/indian-express-malayalam/media/media_files/2025/05/21/cvw4Fax8aLLsXMzxMHQQ.jpg)
ദേശീയപാതയിലെ വിള്ളൽ (ഇടത്), ടാറിട്ട് മൂടിയപ്പോൾ (വലത്)
National Highway 66: തൃശൂർ: മലപ്പുറത്തിനുപിന്നാലെ തൃശൂർ ചാവക്കാടും ദേശീയപാത 66ൽ വിള്ളൽ. മേൽപ്പാലത്തിനു മുകളിലെ ടാറിൽ 50 മീറ്ററിലധികം നീളത്തിലാണ് വിള്ളലുണ്ടായത്. വിള്ളലിന്റെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ പകർത്തിയത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അധികൃതർ ടാറിട്ട് വിള്ളൽ മൂടി.
കഴിഞ്ഞ ദിവസം മലപ്പുറത്ത് കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കക്കാടിനടുത്ത് കൂരിയാടും റോഡ് ഇടിഞ്ഞു താണിരുന്നു. ദേശീയപാത 66ൽ നിർമാണം അവസാനഘട്ടത്തിലുള്ള ഭാഗത്ത് വയലിലൂടെ കടന്നുപോകുന്ന ഭാഗത്തുള്ള 250 മീറ്ററോളം റോഡും സർവീസ് റോഡുമാണ് ഇടിഞ്ഞുതാണത്. കൂരിയാട്ടുനിന്നു നാലു കിലോമീറ്റർ അകലെ തലപ്പാറയിലും ദേശീയപാതയിലും 10 മീറ്ററോളം നീളത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു. വയലിൽ മണ്ണിട്ട് ഉയർത്തി നിർമിച്ച റോഡിലാണ് വിള്ളൽ കണ്ടെത്തിയത്. മലപ്പുറം എടരിക്കോട് മമ്മാലിപ്പടിയിലും റോഡിൽ വിള്ളൽ കണ്ടെത്തി.
ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയതിനുപിന്നാലെ നിർമ്മാണ കമ്പനിക്കെതിരെ വ്യാപക പ്രതിഷേധം. മലപ്പുറത്തെ ദേശീയപാത നിർമ്മാണ കമ്പനിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി. കെ.എൻ.ആർ.സി ഓഫിസിലേക്ക് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ കസ്റ്റഡിയിലെടുത്തു.
കണ്ണൂർ കുപ്പത്ത് ദേശീയപാതയിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഇവിടെ കഴിഞ്ഞ ദിവസം താൽക്കാലിക റോഡിനോട് ചേർന്നുള്ള ഭാഗത്ത് മണ്ണിടിഞ്ഞിരുന്നു. ദേശീയപാതയ്ക്കായി കുന്നിടിച്ച സ്ഥലത്ത് മണ്ണിടിച്ചിൽ ഭീഷണി തുടരുകയാണ്. തൃശൂർ ചാവക്കാട് ദേശീയപാത 66 കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.