/indian-express-malayalam/media/media_files/eUgzeKgXKXiOkdM1WVud.jpg)
റോഡ് ഷോയിൽ പാലക്കാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും പങ്കെടുക്കുന്നുണ്ട് (ഫയൽ ചിത്രം)
പാലക്കാട്: സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് കൂടുതൽ ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് നഗരത്തിൽ റോഡ് ഷോ നടത്തി. കോട്ടമൈതാനത്തെ അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം വരെ 900 മീറ്റർ പരിധിയിൽ അര ലക്ഷത്തിലധികം ബിജെപി പ്രവർത്തകരാണ് പ്രധാനമന്ത്രിയെ കാണാൻ എത്തിയിരുന്നത്.
പ്രവർത്തകരുടെ ആവേശത്തിനും നരേന്ദ്ര മോദീ കി ജയ്, ഭാരത് മാതാ കീ ജയ്, ജയ് ശ്രീ രാം, വന്ദേമാതരം വിളികൾക്കും പുഷപവൃഷ്ടിക്കും നടുവിലൂടെയാണ് പ്രധാനമന്ത്രി നീങ്ങിയത്. റോഡിന് ഇരുവശത്തുമായി തിങ്ങിനിറഞ്ഞ പ്രവർത്തകരോടെ നിറഞ്ഞ ചിരിയോടെ തന്നെ മോദി കൈവീശി കാണിക്കുന്നുണ്ടായിരുന്നു.
രാവിലെ 10.25ഓടെ മേഴ്സി കോളേജ് ഗ്രൗണ്ടിലാണ് പ്രധാനമന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ വന്നിറങ്ങിയത്. നാല് ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാണ് മോദി എത്തിയത്. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, പാലക്കാട്, പൊന്നാനി, മലപ്പുറം സ്ഥാനാർത്ഥികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന്റെ പ്രചാരണത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി പാലക്കാട് എത്തിയത്. തുടർന്ന് റോഡ് മാർഗ്ഗം 10.35ഓടെ അഞ്ച്‌വിളക്കിലേക്ക് എത്തിച്ചേർന്നു. കൃത്യം 10.45ഓടെ റോഡ് ഷോ ആരംഭിച്ചു. 11.15ഓടെ റോഡ് ഷോ അവസാനിപ്പിച്ചു.
പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ പാലക്കാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും പങ്കെടുത്തു. റോഡ് ഷോയുടെ ഭാഗമായി കനത്ത സുരക്ഷാക്രമീകരണങ്ങളും ഒരുക്കങ്ങളും പാലക്കാട് ഒരുക്കിയിരുന്നു. നിലവിൽ മൂവായിരത്തോളം പൊലീസുകാരുടെ സുരക്ഷാവലയത്തിലാണ് പാലക്കാട് നഗരം.
രാവിലെ 7 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണവും സുരക്ഷാ ഉദ്യോഗസ്ഥർ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം എ ക്ലാസ് മണ്ഡലമായ പാലക്കാട്ടെ ഉൾപ്പെടെ വിജയസാധ്യതയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്.
Read More:
- ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി ; കേരളത്തിൽ ഏപ്രിൽ 26 ന്
- ഇലക്ടറൽ ബോണ്ടുകൾ മോദിയുടെ 'ഗുണ്ടാ' പിരിവെന്ന് രാഹുൽ ഗാന്ധി
- തൊഴിലാളിയിൽനിന്നും ലോട്ടറി രാജാവായി മാറിയ സാന്റിയാഗോ മാർട്ടിൻ; തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരിൽ നമ്പർ 1
- ഇലക്ട്രൽ ബോണ്ട്; ആദ്യ അഞ്ചിൽ മൂന്നു കമ്പനികളും ബോണ്ട് വാങ്ങിയത് ഇഡി- ഐടി അന്വേഷണം നേരിടുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.