കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. എറണാകുളം സ്‌പെഷല്‍ യൂണിറ്റാണ് അന്വേഷണം തുടങ്ങിയത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനും കിറ്റ്‌കോയും അന്വേഷണ പരിധിയില്‍ വരും. അന്വേഷണസംഘം പാലാരിവട്ടത്തെത്തി പാലം പരിശോധിക്കും. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Read More: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മന്ത്രി ജി.സുധാകരന്‍

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് പൊതുമരമാത്ത് മന്ത്രി ജി.സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു. അറ്റകുറ്റ പണികള്‍ നടക്കുന്ന മേല്‍പ്പാലം സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലത്തിന്റെ ബലക്ഷയത്തില്‍ അന്വേഷണം നടത്തും. നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാലത്തിന്റെ അറ്റകുറ്റപണിയല്ല പുനസ്ഥാപിക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പാലാരിവട്ടം ഓവർ ബ്രിഡ്ജ് സന്ദർശിച്ചപ്പോൾ

‘രാഷ്ട്രീയ’ അന്വേഷണമല്ല നടക്കുന്നതെന്നും ജി.സുധാകരന്‍ മേല്‍പ്പാലം സന്ദര്‍ശിച്ച ശേഷം പറഞ്ഞു. നിര്‍മാണം, മേല്‍നോട്ടം എന്നിവയില്‍ വീഴ്ച വന്നിട്ടുണ്ട്. ഈ വലിയ വീഴ്ചയുടെ ഉത്തരവാദികളെ അന്വേഷണത്തില്‍ കണ്ടെത്തും. എറണാകുളത്തുകാര്‍ക്ക് ഉണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും മെട്രോ വന്നതുകൊണ്ട് യാത്രാക്ലേശം പരിഹരിക്കാന്‍ സാധിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാലാരിവട്ടം മേൽപ്പാലത്തിലെ അറ്റകുറ്റപ്പണികൾ; ഗതാഗത നിയന്ത്രണം

കഴിഞ്ഞ ദിവസമാണ് അറ്റകുറ്റ പണികള്‍ക്കായി പാലാരിവട്ടം മേല്‍പ്പാലം അടച്ചിട്ടത്. പാലം പണിത് മൂന്ന് വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് വീണ്ടും അറ്റകുറ്റ പണികള്‍ക്കായി അടച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. 72 കോടി രൂപ ചെലവഴിച്ച് പണിത പാലമാണിത്. മേൽപ്പാലത്തിലെ സ്ലാബുകളിൽ വിള്ളൽ കണ്ടെത്തിയതും പാലത്തിലെ ടാറിളകി റോഡ് തകർന്നതും പാലത്തെ അപകടാവസ്ഥയിലാക്കിയതോടെയാണ് ഗതാഗതം താൽക്കാലികമായി നിർത്തിവച്ച് അറ്റകുറ്റ പണികൾക്കായി മേൽപ്പാലം അടച്ചിടേണ്ടി വന്നത്.

ജൂൺ ആദ്യ ആഴ്ചയിൽ തന്നെ മേൽപ്പാലം പണികൾ തീർത്ത് വീണ്ടും തുറക്കാൻ സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഗുജറാത്ത് കമ്പനിയായ ആർഡിഎസ് കൺസ്ട്രക്ഷൻസാണ് പാലം നിർമ്മിച്ചത്. യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു നിർമ്മാണം. അതേസമയം, പാലാരിവട്ടം മേൽപ്പാലം അടച്ചത് വലിയ ഗതാഗത കുരുക്കിന് കാരണമായിട്ടുണ്ട്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.