/indian-express-malayalam/media/media_files/qXJe6nTvEMaOfpDW7gj5.jpg)
എം.വി.ഗോവിന്ദൻ
കൊച്ചി: പാർട്ടി അനുഭാവികൾക്ക് മദ്യപിക്കുന്നതിൽ തടസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാം. എന്നാൽ, പാർട്ടി നേതൃത്വത്തിൽ നിൽക്കുന്നവരും പ്രവർത്തകരും മദ്യപിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി മാറ്റം വരുത്തിയത്.
മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് ഇന്നലെ കൊല്ലത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. മദ്യപിക്കരുതെന്നാണ് പാർട്ടി നിലപാട്. മദ്യപിക്കില്ല, സിഗരറ്റ് വലിക്കാന്‍ പാടില്ല തുടങ്ങിയ ദാര്‍ശനിക ധാരണയില്‍ നിന്നു വന്നവരാണ് ഞങ്ങളെല്ലാം.തങ്ങളാരും ഒരു തുള്ളി പോലും ഇതുവരെ കഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് എം.വി.ഗോവിന്ദൻ ഇന്ന് വ്യക്തമാക്കി. പ്രായ പരിധി 75 വയസ് കഴിഞ്ഞവർ മാത്രം പുറത്തു പോകും. 75 തികയാത്തവരുടെ കാര്യം പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രായപരിധി കർശനമായി നടപ്പിലാക്കാനാണ് പാർട്ടി തീരുമാനം. 75 വയസ് പ്രായപരിധി കര്‍ശനമായി നടപ്പാകുന്നതോടെ പി.കെ.ശ്രീമതി, എ.കെ.ബാലന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയറ്റില്‍ നിന്ന് ഒഴിയും. 75 വയസ് പൂര്‍ത്തിയാവാത്ത ഇ.പി.ജയരാജന്‍, ടി.പി.രാമകൃഷ്ണന്‍ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിലനിർത്തും. ജനുവരിയില്‍ 75വയസ് പൂര്‍ത്തിയാവാത്തതിനാലാണ് ജയരാജനെയും ടി.പി.രാമകൃഷ്ണനെയും സെക്രട്ടറിയേറ്റിലേക്ക് നിലനിര്‍ത്തുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.