/indian-express-malayalam/media/media_files/uploads/2017/04/fyjc-admission.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വകാര്യ നിക്ഷേപത്തിന് അനുമതി നൽകിയിട്ടും, കേരളത്തിലെ യുവാക്കൾ പാലായനം തുടരുന്നു. രാജ്യത്തെ മറ്റു പ്രധാന സാമ്പത്തിക, വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കുള്ള മലയാളികളുടെ കുടിയേറ്റത്തിന് കുറവില്ലെന്നാണ് ആഭ്യന്തര കുടിയേറ്റത്തെക്കുറിച്ച് നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത്.
കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നവരുടെ എണ്ണം 4.72 ലക്ഷം ആണ്. ഇതിൽ 45.6 ശതമാനവും വിദ്യാർത്ഥികളാണെന്നാണ്, കേരള മൈഗ്രേഷൻ സർവേ 2023 രൂപീകരിച്ച, ആഭ്യന്തര കുടിയേറ്റ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ്റെയും, ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്‌മെൻ്റിൻ്റെയും പഠനം അടുത്തിടെ ലോക കേരള സഭയിൽ അവതരിപ്പിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള ആഭ്യന്തര കുടിയേറ്റക്കാരിൽ 45.2 ശതമാനം ആളുകളും കർണാടകയിലേക്കാണ് ചേക്കേറുന്നതെന്ന് പഠനം കണ്ടെത്തി.
16.6 ശതമാനം തമിഴ്നാട്ടിലേക്കും, 10.5 ശതമാനം മഹാരാഷ്ട്രയിലേക്കും, 5.3 ശതമാനം ദേശീയ തലസ്ഥാനമായ ഡൽഹിയിലേക്കും കുടിയേറുന്നതായി പഠനം ചൂണ്ടിക്കാട്ടി. കുടിയേറ്റക്കാരായ വിദ്യാർത്ഥികളിൽ 50.8 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിനായി കർണാടകയാണ് തിരഞ്ഞെടുക്കുന്നത്. തമിഴ്നാടും 20.9 ശതമാനം വിദ്യാർത്ഥികൾ പഠനത്തിനായി തിരഞ്ഞെടുക്കുന്നു.
പ്രൊഫഷണൽ ബിരുദം നേടിയ ശേഷമാണ് കൂടുതൽ വിദ്യാർത്ഥികളും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നത് (24.6 ശതമാനം). മലയാളി യുവാക്കൾ വിദ്യാർത്ഥികളായി രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറുകയും, പിന്നീട് സ്വകാര്യ, പൊതു മേഖലകളിൽ ഉപജീവനമാർഗം കണ്ടെത്തുകയും ചെയ്യുന്ന പ്രവണതയാണ് പഠനം വ്യക്തമാക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.