന ആശങ്കയുടെ വേലിയേറ്റത്തിലേക്ക് ദ്വീപ് ജനതയെ തള്ളിവിടുന്നു.
ഈ വര്‍ഷം ജനുവരി പകുതി വരെ ലക്ഷദ്വീപിന്റെ പടിക്കു പുറത്തായിരുന്നു കോവിഡ്. കര്‍ശനമായ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജിയര്‍ (എസ്ഒപി) ആണ് ഒരു വര്‍ഷത്തോളം ലക്ഷദ്വീപിനെ കോവിഡ് മുക്തമാക്കാന്‍ സഹായിച്ചത്. ഉദാഹരണത്തിന് കേരളത്തില്‍ നിന്ന് ഒരാള്‍ക്ക് ലക്ഷദ്വീപില്‍ എത്തണമെങ്കില്‍ കൊച്ചിയിലെയോ കോഴിക്കോട്ടെയോ കേന്ദ്രത്തില്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയുകയും തുടര്‍ന്ന് ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിക്കുകയും വേണ്ടിയിരുന്നു. ലക്ഷദ്വീപില്‍ എത്തിക്കഴിഞ്ഞാല്‍ രണ്ടാഴ്ച ക്വാറന്റീല്‍ കഴിയുകയും വേണമായിരുന്നു.
എന്നാല്‍ 2020 ഡിസംബര്‍ 28നു എസ്ഒപിയില്‍ ലക്ഷദ്വീപ് ഭരണകൂടം മാറ്റം വരുത്തി. ഇപ്പോള്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടുണ്ടെങ്കില്‍ ലക്ഷദ്വീപിലെത്താം. എസ്ഒപിയില്‍ ഇളവ് വരുത്തി 20 ദിവസം പിന്നിട്ടപ്പോള്‍ ഈ വര്‍ഷം ജനുവരി 18ന് ലക്ഷദ്വീപില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. പിന്നീട് നാല് മാസമായപ്പോഴേക്കും 6611 പേര് രോഗബാധിതരായി. അതായത് ജനസംഖ്യയുടെ 10 ശതമാനത്തോളം പേര്. മേയ് 11 മുതല്‍ 17 വരെയുള്ള ആഴ്ചയില്‍ 66.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
Also Read: ജനുവരി പകുതി വരെ പൂജ്യം, ഇപ്പോൾ 6500നു മുകളിൽ; ലക്ഷദ്വീപിൽ കോവിഡ് കേസുകൾ ഉയരുന്നു
ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി പ്രഫുല്‍ ഖോഡ പട്ടേല്‍ അഡ്മിനിസ്ട്രേറ്റായി ചുമതലയെടുത്തതിനു പിന്നാലെയാണ് ലക്ഷദ്വീപില്‍ കോവിഡ് എസ്ഒപിയില്‍ ഇളവ് വരുത്തിയത്. ഇതിനെതിരെ പ്രതിഷേധിച്ചവരെ ഭരണകൂടം പകര്‍ച്ചവ്യാധി നിയന്ത്രണനിയമം ലംഘിച്ചുവെന്ന കുറ്റം ചുമത്തി ജയിലിലടച്ചു. രണ്ടാഴ്ച കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ വഹിച്ചിരുന്ന അഡ്മിനിസ്ട്രേറ്റര്‍ പദവിയിലേക്ക് ഗുജറാത്തിലെ ബി ജെ പി നേതാവായ പ്രഫുല്‍ ഖോഡ പട്ടേലിനെ കൊണ്ടുവന്നത് വലിയ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് ദ്വീപ് ജനതയുടെ നിഗമനം.
എസ്ഒപി ലഘൂകരിച്ചശേഷമാണു കോവിഡ് വ്യാപിച്ചതെന്ന് കവരത്തിയിലെ ഒരു പഞ്ചായത്ത് കൗണ്‍സില്‍ അംഗം ഇന്ത്യന്‍ എക്സ്പ്രസ് പ്രതിനിധിയോട് പറഞ്ഞു. ”ദ്വീപ് ജനതയ്ക്ക് ശക്തമായ സാമൂഹിക ബന്ധങ്ങളുള്ളതിനാല്‍, വൈറസ് അതിവേഗം പടരുന്നു. എന്റെ അയല്‍വാസി കഴിഞ്ഞ ദിവസം മരിച്ചു. ഗുരുതരാവസ്ഥയെത്തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലേക്ക് മാറ്റിയ അദ്ദേഹം പിന്നീട് അവിടെ വച്ചാണ് മരിച്ചത്. ദ്വീപില്‍ നിലവില്‍ 100 ഓക്സിജന്‍ സിലിണ്ടറുകളുണ്ട്, പക്ഷേ കോവിഡ് വേഗത്തില്‍ വ്യാപിക്കുകയാണെങ്കില്‍ അവ പര്യാപ്തമല്ല. ഏകദേശം 5-6 മാസം മുമ്പ്, രണ്ട് ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതികളുണ്ടായിരുന്നു. പണി തുടങ്ങിവച്ചെങ്കിലും അത് എവിടെയുമെത്തിയില്ല,” നിലവില്‍ കോവിഡ് ബാധിതനായ അദ്ദേഹം പറഞ്ഞു.
എസ്ഒപി ലഘൂകരിക്കുന്നതിനെതിരെ ഡിസംബറില്‍ പ്രതിഷേധിച്ച കൂട്ടത്തില്‍ ഈ പഞ്ചായത്ത് കൗണ്‍സില്‍ അംഗവുമുണ്ടായിരുന്നു. അറസ്റ്റിലായി ജയിലടയ്ക്കപ്പെട്ട ഇദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ക്കു രണ്ടാഴ്ചയ്ക്ക് ശേഷമാണു ജാമ്യം ലഭിച്ചത്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശര്‍മയുടെ ആകസ്മിക മരണത്തോടെയാണ് പ്രഫുല്‍ ഖോഡ പട്ടേല്‍ അധികച്ചുമതലയോടെ ആ പദവിയിലെത്തിയത്. അതുവരെ ദാദ്ര നഗര്‍ ഹവേലി ദാമന്‍ ദിയു കേന്ദ്രഭരണപ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്ററായിരുന്നു പട്ടേല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഉറ്റബന്ധമുള്ളയാളാണ് അദ്ദേഹം. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ, സൊറാഹ്ബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റമുട്ടല്‍ കൊലപാതകക്കേസില്‍ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പിന്‍ഗാമിയായി പ്രഫുല്‍ ഖോഡ പട്ടേല്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായത്.
പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) എന്നിവയ്ക്കെതിരെ ശക്തമായ ജനവികാരം ഉയര്‍ന്ന സ്ഥലമാണ് ലക്ഷദ്വീപ്. പ്രഫുല്‍ ഖോഡ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററായി എത്തിയതിനു പിന്നാലെ സിഎഎ, എന്‍ആര്‍സിയുമായി ബന്ധപ്പെട്ട പ്രക്ഷോഭ ബോര്‍ഡുകളെല്ലാം നീക്കം ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത സംഭവങ്ങളുമുണ്ടായി.
കോവിഡ് വ്യാപനത്തെുടര്ന്ന് പ്രതിസന്ധിയിലായ ദ്വീപ് ജനതയ്ക്കേറ്റ കനത്ത തിരിച്ചടിയാണ് കൃഷി, മൃഗസംരക്ഷണം, വിനോസഞ്ചാരം, കായികാധ്യാപകര്‍, ആയമാര്‍, സ്കൂളുകളില്‍ ഉച്ചഭഷണം തയാറാക്കുന്നവര്‍ തുടങ്ങി വിവിധ മേഖലകളില്‍നിന്ന് ആയിരത്തി അഞ്ഞൂറിലേറെ പേരെ പിരിച്ചുവിട്ടത്. മുന്‍കാലങ്ങളില്‍ മറൈന്‍ വാച്ചേഴ്സ് ആയി ഓരോ ദ്വീപില്‍നിന്നും 15 യുവാക്കളെ വീതം എടുത്ത് പരിശീലനം നല്കി നിയമിച്ചിരുന്നു. ഇവരാണ് മണല്‍ വാരലും കടല്‍വെള്ളരി മോഷണവും തടഞ്ഞുകൊണ്ടിരുന്നത്. ഈ ജോലി തുടരാന്‍ അഡ്മിനിസ്ട്രേറ്ററുടെ അനുമതി ലഭിക്കുന്നില്ല.
മീന്‍പിടുത്തം കഴിഞ്ഞാല്‍ ദ്വീപ് ജനതയുടെ പ്രധാന വരുമാന മാര്‍ഗമാണ് സര്‍ക്കാര്‍ മേഖലയിലെ താല്‍ക്കാലിക തൊഴിലുകള്‍. ഭരണനിര്‍വഹണ സംവിധാനങ്ങളില്‍നിന്ന് ദ്വീപ് നിവാസികളെ തരംതാഴ്ത്തുകയും ചെയ്യുന്നതായും ആരോപണമുയര്‍ന്നു കഴിഞ്ഞു. ഒപ്പം മീന്‍പിടിത്ത തൊഴിലാളികള്‍ വലകളും മറ്റും സൂക്ഷിച്ചിരുന്നതും മീന്‍ സംസ്കരിക്കുന്നതിനും ഉപയോഗിച്ചിരുന്ന ബീച്ചുകളിലെ താല്‍ക്കാലിക ഷെഡുകള്‍ പൊളിച്ചുനീക്കിയതും അവരെ പ്രതിസന്ധിയിലാക്കി. മുന്‍പുണ്ടായിരുന്ന അഡ്മിനിസ്ട്രേഷനുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്കിയ നല്കിയ ഇളവനുസരിച്ചാണ് ഇത്തരം കെട്ടിടങ്ങള്‍ ബീച്ചില്‍ നിര്‍മിച്ചിരുന്നത്.
Also Read: ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല; ദ്വീപ് നിവാസികൾക്ക് പിന്തുണയുമായി സലീം കുമാർ
അവര്‍ പറയുന്നതെല്ലാം ശരി, ആര്‍ക്കും മറിച്ച് ഒന്നും പറയാന്‍ പറ്റില്ല എന്നതാണ് ലക്ഷദ്വീപിലെ സ്ഥിതിയെന്ന് കവരത്തിയിലെ സര്‍വിസ് വേദി പ്രവര്ത്തകന് സിടി അബ്ബാസ് പറഞ്ഞു. വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്കു പോലും മറുപടി ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
”ഗുജറാത്തില്‍നിന്ന് പാല് വരുത്തുകയാണ്. ദ്വീപിലെ ഡയറിഫാം പൂട്ടാനും പശുക്കളെ ലേലം ചെയ്യാനും പോവുകയുമാണ്. പൊതുമരാമത്ത് പ്രവൃത്തികളെല്ലാം നിരോധിച്ചു. മീന്‍പിടുത്തവും കരാര്‍ തൊഴിലുമാണു ജനങ്ങളുടെ ഉപജീവനമാര്‍ഗം. കരാര്‍ തൊഴില്നിന്നു കൂട്ടപ്പിരിച്ചുവിടലാണ്. ജനങ്ങളുടെ കൈയില്‍ കാശില്ല. റേഷന്‍ കടകള്‍ പൂട്ടിയിരിക്കുന്നു. മുന്‍പത്തെ പോലെ ജനങ്ങള്‍ക്കു സൗജന്യ ഭക്ഷ്യകിറ്റ് കൊടുക്കുന്നില്ല.
” കവരത്തി ബീച്ചില്‍ വര്‍ഷങ്ങളായി മത്സ്യത്തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന കെട്ടിടങ്ങളെല്ലാം പൊളിച്ചു. അവിടെ ടൂറിസം നടപ്പാക്കാനാണു നീക്കം. ആധാരത്തില്‍ ഭൂമിയുണ്ടെങ്കിലും ദ്വീപില്‍ ഭൂമി കലങ്ങി കുറഞ്ഞുവരികയാണ്. ഇപ്പോള്‍ കവരത്തി മൊത്തം റിങ് റോഡ് വേണമെന്നാണ് പറയുന്നത്. ഓരോ വശത്തും ആകെയുള്ളത് 100-150 മീറ്റര്‍ വീതിയാണുള്ളത്. അതിനിടയ്ക്ക് എന്ത് റോഡ്,” അബ്ബാസ് ചോദിക്കുന്നു.

ഈ പ്രദേശത്തിനിടയ്ക്ക് ഒരുപാട് വീടുകളും മത്സ്യത്തൊഴിലാളികളുടെ കെട്ടിടങ്ങളുമുണ്ട്. പഞ്ചായത്ത് കൗണ്‍സിലുകളുടെ കാര്യം ഇല്ലാതാക്കിക്കഴിഞ്ഞുവെന്നും അബ്ബാസ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയനെതിരെ സമാധാനമായി സമരം ചെയ്ത പഞ്ചായത്ത് കൗണ്‍സിലര്‍മാരെ ജയിലിടച്ചിരുന്ന കാര്യം അബ്ബാസ് ചൂണ്ടിക്കാട്ടി.
കുറ്റകൃത്യരഹിത പ്രദേശമായ, പൊലീസ് സ്റ്റേഷനുകളും ജയിലുകളും ഒഴിഞ്ഞുകിടക്കുന്ന ലക്ഷദ്വീപില്‍ ഗുണ്ടാ നിയമം (ലക്ഷദ്വീപ് പ്രിവൻഷൻ ഓഫ് ആന്റി സോഷ്യൽ ആക്ടിവിറ്റിസ് റഗുലേഷൻ) നടപ്പാക്കാനുള്ള അഡ്മിനിസ്ട്രേഷന്റെ ശ്രമങ്ങളെ വലിയ ആശങ്കയോടെയാണ് ദ്വീപ് ജനത കാണുന്നത്. പ്രതിഷേധിക്കുന്നവരെ ഗുണ്ടാ ആക്ട് പ്രകാരം പ്രതിരോധിക്കുക എന്നതാണ് പ്രഫുല്‍ പട്ടേലിന്റെ ലക്ഷ്യമെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്. ഏതു വ്യക്തിയേയും വിചാരണ കൂടാതെ ഒരു വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് അധികാരം നല്‍കുന്നതാണ് നിയമത്തിലെ വ്യവസ്ഥകളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബീഫ് നിരോധനം, ഗോവധ നിരോധനം എന്നിവ നടപ്പാക്കുന്നതിനുള്ള നീക്കങ്ങളെയും ആശങ്കയോടെയാണ് ദ്വീപ് ജനത കാണുന്നത്. ലക്ഷദ്വീപ് അനിമൽ പ്രിസർവേഷൻ റഗുലേഷൻ എന്ന പേരിൽ പുതിയ നിയമം കൊണ്ടുവന്ന്, പശുക്കളെ കശാപ്പ് ചെയ്യുന്നത് തടവുശിക്ഷ ലഭിക്കാനുള്ള കുറ്റമായി പ്രഖ്യാപിക്കാനാണു നീക്കം. ഇതോടൊപ്പം, മറ്റു മൃഗങ്ങളെ കശാപ്പ് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഭക്ഷണ മെനുവില്‍നിന്ന് മാംസാഹാരം പൂര്‍ണമായും ഒഴിവാക്കിയതും തങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമായ ശ്രമങ്ങളായാണു ദ്വീപ് ജനത കാണുന്നത്.
പരിഷ്കാരങ്ങള്‍ മൊത്തത്തില്‍ ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്നു കോണ്‍ഗ്രസ് ലക്ഷദ്വീപ് ഘടകം അധ്യക്ഷന്‍ ഹംദുള്ള സയീദ് പറഞ്ഞു. ”വളരെ ശാന്തിയും സമാധാനത്തോടെയും ജീവിക്കുന്നവരാണ് ദ്വീപ് ജനത. അവിടെയാണു ഗുണ്ടാ നിയമം കൊണ്ടുവന്ന് ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ജയിലലടയ്ക്കാന്‍ ലക്ഷ്യമിടുന്നത്. ലോക്ക്ഡൗണ്‍ സമയമായതിനാല്‍ പരസ്യമായി പ്രതിഷേധിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇത്രയും ജനവിരുദ്ധ പരിഷ്കാരങ്ങള്‍ ദ്വീപ് ജനത അനുഭവിക്കുന്നത് ഇത് ആദ്യമാണ്. ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റര്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സ്വന്തമാളാണ്. ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രിയാണ്. ബാക്കി കാര്യങ്ങള്‍ പറയേണ്ടതില്ലല്ലോ,” മുന്‍ എംപി പിഎം സയീദിന്റെ മകനായ ഹംദുള്ള പറഞ്ഞു.
”പശു, പോത്ത്, കാള എന്നിവയെ അറക്കുന്നത് തെളിഞ്ഞാല്‍ 10 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായാണ് കരട് നിയമത്തില്‍ പറയുന്നത്. ഇവയെ കപ്പലിലോ മറ്റോ കൊണ്ടുവരുന്നതും കുറ്റമാണ്. കപ്പല്‍ പിടിച്ചെടുക്കുകയും 10 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും കരടില്‍ പറയുന്നു. അതിലുപരി കോഴി, ആട് എന്നിവയെ അനുമതിയുള്ള സ്ഥലങ്ങളില്‍ മാത്രമേ അറക്കാന്‍ പാടുള്ളൂവെന്നും കരടില്‍ പറയുന്നു. മുന്‍കാലങ്ങളിലെ പോലെ വീടുകളില്‍ അറവ് പാടില്ല,” ഹംദുള്ള പറഞ്ഞു.
ഇതോടൊപ്പം സ്വത്തും ജീവിതോപാധികള്‍ നഷ്ടപ്പെടുത്ത തരത്തിലുള്ള വന്‍കിട വികസന, ടൂറിസം പദ്ധതികള്‍, പുതിയ കെട്ടിട നയം, ഭൂവിനിയോഗ നയം എന്നിവയ്ക്കുള്ള ശ്രമങ്ങളും തങ്ങളെ ആട്ടിപ്പായിക്കാനുള്ള ശ്രമമായി അവര്‍ കാണുന്നു. ലക്ഷദ്വീപ് ടൗണ്‍ ആന്‍ഡ് കണ്ട്രി പ്ലാനിങ് റഗുലേഷന് 2021, ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റിക്ക് വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഏതു സ്ഥലവും ഏറ്റെടുക്കുന്നതിന് പൂര്‍ണ അധികാരം നല്‍കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്ഥല ലഭ്യത വളരെ കുറഞ്ഞ ദ്വീപില്‍ ഏഴ് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാനാണ് അഡ്മിനിസ്ട്രേഷന്റെ ലക്ഷ്യം. പുതിയ കരട് നിയമപ്രകാരം വീട് ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്കു മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ കാലാവധി പുതുക്കി വാങ്ങണം. അനുമതി ലഭിച്ചില്ലെങ്കില്‍ പൊളിച്ചുമാറ്റണം. ഇല്ലെങ്കില്‍ രണ്ടു ലക്ഷം രൂപയാണ് പിഴയെന്നു ഹംദുള്ള സയീദ് ചൂണ്ടിക്കാട്ടി. മദ്യത്തിനു നിയന്ത്രണമുള്ള ലക്ഷദ്വീപിലെ ജനവാസ കേന്ദ്രങ്ങളില്‍ ടൂറിസത്തിന്റെ പേരില്‍ മദ്യവിതരണം അനുവദിച്ചതും ദ്വീപിലെ തദ്ദേശ ജനതയുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി സൗജന്യമായി ഏറ്റെടുത്ത് ഇഷ്ടമുള്ള പദ്ധതികള്‍ നടപ്പാക്കാൻ ലക്ഷ്യം വയ്ക്കുന്നതാണ് ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറ്റിക്കുവേണ്ടിയുള്ള 187 പേജുള്ള കരട് നിയമമെന്നു ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസല്‍ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. ”സ്ഥലലഭ്യത വളരെ കുറഞ്ഞ ലക്ഷദ്വീപില്‍ ദേശീയപാതയടക്കം കരട് നിയമത്തില്‍ പറയുന്നുണ്ട്. ലക്ഷദ്വീപിന് ദേശീയപാതയുടെ ആവശ്യം എന്താണ്? ഇത് എവിടുന്ന് പകര്‍ത്തിക്കൊണ്ടു വന്നതാണെന്ന് അറിയില്ല. ഏതു സമയത്തും ഭൂമി കൈാര്യം ചെയ്യാനുള്ള അസാധാരണമായ അധികാരം അഡ്മിനിസ്ട്രേഷന് നല്‍കുന്നതാണ് കരട് നിയമം. ഇതു പ്രാവര്‍ത്തികമായി കഴിഞ്ഞാല്‍ മുന്‍പത്തെ എല്ലാ തരം ഭൂമി ഇടപാടുകള്‍ക്കും ബാധമാകും,” മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

”ലക്ഷദ്വീപിനെ സംബന്ധിച്ച് സംരക്ഷിക്കപ്പെണ്ടേത് കടല്‍വെള്ളരി, നീരാളി ഉള്‍പ്പെടെയുള്ള കടല്സമ്പത്തുക്കളാണ്. അതിനു നടപടിയുണ്ടാകുന്നില്ല. സംരക്ഷണം സംബന്ധിച്ച കരട് നിയമത്തില്‍ പറയുന്നത് പശു, കാള, പോത്ത് എന്നിവയെക്കുറിച്ചാണ്. ബീഫ് ഇറക്കുമതിയും നിരോധിക്കുന്നു. നാം എന്തു കഴിക്കമെന്നു പോലും ഭരണകൂടം തീരുമാനിക്കുന്ന സ്ഥിതിയാണ്. എല്ലാ തലത്തിലുള്ള ആളുകളുമായി ചേര്‍ന്ന് പ്രതിഷേധം വ്യാപകമാക്കും,” ദ്വീപിലെ എന്‍സിപി നേതാവ് കൂടിയായ അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപ് പഞ്ചായത്ത് സ്റ്റാഫ് റൂൾസ് ഭേദഗതിയാണ് ജനങ്ങളുടെ എതിർപ്പ് വിളിച്ചുവരുത്തിയ മറ്റൊരു കരട് നിയമം. നേരത്തെ പഞ്ചായത്ത് സമിതികള്‍ക്കു ദ്വീപില്‍ വലിയ പങ്കുണ്ടായിരുന്നു. നിലില്‍ അതല്ല സ്ഥിതി. കോവിഡ് മാനദണ്ഡങ്ങള്‍ ലഘൂകരിച്ചതിനെതിരെ പഞ്ചായത്ത് സമിതികള്‍ നടത്തിയ ഇടപെടലുകളൊന്നും അഡ്മിനിസ്ട്രേറ്റര്‍ മുഖവിലയ്ക്കെടുത്തില്ല. ഇതോടൊപ്പം പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന കരട് നിയമവും ദ്വീപ് ജനതയ്ക്കുമേല്‍ ആശങ്ക വിരിക്കുന്നു. രണ്ടില്‍ കൂടുതല്‍ മക്കളുള്ളവരെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കുന്നതാണ് കരട് നിയമം. ഇത് പ്രാദേശിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരെ ഒഴിവാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നാണ് ദ്വീപ് നിവാസികള്‍ കരുതുന്നത്.
ചികിത്സ, ഭക്ഷ്യവസ്തുക്കള്‍, മറ്റ് വസ്തുക്കള്‍ എന്നിവയ്ക്ക് ലക്ഷദ്വീപ് പ്രധാനമായും ആശ്രയിക്കുന്നത് കേരളത്തെയാണ്. ചരക്കുനീക്കത്തില്‍ കോഴിക്കോട് ബേപ്പൂര്‍ തുറമുഖവുമായാണ് ഉറ്റ ബന്ധം. ഇത് മുഴുവനായും വിച്ഛേദിക്കാനും ചരക്കുനീക്കം പൂര്‍ണമായി മംഗളുരു തുറമുഖവുമായി വേണമെന്ന നിര്‍ബന്ധിക്കുന്നതായും ദ്വീപ് നിവാസികള്‍ പറയുന്നു. ഇതിനുപുറമെ ദ്വീപിലെ പാല് ഉത്പന്നങ്ങളുടെ നിര്‍മാണം തീര്‍ത്തും ഇല്ലാതാക്കി ഗുജറാത്തില്‍നിന്ന് അമുല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നീക്കമുണ്ടെന്നും ദ്വീപ് നിവാസികള്‍ ആരോപിക്കുന്നു. ദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടയ്ക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് മേയ് 21ന് ഉത്തരവ് പുപ്പെടുവിച്ചിരുന്നു. ഈ മാസത്തോടെ പശുക്കളെ മുഴുവന്‍ ലേലം ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.
Also Read: ആ ജനതയോട് ഇങ്ങനെ ചെയ്യരുത്; ലക്ഷദ്വീപുകാർക്ക് വേണ്ടി പൃഥ്വിയുടെ തുറന്ന കത്ത്
ടൂറിസത്തിന്റെ പേരിൽ ലക്ഷദ്വീപിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണമെന്നു ജനതാദള്‍ യുണൈറ്റഡ് ലക്ഷദ്വീപ് ഘടകം അധ്യക്ഷന്‍ ഡോ. കെപി മുഹമ്മദ് സാദിഖ് ആവശ്യപ്പെട്ടു. ലക്ഷദ്വീപുകാരുടെ ആവശ്യങ്ങൾക്കു മുൻഗണന നൽകിയല്ലാതെ ടൂറിസം വികസനം കൊണ്ടുവരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
” മാലദ്വീപിൽ താമസിക്കാൻ പറ്റാതെ നിരവധി പേർ സ്ഥലം ഒഴിവാക്കി കേരളത്തിൽ വന്ന് താമസിക്കുന്നുണ്ട്. അതുപോലുള്ള ഒരു അവസ്ഥ ലക്ഷദ്വീപുകാർക്ക് ഉണ്ടാവരുത്. ലക്ഷദ്വീപുകാരുടെ അവകാശങ്ങൾ സംരക്ഷിച്ചു വേണം ടൂറിസം വികസനം കൊണ്ടുവരാൻ. അല്ലാതെ മാലിദ്വീപ് മാതൃകയിലുള്ള വികസനം കൊണ്ടുവരുന്നുവെന്ന് പറഞ്ഞ് ലക്ഷദ്വീപുകാരെ ബുദ്ധിമുട്ടിക്കരുത്,” അദ്ദേഹം പറഞ്ഞു.
ഭൂമിയേറ്റെടുക്കാനുള്ള ശ്രമങ്ങള്‍, ഗുണ്ടാനിയമം, ബീഫ് നിരോധനം, സൊസൈറ്റി റജിസ്ട്രേഷന് ആക്ട് ഭേദഗതി, പഞ്ചായത്ത് റഗുലേഷന് ഭേദഗതി, ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റി എന്ന പേരില്‍ ടൗണ്‍ പ്ലാനിങ്ങ് എന്നിവ സംബന്ധിച്ച കരട് നിര്‍ദേശങ്ങള്‍, വിവിധ മേഖലകളിലെ കരാര്‍ ജീവനക്കാരെ പിരിച്ചുവിടല്‍, നടക്കുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ പ്രവൃത്തികളുടെ കരാറുകള്‍ റദ്ദാക്കൽ എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. ജനം പൊറുതിമുട്ടി കിട്ടുന്ന വിലയ്ക്കു ഭൂമി വിറ്റുപോകാനുള്ള പ്രവണത വരും. അങ്ങനെ വരുമ്പോള്‍ കുത്തക മുതലാളിമാര്‍ വന്ന് ലക്ഷദ്വീപില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും.
പഞ്ചായത്ത് റഗുലേഷന് ഭേദഗതിയിലൂടെ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല, ചീഫ് കൗണ്‍സിലര്‍ എന്ന പദവി നീക്കല്‍, ചെയര്‍ പേഴ്സണ്‍ പകരം ഉത്തരേന്ത്യന്‍ മാതൃകയില്‍ സര്‍പഞ്ച് എന്നിവയൊക്കെയാണു നടപ്പാക്കുന്നത്. ദേശീയ പാത, റിങ് റോഡ്, റയില്‍വേ സ്റ്റേഷന് എന്നിവയൊക്കെ പറഞ്ഞിരിക്കുന്ന ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റിയുടെ കരട് മറ്റേ ഏതോ സ്ഥലത്തുനിന്നു പകര്‍ത്തിക്കൊണ്ടു വന്നതാണെന്ന് ആര്‍ക്കും മനസിലാവുമെന്നും ഡോ. മുഹമ്മദ് സാദിഖ് പറഞ്ഞു.
അതേസമയം, സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള 70 വര്‍ഷത്തിനിടയില്‍ ലക്ഷദ്വീപ് വികസനത്തിന് സാക്ഷ്യം വഹിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭരണകൂടം അതിനാണു ശ്രമിക്കുന്നതെന്നും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
”കരട് നിയമങ്ങളെ ലക്ഷദ്വീപിലെ ആളുകളല്ല എതിര്‍ക്കുന്നത്, മറിച്ച് താല്‍പ്പര്യങ്ങള്‍ അപകടത്തിലാകുന്ന കുറച്ചുപേരാണ്. അല്ലാത്ത പക്ഷം എതിര്‍ക്കേണ്ട അസാധാരണമായ ഒന്നും ഞാന്‍ അതില്‍ കാണുന്നില്ല. ലക്ഷദ്വീപിലെ ദ്വീപുകളില്‍നിന്ന് വളരെ അകലെയല്ലാത്ത മാലദ്വീപ് ആഗോള വിനോദസഞ്ചാര കേന്ദ്രമാണ്. ഇക്കാലങ്ങളിലൊന്നും ലക്ഷദ്വീപ് ഒരു വികസനത്തിനും സാക്ഷ്യം വഹിച്ചിട്ടില്ല. ടൂറിസം, തേങ്ങ, മത്സ്യം, കടല്ചെടി എന്നിവയുടെ ആഗോള ഹബ്ബായി മാറ്റാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
”ലക്ഷദ്വീപ് വികസന അതോറിറ്റി ഉണ്ടെങ്കില്‍, ഭാവിയില്‍ ഇതൊരു സ്മാര്‍ട്ട് സിറ്റിയായി വികസിപ്പിക്കാന്‍ കഴിയും. അതുപോലെ, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയമമുണ്ടാകുന്നതില് എന്താണ് തെറ്റ്?” അദ്ദേഹം ചോദിച്ചു. ഇപ്പോഴുള്ളത് എല്ലാം നിയമത്തിന്റെ കരടുകളാണെന്നും ആളുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും പട്ടേല്‍ പറഞ്ഞു.
ബീഫ് അല്ലെങ്കില്‍ ബീഫ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയോ കടത്തോ നിരോധിക്കുന്ന നിര്‍ദിഷ്ട നിയമം സംബന്ധിച്ച്, ”ഇതിനെ എതിര്‍ക്കുന്നവര്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഞങ്ങളോട് പറയണം,” എന്നാണ് പട്ടേല്‍ പതികരിച്ചത്. പുതിയ കോവിഡ് മാനദണ്ഡങ്ങളുടെ കാര്യത്തിൽ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സേവ് ലക്ഷദ്വീപ് ക്യാമ്പയിന്
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പുതിയ പരിഷ്കാരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ആശങ്കയുമാണ് ദ്വീപുകളില്‍ ഉയരുന്നത്. ‘സേവ് ലക്ഷദ്വീപ്’ എന്ന ക്യാമ്പയിനുമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷന് (എല്‍എസ്എ) എന്ന സ്വതന്ത്ര വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പ്രതിഷേധം നടന്നു. വീട്ടുപടിക്കല്‍ വിദ്യാർഥി വിപ്ലവം എന്ന പേരില്‍ നടന്ന ഓണ്‍ലൈന്‍ പ്രതിഷേധത്തില്‍ എംപി ഉള്‍പ്പെയെടുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം പങ്കാളികളായി. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധങ്ങള്‍ സാധാരണ രൂപത്തിലേക്ക് ഉയര്‍ന്നിട്ടില്ല. അതേസമയം, പ്രതിഷേധിക്കുന്നവരെ അഡ്മിനിസ്ട്രേഷന് വേട്ടയാടുമോയെന്ന ആശങ്ക പൊതുപ്രവര്‍ത്തകരിലും സാമൂഹികപ്രവര്‍ത്തകരിലും വ്യാപകമാണ്.

ലക്ഷദ്വീപിലെ പരിഷ്കാരങ്ങള്‍ക്കെതിരെ കേരളത്തിലും വലിയ രീതിയില്‍ ശബ്ദങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും രംഗത്തെത്തി. ലക്ഷദ്വീപില്‍നിന്നു വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ദ്വീപ് നിവാസികളുടെ സംസ്കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപും കേരളവുമായി ദീര്‍ഘകാലത്തെ ബന്ധമാണ്. പരസ്പര സഹകരണത്തിലൂടെയാണ് ദ്വീപ് നിവാസികളും നമ്മളും മുന്നോട്ടു പോവുന്നത്. വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, വ്യാപാരം ഇത്തരം കാര്യങ്ങളിലൊക്കെ വളരെ ദൃഢമായ ബന്ധമാണുള്ളത്. ഇതു തകര്‍ക്കാന്‍ ഗൂഢശ്രമം ആരംഭിച്ചതായാണ് വാര്‍ത്തകളില്‍ കാണുന്നത്. സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് അത്തരം നിലപാട്. അത് തീര്‍ത്തും അപലപനീയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
Also Read: ലക്ഷദ്വീപിലേത് അതീവ ഗൗരവമുള്ള വിഷയം, ഒരു തരത്തിലും അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി
വിനാശകരമായ പരിഷ്കാരങ്ങളില്‍നിന്ന് അഡ്മിനിസ്ട്രേഷന് പിന്‍വാങ്ങണമെന്ന് എംപിമാരായ എളമരം കരീം, ഇടി മുഹമ്മദ് ബഷീര്‍, മുന്‍ എംഎല്‍എ വിടി ബല്‍റാം തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ എത്രയും പെട്ടെന്ന് ലക്ഷദ്വീപില്‍നിന്നു തിരിച്ചുവിളിക്കണമെന്ന് എളമരം കരീം രാഷ്ട്രപതിക്കു നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
99 ശതമാനത്തിലധികം മുസ്ലിം സമൂഹം താമസിക്കുന്ന ലക്ഷദ്വീപില്‍ വിഷവിത്ത് പാകുന്ന ജോലിയിലാണ് ബി.ജെ.പിയെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ആയി പ്രഫുല്‍ ഖോദ പട്ടേലിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത് ദ്വീപിനെ എത്രയും വേഗം വര്‍ഗീയവത്കരിക്കുക ദൗത്യത്തോടെയാണെന്നും ഇടി മുഹമ്മദ് ബഷീര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സര്‍ക്കാര്‍ അടിയന്തിരമായി തെറ്റ് തിരുത്തണമെന്നും അഡിമിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരില്‍ ചെയ്തത് പോലെ തദ്ദേശീയരായ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളേയും സാധാരണ ജീവിതത്തേയും അട്ടിമറിച്ച് തന്നിഷ്ടം നടപ്പാക്കാനുള്ള നീക്കങ്ങളാണ് ലക്ഷദ്വീപില്‍ കാണാനാവുന്നതെന്നു വിടി ബല്‍റാം ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ചലച്ചിത്ര അഭിനേതാക്കളായ പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത്, നവാഗത ചലച്ചിത്ര സംവിധായികയും ലക്ഷദ്വീപ് നിവാസിയുമായ ഐഷ സുല്‍ത്താന തുടങ്ങി വിവിധ മേഖലകളിലെ നിരവധി പേരും പരിഷ്കാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കഴിഞ്ഞു.