Palarivattam Fly Over Reconstruction: കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് പൊതുമരമാത്ത് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. അറ്റകുറ്റ പണികള്‍ നടക്കുന്ന മേല്‍പ്പാലം സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. പാലത്തിന്റെ ബലക്ഷയത്തില്‍ അന്വേഷണം നടത്തും. നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാലത്തിന്റെ അറ്റകുറ്റപണിയല്ല പുനസ്ഥാപിക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Read More: പാലാരിവട്ടം ബൈപ്പാസിലെ ഫ്‌ളൈ ഓവറില്‍ അറ്റകുറ്റപ്പണി; മെയ് ഒന്ന് മുതല്‍ ഗതാഗത ക്രമീകരണം
‘രാഷ്ട്രീയ’ അന്വേഷണമല്ല നടക്കുന്നതെന്നും ജി.സുധാകരന്‍ മേല്‍പ്പാലം സന്ദര്‍ശിച്ച ശേഷം പറഞ്ഞു. നിര്‍മാണം, മേല്‍നോട്ടം എന്നിവയില്‍ വീഴ്ച വന്നിട്ടുണ്ട്. ഈ വലിയ വീഴ്ചയുടെ ഉത്തരവാദികളെ അന്വേഷണത്തില്‍ കണ്ടെത്തും. എറണാകുളത്തുകാര്‍ക്ക് ഉണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും മെട്രോ വന്നതുകൊണ്ട് യാത്രാക്ലേശം പരിഹരിക്കാന്‍ സാധിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് അറ്റകുറ്റ പണികള്‍ക്കായി പാലാരിവട്ടം മേല്‍പ്പാലം അടച്ചിട്ടത്. പാലം പണിത് മൂന്ന് വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് വീണ്ടും അറ്റകുറ്റ പണികള്‍ക്കായി അടച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. 72 കോടി രൂപ ചെലവഴിച്ച് പണിത പാലമാണിത്. മേൽപ്പാലത്തിലെ സ്ലാബുകളിൽ വിള്ളൽ കണ്ടെത്തിയതും പാലത്തിലെ ടാറിളകി റോഡ് തകർന്നതും പാലത്തെ അപകടാവസ്ഥയിലാക്കിയതോടെയാണ് ഗതാഗതം താൽക്കാലികമായി നിർത്തിവച്ച് അറ്റകുറ്റ പണികൾക്കായി മേൽപ്പാലം അടച്ചിടേണ്ടി വന്നത്.

ജൂൺ ആദ്യ ആഴ്ചയിൽ തന്നെ മേൽപ്പാലം പണികൾ തീർത്ത് വീണ്ടും തുറക്കാൻ സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഗുജറാത്ത് കമ്പനിയായ ആർഡിഎസ് കൺസ്ട്രക്ഷൻസാണ് പാലം നിർമ്മിച്ചത്. യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു നിർമ്മാണം. അതേസമയം, പാലാരിവട്ടം മേൽപ്പാലം അടച്ചത് വലിയ ഗതാഗത കുരുക്കിന് കാരണമായിട്ടുണ്ട്.
ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ:
ഇടപ്പള്ളി ഭാഗത്തു നിന്നും വൈറ്റില ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാലാരിവട്ടം ഫ്‌ളൈ ഓവറിന് കിഴക്കുവശമുള്ള താഴത്തെ റോഡിലൂടെ സിഗ്നല്‍ മാര്‍ഗം യാത്ര തുടരേണ്ടതാണ്.
വൈറ്റില ഭാഗത്തു നിന്നും ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാലാരിവട്ടം ഫ്‌ളൈ ഓവറിന് പടിഞ്ഞാറ് വശമുള്ള താഴത്തെ റോഡിലൂടെ സിഗ്നല്‍ മാര്‍ഗം യാത്ര തുടരേണ്ടതാണ്.
പാലാരിവട്ടം ഭാഗത്ത് നിന്നും കാക്കനാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലാരിവട്ടം സിഗ്നലില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒബ്‌റോണ്‍ മാളിന് മുന്നിലുള്ള യുടേണെടുത്ത് കാക്കനാട് ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്.
വൈറ്റില ഭാഗത്തു നിന്നും കാക്കനാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലാരിവട്ടം ഫ്‌ളൈ ഓവറിന് പടിഞ്ഞാറ് വശത്തുള്ള താഴത്തെ റോഡിലൂടെ സിഗ്നല്‍ മാര്‍ഗം യാത്ര ചെയ്ത് ഒബ്‌റോണ്‍ മാളിന് മുന്നിലുള്ള യൂടേണെടുത്ത് കാക്കനാട് ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്.
കാക്കനാട് ഭാഗത്തു നിന്നും പാലാരിവട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലാരിവട്ടം സിഗ്നലില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാലാരിവട്ടം മെഡിക്കല്‍ സെന്ററിന് മുന്നിലുള്ള യൂടേണെടുത്ത് പാലാരിവട്ടം ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്.