/indian-express-malayalam/media/media_files/2024/11/23/FDlFEgKbGtkBfsPikCxA.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
പാലക്കാട്: വിജയ പ്രതീക്ഷ പങ്കുവച്ച് പാലാക്കാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ആരൊക്കെ വിജയം പ്രതീക്ഷിച്ചാലും അന്തിമ വിജയം മതേതരത്വത്തിന്റേതായിരിക്കുമെന്ന് രാഹുൽ പറഞ്ഞു. ഫലം അറിയുംവരെ പ്രതീക്ഷിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയിലും പഞ്ചായത്തുകളിലും ബിജെപിക്ക് വലിയ ആധിപത്യം ഉണ്ടാക്കാൻ സാധിക്കില്ലെന്നും, മതേതര മുന്നണിയുടെ വലിയ മുന്നേറ്റം കാണാൻ കഴിയുമെന്നും രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം, ജനവിധിയിൽ ആശങ്കയില്ലെന്നും, കണക്കുകൾ വളരെ ഭദ്രമാണെന്നും ഇടത് സ്ഥാനാർത്ഥി ഡോ. പി. സരിൻ പറഞ്ഞു. 14 റൗണ്ടുകൾ എണ്ണുമ്പോളേക്കും എൽഡിഎഫ് മുന്നിൽ തന്നെ ഉണ്ടാകുമെന്നും ആദ്യ രണ്ട് റൗണ്ട് കഴിയുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തുവരാനുള്ള സാഹചര്യമുണ്ടാകുമെന്ന് സരിൻ പറഞ്ഞു.
ഷാഫി പറമ്പിൽ വടകരയിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാലക്കാടൻ കോട്ട കാക്കാൻ യുഡിഎഫ് കളത്തിലിറക്കിയ ശക്തനായ സ്ഥാനാർത്ഥിയാണ് രാഹൂൽ മാങ്കൂട്ടത്തിൽ. യുഡിഎഫ് പാളയത്തിൽ നിന്നുതന്നെ അങ്കത്തിനായി ഡോ. പി. സരിനെ അടർത്തിമാറ്റി കളത്തിലിറക്കിയതോടെ ശക്തമായ പ്രതിരോധമാണ് എൽഡിഎഫ് തീർത്തത്. സി. കൃഷ്ണകുമാറിനെയാണ് മണ്ഡലം നേടാനുള്ള ഉത്തരവാദിത്തം ബിജെപി ഏൽപ്പിച്ചത്.
പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ചേരുന്നതാണ് പാലക്കാട് നിയമസഭ മണ്ഡലം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ 2024 ഒക്‌ടോബർ ഒന്നുവരെയുള്ള കണക്ക് പ്രകാരം 193646 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 93955 പുരുഷൻമാരും 99688പേർ സ്ത്രീകളുമാണ്. മൂന്ന് ട്രാൻസ്‌ജെൻഡർമാരും വോട്ടർപട്ടികയിലുണ്ട്. വോട്ടർമാരിൽ 4541 പേർ കന്നി വോട്ടർമാരാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ കണക്കെടുക്കുകയാണെങ്കിൽ പാലക്കാടിന്റെ നഗരമേഖലയിൽ ബിജെപിക്കാണ് മുൻതൂക്കം. നിലവിൽ പാലക്കാട് നഗരസഭയുടെ തേര് ബിജെപിയാണ് തെളിക്കുന്നത്. 52 കൗൺസിലർമാരിൽ 28 പേരും ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയുടെ പ്രതിനിധികളാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.