scorecardresearch

പാസയും ടി പി സി ആറും: ലക്ഷദ്വീപിൽ ലക്ഷ്യമിടുന്നത് എന്ത്?

“ഈ രണ്ട് നിയമങ്ങളും ചേർത്ത് വായിക്കുമ്പോൾ തോന്നുന്നത് പ്രഫുൽ പട്ടേലും അദ്ദേഹം നേതൃത്വം നൽകുന്ന ഭരണകൂടവും നോട്ടമിടുന്നത് ഇവിടത്തെ മണ്ണാണ്” ലക്ഷദ്വീപിൽ സംഭവിക്കുന്നതെന്ത് എന്ന് ദ്വീപ് നിവാസിയായ മുജീബ് ഖാൻ എഴുതുന്നു

പാസയും ടി പി സി ആറും: ലക്ഷദ്വീപിൽ ലക്ഷ്യമിടുന്നത് എന്ത്?

ലക്ഷദ്വീപ്, അറബിക്കടലിൽ ചിതറിക്കിടക്കുന്ന ഒരു പറ്റം പവിഴദ്വീപുകളുടെ സമൂഹം. സമാധാനത്തിനും ദേശീയതയ്ക്കും പേരുകേട്ട സ്ഥലം. ലക്ഷദ്വീപ് ഒരിക്കലെങ്കിലും സന്ദർശിച്ചവർ എന്നും മനസിൽ സൂക്ഷിക്കുന്ന നന്മ വറ്റാത്ത മനുഷ്യസ്നേഹികളുടെ നാട്. എന്നാൽ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപ് ഇന്ന് അത്ര ശാന്തമല്ല. എപ്പോൾ വേണമെങ്കിലും തങ്ങൾ തുറങ്കിലടയ്ക്കപ്പെട്ടേക്കാം അല്ലെങ്കിൽ സ്വന്തം ഭൂമിയിൽനിന്നു കുടിയിറക്കപ്പെട്ടേക്കാം എന്ന ഭയം ജനങ്ങളിൽ നിഴലിച്ചു നിൽക്കുന്നു.

എന്തായിരിക്കാം ദ്വീപ് ജനതയെ ഇത്ര അലട്ടുന്നത്, എന്തിനാണ് മുൻപെങ്ങും കാണാത്ത തരത്തിലുള്ള പ്രതിഷേധ സ്വരങ്ങൾ അവിടെനിന്ന് ഉയരുന്നത്. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പുറത്തിറക്കിയ അര ഡസനോളം വരുന്ന കരട് വിജ്ഞാപനങ്ങളാണ് ഇതിന്റെ പ്രധാന കാരണം.

ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമയുടെ മരണത്തെത്തുടർന്നാണ് 2020 ഡിസംബറിൽ പ്രഫുൽ പട്ടേലിനു ഇവിടത്തെ അധിക ചുമതലകൂടി നൽകുന്നത്. അദ്ദേഹം ലക്ഷദ്വീപിൽ കാലുകുത്തിയ ഉടനെ ചെയ്തത് രണ്ടുവർഷം മുമ്പ് സി എ എയ്ക്ക് എതിരെ ഫ്ളക്സ് ബോർഡ് വച്ചവർക്കെതിരെ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു. കൂടാതെ ദ്വീപുകാരെ എല്ലാവകുപ്പുകളുടെയും തലപ്പത്തുനിന്നു നീക്കം ചെയ്യുന്നതിലൂടെ, തന്ത്രപ്രധാനമായ തീരുമാനങ്ങളെടുക്കാനുള്ള എല്ലാ കമ്മിറ്റികളിൽ നിന്നും ദ്വീപുകാർ മാറ്റിനിർത്തപ്പെട്ടു. ഇത്തരം പ്രവൃത്തികൾ പുതിയ ഭരണാധികാരി ജനങ്ങൾക്കെതിരാണെന്ന വിശ്വാസത്തിന് അടിത്തറയിട്ടു. ഇത് ശക്തിപ്പെടുത്തുന്നതായിരുന്നു പിന്നീടങ്ങോട്ട് വന്ന പല വിജ്ഞാപനങ്ങളും. ചുരുക്കിപ്പറഞ്ഞാൽ ഒരു തരത്തിലുള്ള അടിച്ചമർത്തൽ. തങ്ങളുടെ നാട്ടിൽ എന്ത് നടക്കണമെന്ന് തീരുമാനിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തിൽനിന്നു തദ്ദേശീയരെ മുഴുവൻ ഒഴിവാക്കി.

Lakshadweep land acquisition, opinion, mujeeb khan, iemalayalam

ലക്ഷദ്വീപ് എന്നും ശാന്തതയുടെ പര്യായപദമായിരുന്നു. കേരളത്തോട് ചേർന്നു കിടക്കുന്ന ഈ കേന്ദ്രഭരണ പ്രദേശം ഏറെ പ്രത്യേകതളുള്ള ദേശം കൂടെയാണ്. വിനോദസഞ്ചാര വികസന സാധ്യതകൾ ഏറെയുള്ള പ്രദേശമെന്ന നിലയിൽ പലപ്പോഴും ലക്ഷദ്വീപ് പലരുടെയും ശ്രദ്ധയിൽ കടന്നുവന്നിട്ടുണ്ട്. അതിനു പ്രധാന കാരണം ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ശാന്തതയും കുറഞ്ഞ ക്രൈം റേറ്റുമൊക്കെയാണ്. കടലിലെ പ്രക്ഷുബ്ധതകളൊന്നു ദ്വീപ് നിവാസികളുടെ പെരുമാറ്റത്തിലില്ല. അവർ പൊതുവേ ശാന്തപ്രകൃതരാണ്. ആ കരയും കടലും അവരുടെ ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളാണ്. അവരുടെ ഭക്ഷണവും ഭാഷയുമൊക്കെ അവരുടേതായ ശൈലിയും രുചിയും കലർന്നതാണ്. അവരുടെ ജീവിതത്തിനും സംസ്കാരത്തിനും മേലെയാണ് ഇപ്പോൾ അധികാരം അശനിപാതം പോലെ പതിക്കുന്നത്.

Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?

ഇദ്ദേഹം വളരെ വേഗത്തിൽ നടപ്പാക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ദ്വീപ് വാസികൾക്കെതിരായ കാര്യങ്ങളാണ് ഇവയൊക്കെ എന്നാണ് നിഗമനം. അവയിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടേണ്ടത് രണ്ടു കരട് വിജ്ഞാപനങ്ങളാണ്.

1. ലക്ഷദ്വീപ് പ്രിവൻഷൻ ഓഫ് ആന്റി സോഷ്യൽ ആക്ടിവിറ്റീസ് റഗുലേഷൻ – പാസാ ( The Lakshadweep Prevention of Anti Social Activities Regulation – PASA)

2. ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിങ് റഗുലേഷൻ 2021 – ടി സി പി ആർ 2021-( Lakshadweep Town and Country Planning Regulation 2021-TCPR 2021))

എന്താണ് ടി സി പി ആർ? അത് ലക്ഷ്യമിടുന്നത് എന്ത് ?

തിരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോ ദ്വീപ് ജനതയോ ഉൾപ്പെടാത്ത, അഡ്മിനിസ്ട്രേറ്റർ നിയമിക്കുന്നവർ ഉൾപ്പെടുന്ന ദ്വീപ് വികസന അതോറിറ്റിക്ക് വികസന പ്രവർത്തനങ്ങളുടെപേരിൽ ലക്ഷദ്വീപിലെ ഏതു സ്ഥലവും ഏറ്റെടുക്കുന്നതിന് പൂർണ അധികാരം നൽകുന്നതാണ് ഇതിലെ രണ്ടാമത്തെ വിജ്ഞാപനമായ ടി സി പി ആർ. കൂടാതെ ഇതിനെ എതിർക്കുന്നവർക്ക് രണ്ടു ലക്ഷം രൂപ വരെ പിഴ ചുമത്താമെന്നും വ്യവസ്ഥ ചെയ്യുന്നു. പിഴ ഒടുക്കാത്ത പക്ഷം ദിവസം ഇരുപത്തയ്യായിരം രൂപ വരെ അധിക പിഴ ചുമത്താം. കൂടാതെ സ്ഥലത്തു നിലനിൽക്കുന്ന വസ്തുക്കൾ ഉടമസ്ഥൻ സ്വയം നീക്കം ചെയ്യേണ്ടതും അല്ലാത്ത പക്ഷം അതിനുള്ള ചെലവ് കൂടി ഉടമസ്ഥനിൽനിന്ന് ഈടാക്കാൻ ഇത് വ്യവസ്ഥ ചെയ്യുന്നു.

Lakshadweep land acquisition, opinion, mujeeb khan, iemalayalam

ഇത് അങ്ങേയറ്റം ജനദ്രോഹപരമായ വിജ്ഞാപനമായിട്ടാണ് ദ്വീപിലെ ജനങ്ങൾ വിലയിരുത്തുന്നത്. കൂടാതെ, തങ്ങളുടെ വാസസ്ഥലം എന്നന്നേക്കുമായി നഷ്ടപ്പെടാൻ പോകുന്നുവെന്ന ഭീതി അവരിൽ ആഴത്തിൽ പതിഞ്ഞിരുന്നു.

ഭൂമി ഏറ്റെടുക്കലിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഭൂമിയുടെ ഉടമസ്ഥനുള്ള നഷ്ടപരിഹാരങ്ങളെപ്പറ്റിയും പുനരധിവാസ പദ്ധതികളെപ്പറ്റിയും വിജ്ഞാപനം മൗനം പാലിക്കുന്നു. ഇത് കൂടി ചേർത്ത് വായിക്കുമ്പോഴാണ് ലക്ഷദ്വീപ് വാസികളെ ആട്ടിപ്പായിക്കാനുള്ള കരുനീക്കമാണ് ഇതെന്ന വിശ്വാസം അവരിൽ വേരുറപ്പിക്കുന്നത്.

അതിലുപരി, ഈ വിജ്ഞാപനം സീ ഷെല്ലും കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപും തമ്മിലുള്ള കേസിലെ സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

പാസയുടെ ലക്ഷ്യമെന്ത്?

നിലവിൽ പൊലീസ് ആക്ട് നിലനിൽക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. അതിനെ ഒന്നുകൂടി പരിഷ്കരിച്ചു, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ എന്ന പേരിൽ ലക്ഷദ്വീപ് ഭരണകൂടം ആദ്യമായി പുറത്തിറക്കിയ വിജ്ഞാപനമാണ് പാസാ (PASA) . ഇന്ത്യയിൽ തന്നെ ക്രൈം റേറ്റ് ഏറ്റവും കുറവുള്ള ഇവിടെ എന്തിനാണ് ഇങ്ങനെയൊരു ഗുണ്ടാ ആക്ട് എന്നുള്ളത് തന്നെ സംശയത്തിന് വക നൽകുന്നു. അഡ്മിനിസ്ട്രേറ്റർക്കെതിരെ ശബ്ദമുയർത്തുന്നവരെ ഉന്മൂലനം ചെയ്യാനുള്ള വജ്രായുധമാണ് ഈ വിജ്ഞാപനമെന്ന ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഏതു വ്യക്തിയേയും വിചാരണ കൂടാതെ ഒരു വർഷം വരെ തടങ്കലിൽ വയ്ക്കാൻ അഡ്മിനിസ്ട്രേറ്റർക് അധികാരം നൽകുന്നതാണ് പാസയിലെ വ്യവസ്ഥകൾ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Also Read: കേരളത്തിലേക്ക് അധികം ദൂരമില്ല; ലക്ഷദ്വീപ് നിവാസികൾക്ക് പിന്തുണയുമായി സലീം കുമാർ

പ്രത്യക്ഷത്തിൽ ഇതിൽ എന്താണ് ഇത്രയ്ക്കു വേവലാതിപ്പെടാനുള്ളതെന്ന് തോന്നാം.എന്നാൽ, വ്യവസ്ഥയിലെ പ്രോപ്പർട്ടി ഗ്രാബ്ബർ (property grabber) അഥവാ സ്ഥലം കൈയേറ്റക്കാരൻ എന്ന വകുപ്പ് അത്ര നിസ്സാരമോ നിഷ്കളങ്കമോ അല്ല, പ്രതേകിച്ചും പണ്ടാര ഭൂമി പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിൽ.

കൽപ്പെനി, കവരത്തി, മിനിക്കോയ്, ആന്ദ്രോത് തുടങ്ങിയ ദ്വീപുകളുടെ നല്ലൊരു ശതമാനവും പണ്ടാര ഭൂമിയാണെന്നിരിക്കെ ഇവിടത്തെ ജനങ്ങളെ പുതിയ ആക്ടിലൂടെ എളുപ്പത്തിൽ ഒഴിപ്പിക്കാമെന്ന് എന്നും ഭരണകൂടം കണക്കു കൂട്ടുന്നു. ഇതിനുള്ള ഏറ്റവും വലിയ തെളിവാണ് അടുത്തിടെ ഹോസ്പിറ്റൽ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി അതിനു അടുത്തുള്ള കെട്ടിട ഉടമയ്ക്കു നൽകിയ ഒഴിപ്പിക്കൽ നോട്ടീസ്. അതിൽ ഇപ്പറഞ്ഞ “പ്രോപ്പർട്ടി ഗ്രാബ്ബർ ” എന്നപ്രയോഗം കാണാൻ ഇടയായി. ഉടമ കേരള ഹൈ കോടതിയിൽനിന്നു സ്റ്റേ ഓർഡർ സമ്പാദിച്ചിരിക്കുകയാണ് ഇപ്പോൾ.

Lakshadweep land acquisition, opinion, mujeeb khan, iemalayalam

ഈ രണ്ടു നിയമങ്ങളും ചേർത്ത് വായിക്കുമ്പോൾ തോന്നുന്നത് പ്രഫുൽ പട്ടേലും അദ്ദേഹം നേതൃത്വം നൽകുന്ന ഭരണകൂടവും നോട്ടമിടുന്നത് ഇവിടത്തെ മണ്ണാണ് എന്നാണ്. പ്രകൃതി രമണീയമായ ദ്വീപുകളുടെ ടൂറിസം സാധ്യതകളാണ്. പൊതുജന പങ്കാളിത്തത്തോടെ വികസന പദ്ധതികൾ നടപ്പാക്കുന്നതിന് പകരം അവരെ ആട്ടിയോടിച്ച് എവിടെയോ ഉള്ള ആർക്കോ ഇവിടത്തെ മണ്ണ് തീറെഴുതാനുള്ള ശ്രമമാണിതെന്ന് തോന്നൽ ശക്തമാണ്. അതിന് അവർക്ക് അവരുടേതായ കാരണങ്ങളുമുണ്ട്. ഈ നിയമ നീക്കം ആ തോന്നലിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു. തദ്ദേശ ജനതയോട് അധികാരികൾ പുലർത്തുന്ന കോളനി മനോഭാവത്തിനും കൊള്ളയ്ക്കും എതിരെയാണ് ഇവിടത്തെ ജനങ്ങൾ പ്രതിഷേധിക്കുന്നത്.

Also Read: ആ ജനതയോട് ഇങ്ങനെ ചെയ്യരുത്; ലക്ഷദ്വീപുകാർക്ക് വേണ്ടി പൃഥ്വിയുടെ തുറന്ന കത്ത്

ഇതിനു പുറമെ, ലക്ഷദ്വീപിലെ ഏക ജനാധിപത്യ ഭരണ സംവിധാനമായ ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചതും രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അസാധുവാക്കുന്നതു ഉൾപ്പടെയുള്ള പഞ്ചായത്ത് റെഗുലേഷൻ അമെൻഡ്മെന്റ്, സഹകരണ സംഘം റെഗുലേഷൻ, അനിമൽ പ്രിസർവഷൻ ആക്ട് തുടങ്ങി യാഥാർത്ഥ്യബോധമില്ലാത്ത ജനവിരുദ്ധ വിജ്ഞാപനങ്ങളും പ്രതിഷേധത്തിന് കാരണമായി.

ഇവിടത്തെ പ്രതിഷേധം ഏതെങ്കിലും മതത്തിനു വേണ്ടിയല്ല, ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്. ഇവിടെ കേന്ദ്രഭരണ പ്രദേശമമെന്ന നിലയിൽ ബി ജെ പിയാണ് കഴിഞ്ഞ ഏഴ് വർഷമായി ഭരിക്കുന്നത്. അന്നൊന്നും ഇവിടെനിന്നു പ്രതിഷേധ സ്വരം ഉയർന്നിട്ടില്ല. ഇപ്പോൾ അവർ ശബ്ദം ഉയർത്തുന്നത് തങ്ങളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യ്യുന്ന തരത്തിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന സാഹചര്യത്തിലെത്തിയതിനാലാണ്. ഭരണസംവിധാനങ്ങൾ ജനവിരുദ്ധമായി പെരുമാറുമ്പോൾ കരയിൽ പിടിച്ചിട്ട മീനിനെ പോലെ അതിജീവനത്തിനായി പോരാടുകയാണ് ദ്വീപ് വാസികൾ.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Lakshadweep unrest over new goonda act and land aquisition proposal