scorecardresearch

ദേശീയ പാതയിൽ വീണ്ടും വിള്ളൽ, കോഴിക്കോട് തിരുവങ്ങൂരിൽ 400 മീറ്റർ നീളത്തിൽ റോഡ് വിണ്ടുകീറി

ദേശീയ പാത നിർമ്മാണത്തിലുണ്ടായ വീഴ്ച അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗ സംഘത്തെ കേന്ദ്രസർക്കാർ നിയോഗിച്ചു

ദേശീയ പാത നിർമ്മാണത്തിലുണ്ടായ വീഴ്ച അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗ സംഘത്തെ കേന്ദ്രസർക്കാർ നിയോഗിച്ചു

author-image
WebDesk
New Update
news

ദേശീയപാതയിലെ വിള്ളൽ (ഇടത്), ടാറിട്ട് മൂടിയപ്പോൾ (വലത്)

കോഴിക്കോട്: ദേശീയപാതയിൽ വീണ്ടും വിള്ളൽ കണ്ടെത്തി. കോഴിക്കോട് തിരുവങ്ങൂർ മേൽപ്പാലത്തിൽ 400 മീറ്റർ നീളത്തിലാണ് റോഡ് വിണ്ടുകീറിയത്. നാട്ടുകാരാണ് റോഡ് വിണ്ടുകീറിയത് കണ്ടെത്തിയത്. ഇതിനുപിന്നാലെ വിണ്ടുകീറിയ ഭാഗം ടാറിട്ട് അടച്ചു. അടച്ചെങ്കിലും ചിലയിടങ്ങളിൽ റോഡ് വീണ്ടും വിണ്ടുകീറിയ നിലയിലാണ്. ഇതിൽ ആശങ്കയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Advertisment

അതിനിടെ, ദേശീയ പാത നിർമ്മാണത്തിലുണ്ടായ വീഴ്ച അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗ സംഘത്തെ കേന്ദ്രസർക്കാർ നിയോഗിച്ചു. ഡൽഹി ഐഐടിയിലെ നാഷണൽ റോഡ് റിസർച്ച് സെന്ററിന് നേതൃത്വം നൽകുന്ന സിവിൽ എൻജിനീയറിങ് വിദഗ്ധനായ പ്രൊഫസർ കെ.രാമചന്ദ്രറാവു മൂന്നംഗ സമിതിയെ നയിക്കും. കേരളത്തിൽ എത്രയും പെട്ടെന്ന് എത്തി നിർമ്മാണത്തിൽ വീഴ്ച എങ്ങനെയുണ്ടായെന്ന് പരിശോധിക്കാനാണ് സമിതിക്ക് നൽകിയിരിക്കുന്ന നിർദേശം. 

കഴിഞ്ഞ ദിവസം മലപ്പുറത്തിനുപിന്നാലെ തൃശൂർ ചാവക്കാടും ദേശീയപാത 66ൽ വിള്ളൽ കണ്ടെത്തിയിരുന്നു. മേൽപ്പാലത്തിനു മുകളിലെ ടാറിൽ 50 മീറ്ററിലധികം നീളത്തിലാണ് വിള്ളലുണ്ടായത്. വിള്ളലിന്റെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ പകർത്തിയത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അധികൃതർ ടാറിട്ട് വിള്ളൽ മൂടി. മലപ്പുറത്ത് കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കക്കാടിനടുത്ത് കൂരിയാടും റോഡ് ഇടിഞ്ഞു താണിരുന്നു. ദേശീയപാത 66ൽ നിർമാണം അവസാനഘട്ടത്തിലുള്ള ഭാഗത്ത് വയലിലൂടെ കടന്നുപോകുന്ന ഭാഗത്തുള്ള 250 മീറ്ററോളം റോഡും സർവീസ് റോഡുമാണ് ഇടിഞ്ഞുതാണത്. 

Also Read: മലപ്പുറത്തിനുപിന്നാലെ ചാവക്കാടും ദേശീയപാതയിൽ വിള്ളൽ; ദൃശ്യങ്ങൾ പുറത്തുവന്നതോടെ ടാറിട്ട് മൂടി, പ്രതിഷേധം

Advertisment

കൂരിയാട്ടുനിന്നു നാലു കിലോമീറ്റർ അകലെ തലപ്പാറയിലും ദേശീയപാതയിലും 10 മീറ്ററോളം നീളത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു. വയലിൽ മണ്ണിട്ട് ഉയർത്തി നിർമിച്ച റോഡിലാണ് വിള്ളൽ കണ്ടെത്തിയത്. മലപ്പുറം എടരിക്കോട് മമ്മാലിപ്പടിയിലും റോഡിൽ വിള്ളൽ കണ്ടെത്തി.

മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു തകർന്നതിൽ നിർമ്മാണ കരാർ കിട്ടിയ കെഎൻആർ കൺസ്ട്രക്ഷൻസ്, കൺസൾട്ടൻറായ ഹൈവേ എൻജിനയറിങ് എന്നീ കമ്പനികൾക്ക് പുതിയ ടെണ്ടറുകൾ നൽകുന്നതിനെ കേന്ദ്രസർക്കാർ വിലക്കി. ഇന്ത്യയിൽ പല നിർമ്മാണ കരാറുകളിലും ഉൾപ്പെട്ട കെഎൻആർ കൺസ്ട്രക്ഷൻസിനെയാണ് തൽക്കാലം പുതിയ ടെൻഡറുകളിൽ നിന്ന് വിലക്കിയത്. ഈ കമ്പനികളിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

Read More

National Highway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: