/indian-express-malayalam/media/media_files/2024/11/27/pnbTv0MMi6fnPiqnB3a1.jpg)
സ്പീക്കർ എഎൻ ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും
തിരുവനന്തപുരം: ചേലക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുആർ പ്രദീപും പാലക്കാട്ട് നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലും എംഎൽഎമാരായി അടുത്ത മാസം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12ന് നിയമസഭാ മെംബെഴ്സ് ലോഞ്ചിലാണ് ചടങ്ങെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. നിയുക്ത എംഎൽഎമാർക്ക് സ്പീക്കർ എഎൻ ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും.
ചേലക്കര എംഎൽഎ കെ രാധാകൃഷ്ണനും പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും ലോക്സഭാ തിരഞ്ഞടുപ്പിൽ ജയിച്ചതോടെയാണ് ഇരുമണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കര എൽഡിഎഫും പാലക്കാട് യുഡിഎഫും നിലനിർത്തി.ചേലക്കരയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി യുആർ പ്രദീപ് 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 64,259 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് 52,626 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ കെ ബാലകൃഷ്ണൻ 33609 വോട്ടുകൾ നേടി.
രാഹുൽ ചരിത്രവിജയം നേടിയാണ് നിയമസഭയിലെത്തുന്നത്. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയർന്ന റെക്കോർഡ് ഭൂരിപക്ഷമാണ് രാഹുൽ കരസ്ഥമാക്കിയത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുൽ വിജയിച്ചത്. 2016 ലെ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുൽ മറികടന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.