/indian-express-malayalam/media/media_files/2025/04/12/2v3f3UShganhm24B4s1a.jpg)
ബിനോയ് വിശ്വം, വി.ശിവൻകുട്ടി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതോടെ സിപിഐ-സിപിഎം ഭിന്നത രൂക്ഷമാകുന്നു. ധാരണാപത്രത്തിൽ ഒപ്പുവെച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. വിഷയം സിപിഐ ചർച്ച ചെയ്യുമെന്നും ഇന്ന് അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഉച്ചയ്ക്ക് 12.30ന് ഓൺലൈനായി ആണ് യോഗം നടക്കുന്നത്.
സിപിഐയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് സംസ്ഥാന സർക്കാർ പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പുവെച്ചത്. പാർട്ടിയുടെ എതിർപ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാനാണ് സിപിഐ തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ വിയോജിപ്പ് സിപിഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
Also Read:രാഷ്ട്രപതിയുടെ സന്ദർശനം; ഇന്ന് കൊച്ചിയിൽ ഗതാഗത നിയന്ത്രണം; അറിയേണ്ട കാര്യങ്ങൾ
ഇടത് നയത്തിൽ നിന്ന് സിപിഐഎം വ്യതിചലിച്ചെന്നാണ് നേതാക്കൾ ഉയർത്തുന്ന വിമർശനം. അനന്തര നടപടികൾ ആലോചിക്കാൻ സിപിഐ ദേശീയ-സംസ്ഥാന സെക്രട്ടേറിയേറ്റുകൾ ഇന്ന് അടിയന്തരയോഗം വിളിച്ചു.അതേസമയം, പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ചുള്ള വിവാദം പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്നായിരുന്നു എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു.
ഇന്നലെയാണ് പിഎം ശ്രീയിൽ ചേരാനുള്ള ധാരണപത്രത്തിൽ സർക്കാർ ഒപ്പുവെച്ചത്. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിനായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. തടഞ്ഞു വച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി കേരളം മാറിയതോടെ 1500 കോടി രൂപ ഉടൻ സംസ്ഥാനത്തിന് ലഭിക്കും. കേരളം പദ്ധതിയുടെ ഭാഗമാകുന്നതോടെ ദേശീയ വിദ്യാഭ്യാസ നയം പിന്തുടരേണ്ടി വരും.
Also Read:സിപിഐയുടെ എതിർപ്പ് തള്ളി; പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചു
കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഫണ്ട് വെറുതെ പാഴാക്കി കളയണോ എന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടേത്. പദ്ധതി നടപ്പാക്കാതെ കേരളത്തിന് മുന്നോട്ടുപോകാൻ കഴിയില്ലെന്നും നിയമപരമായി തടസങ്ങൾ ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്. സിപിഎമ്മനുള്ളിലും ഇതേ നിലപാടാണ്. പിഎം ശ്രീ പദ്ധതിയിലെ വിയോജിപ്പ് തുടരുമെന്ന സിപിഐയുടെ നിലപാട് തള്ളിയാണ് സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായത്.
Also Read:പിഎം ശ്രീ പദ്ധതി; എൽഡിഎഫിൽ പ്രതിസന്ധി, എതിർപ്പ് ശക്തമാക്കി സിപിഐ
2020ൽ മോദി സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സെപ്റ്റംബർ ഏഴിന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ അഥവാ പിഎം ശ്രീ. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്.
രാജ്യത്തെ 14,500 സർക്കാർ സ്‌കൂളുകളെ മാതൃകാ സ്ഥാപനങ്ങളായി ഉയർത്തുമെന്നാണ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസർക്കാർ അറിയിച്ചത്. 27,000 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ വകയിരുത്തിയത്. ഈ പദ്ധതിയിൽ പ്രവേശിക്കുന്നതിനായി സ്‌കൂളുകൾക്ക് മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരുന്നു. തമിഴ്‌നാട്, പശ്ചിമബംഗാൾ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളാണ് പദ്ധതിയിൽ ചേരാതെ പുറത്തുനിന്നിരുന്നത്.
Read More:ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us