/indian-express-malayalam/media/media_files/uploads/2019/05/Palarivattam-By-pass.jpg)
Palarivattam Over Bridge
കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. പാലത്തിന്റെ നിര്‍മാണത്തിനുപയോഗിച്ചത് നിലവാരമില്ലാത്ത സിമന്റാണെന്നും ആവശ്യത്തിനു കമ്പികള്‍ ഉപയോഗിച്ചില്ലെന്നും വിജിലന്‍സ് തയ്യറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Read More: പാലാരിവട്ടം ബൈപ്പാസ് നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട്; കേസെടുക്കാന്‍ ശുപാര്‍ശ
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലെയും കിറ്റ്‌ക്കോയിലെയും ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തത്. ഇന്ന് മൂവാറ്റുപുഴ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിക്കാനും തീരുമാനമായി. നിര്‍മാണത്തിന്റെ കരാറുകാരായ ആര്‍.ഡി.എസ് കമ്പനി എം.ഡി സുമിത് ഗോയലാണ് കേസിലെ ഒന്നാംപ്രതി. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്റ്സ് രണ്ടാം പ്രതിയാണ്.
പാലം പണി നടത്തിയ ആര്‍ഡിഎസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സുമിത് ഗോയലിന്റെ അടക്കം മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി പ്രാഥമികാന്വേഷണത്തിലും വ്യക്തമായിരുന്നു. പാലത്തില്‍ നിന്നും വിജിലന്‍സ് ശേഖരിച്ച കോണ്‍ക്രീറ്റിന്റെയും കമ്പിയുടെയുമടക്കമുള്ള സാംപിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിലും ക്രമക്കേട് ബോധ്യമായിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേസെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Read More: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ ഒത്തുകളിച്ചെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി ചെന്നൈ ഐ.ഐ.ടിയിലെ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലന്‍സ് ഡി.വൈ.എസ്.പി. അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണസംഘം കഴിഞ്ഞദിവസം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Read More: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മന്ത്രി ജി.സുധാകരന്‍
പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് പൊതുമരമാത്ത് മന്ത്രി ജി.സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു. അറ്റകുറ്റ പണികള്‍ നടക്കുന്ന മേല്‍പ്പാലം സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലത്തിന്റെ ബലക്ഷയത്തില്‍ അന്വേഷണം നടത്തും. നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാലത്തിന്റെ അറ്റകുറ്റപണിയല്ല പുനസ്ഥാപിക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പാലം പണിത് മൂന്ന് വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് വീണ്ടും അറ്റകുറ്റ പണികള്‍ക്കായി അടച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. 72 കോടി രൂപ ചെലവഴിച്ച് പണിത പാലമാണിത്. മേല്‍പ്പാലത്തിലെ സ്ലാബുകളില്‍ വിള്ളല്‍ കണ്ടെത്തിയതും പാലത്തിലെ ടാറിളകി റോഡ് തകര്‍ന്നതും പാലത്തെ അപകടാവസ്ഥയിലാക്കിയതോടെയാണ് ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ച് അറ്റകുറ്റ പണികള്‍ക്കായി മേല്‍പ്പാലം അടച്ചിടേണ്ടി വന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.