/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
എസ്ഐടിയ്ക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്
കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിൽ നോഡൽ ഓഫീസറെ നിയമിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദേശം. പരാതിക്കാർ നേരിടുന്ന ആക്ഷേപങ്ങളും അധിക്ഷേപങ്ങളും നോഡൽ ഓഫീസറെ അറിയിക്കാമെന്നും ഹൈക്കോടതി. ഹേമ കമ്മറ്റിക്ക് മുൻപിൽ പരാതി നൽകിയവർക്ക് നേരെ ഭീഷണിയെന്നും ഒട്ടേറെ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായും ഡബ്ല്യുസിസി കോടതിയെ അറിയിച്ചു.
ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിന് മുന്നിലാണ് ഡബ്ല്യുസിസി നിർണായകമായ വിവരങ്ങൾ അറിയിച്ചത്. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് ഭീഷണികൾ ലഭിക്കുന്നുവെന്നും അവരെ അധിക്ഷേപിക്കുന്നതും പൊതുമധ്യത്തിൽ അപമാനിക്കുന്നതുമായ പ്രസ്താവനകളും പലരും നടത്തുന്നതായും ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. ഈയൊരു സാഹചര്യത്തിൽ പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കണമെന്നാണ് ഡിവിഷൻ ബഞ്ച് നിർദേശിച്ചിട്ടുള്ളത്. പ്രത്യേക അന്വേഷണസംഘത്തിനാണ് ഹൈക്കോടതി നിർദേശം നൽകിയത്.
ആർക്കെങ്കിലും ഇത്തരത്തിൽ അധിക്ഷേപങ്ങളോ, ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ അത് നോഡൽ ഓഫീസറെ അറിയിക്കണം. നോഡൽ ഓഫീസറെ നിയമിച്ച കാര്യങ്ങൾ പരസ്യമാക്കണമെന്നും ഹൈക്കോടതി എസ്ഐടിക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഹർജി പരിഗണിക്കുന്നതിനിടെ സിനിമാനയം രൂപീകരിക്കുന്നത് എപ്പോഴാണെന്ന് ചോദ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടായപ്പോൾ ജനുവരിയിൽ സിനിമ കോൺക്ലേവ് നടത്തുമെന്ന സർക്കാർ അറിയിച്ചു. ഈ കോൺക്ലേവിൽ ഷാജി എൻ കരുൺ സമിതിയുടെ റിപ്പോർട്ട് അവതരിപ്പിക്കും. അതിനുശേഷമായിരിക്കും സിനിമാ നയത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുകയെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.