/indian-express-malayalam/media/media_files/2024/12/02/9wkoDjbWSmWfnIWbiE4Z.jpg)
ഒരു കോടി രൂപയും 300 പവനുമായിരുന്നു ലോക്കറിൽ ഉണ്ടായിരുന്നത്
കണ്ണൂർ: വളപട്ടണത്ത് അരി വ്യാപാരിയുടെ വീട്ടിൽ കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. വീട്ടുടമസ്ഥനായ കെ.പി.അഷ്റഫിന്‍റെ അയൽവാസിയായ ലിജീഷ് ആണ് പിടിയിലായത്. വെൽഡിങ് തൊഴിലാളിയാണ് ഇയാൾ. കഴിഞ്ഞ മാസം 20 നായിരുന്നു അരി വ്യാപാരിയുടെ വീട്ടിലെ കിടപ്പുമുറിയിലെ ലോക്കർ തകർത്ത് ഒരു കോടി രൂപയും 300 പവനും മോഷണം പോയത്.
പൊലീസ് ചോദ്യം ചെയ്യലിലാണ് ലിജീഷ് മോഷണ വിവരം സമ്മതിച്ചത്. അഷ്റഫിന്റെ വീടിനോട് ചേർന്നാണ് ലിജീഷ് താമസിക്കുന്നത്. നിരന്തരം അഷ്റഫിന്റെ വീട് ലിജീഷ് നിരീക്ഷിച്ചിരുന്നു. നവംബർ 19 ന് അഷ്‌റഫും കുടുംബവും മധുരയിലേക്ക് പോയപ്പോഴാണ് മോഷണം നടത്തിയത്. ഒരു കോടി രൂപയും 300 പവനുമായിരുന്നു ലോക്കറിൽ ഉണ്ടായിരുന്നത്. ഇതിന്റെ പകുതി ആദ്യത്തെ ദിവവും ബാക്കിയുള്ളത് 21-ാം തീയതിയും മോഷ്ടിച്ചു.
സിസിടിവി ദൃശ്യത്തിൽ പ്രതി ധരിച്ചിരുന്ന ഷർട്ടിന്റെ നിറം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ലിജീഷ് പിടിയിലായത്. ഞായറാഴ്ച രാവിലെയാണ് ലിജീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് ഇയാൾ കുറ്റം സമ്മതിച്ചത്. വെല്‍ഡിങ് തൊഴിലാളിയായ ലിജീഷ് ഈ വൈദഗ്ധ്യം ഉപയോഗിച്ച് കമ്പി തകര്‍ത്താണ് അകത്തുകയറി ലോക്കറില്‍നിന്ന് പണവും സ്വർണവും മോഷ്ടിച്ചത്. വീട്ടിൽ കട്ടിലിനടിയിൽ തയ്യാറാക്കിയ പ്രത്യേക അറയിലാണ് ലിജീഷ് മോഷ്ടിച്ച പണവും സ്വർണവും സൂക്ഷിച്ചിരുന്നത്. പ്രതിയെ വീട്ടിലെത്തിച്ച് പൊലീസ് തൊണ്ടിമുതല്‍ വീണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയിൽ നടന്ന മോഷണ കേസിലും ലിജീഷ് പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. കീച്ചേരിയിൽ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവൻ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്. അന്ന് പ്രതിയെ പൊലീസിന് പിടികൂടാനായില്ല. ഇത്തവണ മോഷണം നടത്തിയപ്പോള്‍ പതിഞ്ഞ വിരലടയാളമാണ് ലിജീഷിനെ കുടുക്കിയത്. കീച്ചേരിയിൽ മോഷണം നടന്നപ്പോള്‍ പൊലീസിന് ലഭിച്ച വിരലടയാളവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് ലിജീഷ് ആണ് പ്രതിയെന്ന് മനസിലായത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.