കൊച്ചി: പാലാരിവട്ടം ബൈപ്പാസ് നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. ബൈപ്പാസ് നിര്‍മാണ ക്രമക്കേടില്‍ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Read More: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
അന്വേഷണത്തിനിടെ വിജിലൻസ് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപറേഷൻ ഉദ്യോഗസ്ഥരുടെയും മുൻ എംഡി മുഹമ്മദ് ഹനീഷിന്റെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. പാലം രൂപകൽപന ചെയ്ത ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി പ്രതിനിധികളോട് നാളെ വിജിലൻസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പാലത്തിൽ നിന്നും ശേഖരിച്ച് പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം കൂടി ലഭ്യമായതിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്.
പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് പൊതുമരമാത്ത് മന്ത്രി ജി.സുധാകരന് നേരത്തെ അറിയിച്ചിരുന്നു. അറ്റകുറ്റ പണികള്‍ നടക്കുന്ന മേല്‍പ്പാലം സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലത്തിന്റെ ബലക്ഷയത്തില്‍ അന്വേഷണം നടത്തും. നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാലത്തിന്റെ അറ്റകുറ്റപണിയല്ല പുനസ്ഥാപിക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Read More: പാലാരിവട്ടം ബൈപ്പാസിലെ ഫ്ളൈ ഓവറില്‍ അറ്റകുറ്റപ്പണി; മെയ് ഒന്ന് മുതല്‍ ഗതാഗത ക്രമീകരണം
‘രാഷ്ട്രീയ’ അന്വേഷണമല്ല നടക്കുന്നതെന്നും ജി.സുധാകരന് മേല്‍പ്പാലം സന്ദര്‍ശിച്ച ശേഷം പറഞ്ഞു. നിര്‍മാണം, മേല്‍നോട്ടം എന്നിവയില്‍ വീഴ്ച വന്നിട്ടുണ്ട്. ഈ വലിയ വീഴ്ചയുടെ ഉത്തരവാദികളെ അന്വേഷണത്തില്‍ കണ്ടെത്തും. എറണാകുളത്തുകാര്‍ക്ക് ഉണ്ടാകുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും മെട്രോ വന്നതുകൊണ്ട് യാത്രാക്ലേശം പരിഹരിക്കാന്‍ സാധിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാലം പണിത് മൂന്ന് വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് വീണ്ടും അറ്റകുറ്റ പണികള്‍ക്കായി അടച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. 72 കോടി രൂപ ചെലവഴിച്ച് പണിത പാലമാണിത്. മേൽപ്പാലത്തിലെ സ്ലാബുകളിൽ വിള്ളൽ കണ്ടെത്തിയതും പാലത്തിലെ ടാറിളകി റോഡ് തകർന്നതും പാലത്തെ അപകടാവസ്ഥയിലാക്കിയതോടെയാണ് ഗതാഗതം താൽക്കാലികമായി നിർത്തിവച്ച് അറ്റകുറ്റ പണികൾക്കായി മേൽപ്പാലം അടച്ചിടേണ്ടി വന്നത്.