/indian-express-malayalam/media/media_files/2024/10/26/Rptq6lCBBGNiQmXI2pM7.jpg)
ചേലക്കരയിലെ മുന്ന് മുന്നണികളുടെയും സാധ്യതകൾ
നാട്ടിൻപുറത്തിന്റെ വിശുദ്ധിയാണ് ചേലക്കരയുടെ ഭംഗി. വേലയും പൂരവും പെരുനാളുമെല്ലാം ഒന്നിച്ചാഘോഷിക്കുന്ന ചേലക്കരയുടെ നട്ടെല്ല് കൃഷിയാണ്. കാർഷിക രംഗത്തെ ഓരോ മാറ്റങ്ങളും ചേലക്കരയുടെ തിരഞ്ഞെടുപ്പ് ഗോദയിൽ പ്രതിഫലിക്കും. കർഷകരുടെ മനസ്സാണ് ചേലക്കരയിൽ എന്നും നിർണായകമാകുന്നത്.
കെ രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആലത്തൂർ മുൻ എംപി രമ്യാ ഹരിദാസിനെയാണ് യുഡിഎഫ് വീണ്ടും കളത്തിലിറക്കിയിരിക്കുന്നത്. എൽഡിഎഫ് ആകട്ടെ മുൻ എംഎൽഎ യുആർ പ്രദീപാണ് അങ്കത്തിനിറങ്ങുന്നത്. കെ ബാലക്യഷ്ണനെയാണ് മണ്ഡലം പിടിക്കാൻ എൻഡിഎ രംഗത്തിറക്കിയത്. ഉപതിരഞ്ഞെടുപ്പിൽ മുന്നണികളുടെ പ്രതീക്ഷകൾ, വെല്ലുവിളികൾ എന്നിവയിലൂടെ ഒരെത്തിനോട്ടം
ഇടത്-വലത് മാറി
തലപ്പിള്ളി താലൂക്കിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ, പഴയന്നൂർ, തിരുവില്വാമല, വള്ളത്തോൾ നഗർ , വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് ചേലക്കര മണ്ഡലം.
ഒറ്റനോട്ടത്തിൽ ഇടതുകോട്ട എന്ന് തോന്നുമെങ്കിലും ചേലക്കര യുഡിഎഫിനും കോൺഗ്രസിനും ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ്. 1965ലാണ് ചേലക്കര നിയോജക മണ്ഡലം രൂപവത്കരിച്ചത്. കോൺഗ്രസിലെ കെകെ ബാലക്യഷ്ണനായിരുന്നു മണ്ഡലത്തിന്റെ പ്രഥമ എംഎൽഎ. എന്നാൽ 1967ൽ പി കുഞ്ഞനിലൂടെ സിപിഎം മണ്ഡലം പിടിച്ചെടുത്തു. എന്നാൽ 1970ൽ കെകെ ബാലകൃഷ്ണനിലൂടെ മണ്ഡലം തിരിച്ചുപിടിച്ച യുഡിഎഫ് 1977ലും 1980ലും മണ്ഡലം നിലനിർത്തി.
/indian-express-malayalam/media/media_files/2024/11/01/Lh3LDTRFPTaKP5GnBjq8.jpg)
1965 മുതൽ 2021 വരെ നടന്ന 14 തിരഞ്ഞെടുപ്പുകളിൽ എട്ട് തവണ വിജയം ഇടതുപക്ഷത്തിനൊപ്പമായിരുന്നെങ്കിൽ ആറ് തവണം വിജയം യുഡിഎഫിനൊപ്പമായിരുന്നു. 1996 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ചത് കെ രാധാകൃഷ്ണനായിരുന്നു. 2006, 2011, 2021 വർഷങ്ങളിൽ രാധാകൃഷ്ണൻ വിജയം ആവർത്തിച്ചു. 2016-ലാണ് നിലവിലെ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ചുരുക്കത്തിൽ ഇടതിനും വലതിനും ഒരുപോലെ മേൽക്കോയ്മ അവകാശപ്പെടാൻ പറ്റുന്ന മണ്ഡലമാണ് ചേലക്കര
കണക്കുകൂട്ടലിൽ മുന്നണികൾ
ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്ന് പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. എഡിഎമ്മിന്റെ മരണം, തൃശൂർ പൂരം അലങ്കോമായത് തുടങ്ങി സംസ്ഥാന രാഷ്ട്രീയത്തിലെ സംഭവവികാസങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഐക്യ ജനാധിപത്യമുന്നണിയുടെ കണക്കുകൂട്ടൽ. ചേലക്കര ഉൾപ്പെടുന്ന ആലത്തൂർ മണ്ഡലത്തിലെ ലോക്‌സഭാ അംഗമെന്ന് നിലയിൽ രമ്യാ ഹരിദാസിന്റെ പ്രവർത്തനങ്ങളും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചേലക്കരയിൽ കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷം ഗണ്യമായി രമ്യയ്ക്ക് കുറയ്ക്കാൻ സാധിച്ചതും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.
ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എംഎൽഎ എന്ന് നിലയിൽ യുആർ പ്രദീപിന്റെ പ്രവർത്തി പരിചയവും വോട്ടാകുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. ഇതിനൊപ്പം കെ രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവവും തങ്ങൾക്ക് അനുകൂലമായി വോട്ടാകുമെന്നും എൽഡിഎഫ് ക്യാമ്പ് കണക്കുകൂട്ടുന്നു.
/indian-express-malayalam/media/media_files/2024/11/01/ZMLuxud9SgFS7XMZCuru.jpg)
സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ഉയർത്തികാട്ടിയാണ് എൻഡിഎം വോട്ടുതേടുന്നത്. ഒപ്പം കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ വോട്ടർമാരിൽ എത്തിക്കാനും ബിജെപി ക്യാമ്പ് ശ്രമിക്കുന്നു. തിരുവില്വാമല പഞ്ചായത്ത് അംഗവും മുൻ വൈസ് പ്രസിഡന്റുമായ കെ.ബാലകൃഷ്ണനെ സ്ഥാനാർഥിയാക്കിയതിലൂടെ പ്രാദേശിക ബന്ധങ്ങൾ ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടൽ. ഇതിന് പുറമേ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ഡോ. സരസു ബിജെപിയുടെ വോട്ട് കുത്തനെ വർധിപ്പിച്ചിരുന്നു. ഇത് നിയമസഭാ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തൽ.
വെല്ലുവിളികൾ
പാർട്ടിയ്ക്കുള്ളിലെ പടലപ്പിണക്കങ്ങൾ തന്നെയാണ് യുഡിഎഫിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. രമ്യാ ഹരിദാസിനെ സ്ഥാനാർഥിയാക്കിയതിൽ എതിർപ്പുമായി ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. കോണ്ഡഗ്രസ് വിട്ട് പിവി അൻവറിന്റെ ഡിഎംകെ പിന്തുണയോടെ മത്സരിക്കുന്ന എൻകെ സുധീർ ഉയർത്തുന്ന വെല്ലുവിളിയും യുഡിഎഫ് ക്യാമ്പിനെ അലട്ടുന്നുണ്ട്.
/indian-express-malayalam/media/media_files/2024/11/01/7gFQh0mkUZSagLeneIwI.jpg)
പൂരം അലങ്കോലമായതും പിപി ദിവ്യയുടെ വിവാദവും ഉൾപ്പടെയുടെ വിവാദങ്ങൾ ഭരണമുന്നണിയായ എൽഡിഎഫിനെ അലട്ടുന്നുണ്ട്. സിപിഎം-ആർഎസ്എസ് ബന്ധമെന്ന് ആരോപണവും ഇടതുപക്ഷത്തിനെ അലട്ടുന്നുണ്ട്. സ്ഥാനാർഥി നിർണയത്തിലെ കാലതാമസം ബിജെപി ക്യാമ്പിനെയും അലട്ടുന്നുണ്ട്. ഇതിന് പുറമേ കൊടകര കള്ളപ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂർ ജില്ലാ കമ്മറ്റി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലും ബിജെപി ക്യാമ്പിനെ അലട്ടുന്നുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.