/indian-express-malayalam/media/media_files/2025/05/20/gW7XMWjuapYcoaSuAFYL.jpg)
ചിത്രം: ഫേസ്ബുക്ക്/പിണറായി വിജയൻ
തിരുവനന്തപുരം: സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന്റേയും സാമൂഹ്യപുരോഗതിയുടേയും തുടരെയുള്ള ഒൻപതു വർഷങ്ങളാണ് പിന്നിട്ടിരിക്കുന്നതെന്നും, വികസനത്തിന്റേയും സാമൂഹ്യപുരോഗതിയുടേയും സന്ദേശമാണ് കേരളം ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക പുരോഗതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തി വികസിത രാജ്യങ്ങൾക്ക് സമാനമായ നിലയിലേയ്ക്ക് കേരളത്തെ ഉയർത്തുക എന്ന ലക്ഷ്യമാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. സുസ്ഥിരവും സമത്വപൂർണ്ണവുമായ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആ നവകേരളം യാഥാർത്ഥ്യമാക്കാൻ കേരള ജനതയാകെ സർക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിസന്ധികളിൽ കരുത്തായും ഉപദേശനിർദ്ദേശങ്ങൾ പകർന്നും അവർ കൂടെയുണ്ട്. അതുനൽകുന്ന കരുത്താണ് ഈ നേട്ടങ്ങൾ യാഥാർത്ഥ്യമാക്കാൻ സർക്കാരിനു പ്രചോദനവും ഊർജ്ജവും പകർന്നത്. നാടിനെ വിഭജിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ചെറുത്ത് നവകേരളത്തിനായി നമുക്ക് ഒരുമിച്ചു മുന്നേറാം. ഈ നാലാം വാർഷികാഘോഷങ്ങൾ അതിനു സഹായകമാകട്ടെ. ഇതൊരു ചരിത്രമുഹൂർത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിസന്ധികളെല്ലാം മറികടന്ന് കേരളം കുതിക്കുകയാണെന്നും നീതി ആയോഗിന്റെ ദേശീയ മൾട്ടി ഡയമെൻഷണൽ ദാരിദ്ര്യ സൂചികയിൽ കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. "നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികൾ പ്രകാരം രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനം, 2021 ലെ പബ്ലിക് അഫയേർസ് ഇൻഡെക്സിൽ ഒന്നാം സ്ഥാനം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയിൽ ഒന്നാം സ്ഥാനം, നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ ഒന്നാം സ്ഥാനം, ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ പുരസ്കാരം, ഇന്ത്യ ടുഡേ നടത്തിയ ഹാപ്പിനെസ്സ് ഇൻഡക്സ് സർവേയിൽ ഒന്നാം സ്ഥാനം തുടങ്ങി അനേകം നേട്ടങ്ങൾ കേരളം സ്വന്തമാക്കി.
രാജ്യത്തെ ആദ്യ സൂപ്പർ ഫാബ് ലാബ്, രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവ്വകലാശാല, രാജ്യത്തെ ആദ്യ ഗ്രഫീൻ സെന്റർ, രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക്, രാജ്യത്തെ ആദ്യ വാട്ടർ മെട്രോ ഇതെല്ലാം നമ്മുടെ കേരളം കഴിഞ്ഞ 9 വർഷങ്ങൾക്കുള്ളിൽ കൈവരിച്ച നേട്ടങ്ങളാണ്. സമ്പൂർണ ഭവന വൈദ്യുതീകരണം നടത്തിയ, ഇന്റർനെറ്റ് സൗകര്യം ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനവും നമ്മുടേത് തന്നെയാണ്," മുഖ്യമന്ത്രി പറഞ്ഞു.
ന്യൂയോർക്ക് ടൈംസിന്റെ 2023ലെ പട്ടികയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട 52 ടൂറിസം ഡെസ്റ്റിനേഷൻ, മികച്ച വാർദ്ധക്യ പരിചരണത്തിന് 2021 ലെ വയോശ്രേഷ്ഠതാ സമ്മാൻ, ഗ്ലോബൽ സ്റ്റാർട്ട് അപ് ഇക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോർഡബിൾ ടാലെന്റിൽ ഏഷ്യയിൽ ഒന്നാം സ്ഥാനം, അഴിമതിരഹിത സേവനമികവിന് ഇന്ത്യ സ്മാർട്ട് പൊലീസിങ് സർവ്വേ 2021ൽ കേരള പൊലീസിന് അംഗീകാരം തുടങ്ങി എണ്ണമറ്റ പുരസ്കാരങ്ങൾ കേരളത്തെ തേടിയെത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എൽഡിഎഫ് സർക്കാർ നാലു വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More
- പൊലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീക്ക് അവഹേളനം; സംഭവിക്കാൻ പാടില്ലാത്തതെന്ന് മുഖ്യമന്ത്രി
- Kerala Monsoon: കേരളത്തിൽ കാലവർഷം നേരത്തെ എത്തും; വിവിധ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
- കേരളത്തില് അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
- Kochi Murder Case: 'അങ്ങു വാനക്കോണില് മിന്നിനിന്നൊരമ്പിളി'; കണ്ണീരിലാഴ്ത്തി കല്യാണിയുടെ പാട്ട്
- കാണാതായ മൂന്നു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us