/indian-express-malayalam/media/media_files/2024/12/06/ZBlcjobcmfEjF3ghMblo.jpg)
മന്ത്രവാദം മറവാക്കി തുടരുന്ന കൊലപാതകങ്ങൾ
കൊച്ചി: ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മന്ത്രവാദം മറയാക്കി നടക്കുന്ന കൊലപാതകങ്ങൾ കണ്ട് ഞെട്ടിതരിക്കുന്നവരായിരുന്നു ഒരുകാലത്ത് മലയാളി സമൂഹം. പുച്ഛത്തോടെ മാത്രം അത്തരം കുറ്റകൃത്യങ്ങളെ നോക്കികണ്ടിരുന്ന കേരളീയ സമുഹത്തിലാണ് ഇന്ന് മന്ത്രവാദം മറയാക്കിയുള്ള കൊലപാതങ്ങൾ തുടർക്കഥയാകുന്നതെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം.
കമ്പകക്കാനം കൊലപാതകവും ഇലന്തൂരിലെ നരബലിയുമെല്ലാം അമ്പരപ്പോടും ആശ്ചര്യത്തോടുമാണ് കേരളം കേട്ടറിഞ്ഞത്. ഇപ്പോഴിതാ, കാസർകോട് ബേക്കൽ പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്റെ കൊലപാതകത്തിന്റെ ചുരുൾ തേടി പോയ പോലീസ് കണ്ടെത്തിയതും മന്ത്രവാദത്തിന്റെ വേരുകളാണ്. പ്രവാസി വ്യവസായുടെ പണം തട്ടാൻ മന്ത്രവാദം മറയാക്കി നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
സ്വർണ്ണം ഇരട്ടിപ്പിക്കുന്ന ജിന്നുമ്മയുടെ മന്ത്രവാദം
പ്രവാസി വ്യവസായി കാസർകോട് പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽ റഹ്മയിൽ എം സി അബ്ദുൽ ഗഫൂറിനെ (55) 2023 ഏപ്രിൽ 14ന് പുലർച്ചെയാണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ മന്ത്രവാദിനി കൂളിക്കുന്ന് സ്വദേശി കെ. എച്ച് ഷമീന എന്ന് ജിന്നുമ്മ, ഭർത്താവ് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് മന്ത്രവാദവും കൊലയുടെയും ചുരുൾ അഴിഞ്ഞത്.
596 പവൻ സ്വർണമാണ് സംഘം പലപ്പോഴായി അബ്ദുൾ ഗഫൂറിൽ നിന്നും തട്ടിയെടുത്തത്. സ്വർണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞായിരുന്നു മന്ത്രിവാദിനിയായ യുവതിയും സംഘവും സ്വർണം വാങ്ങിയെടുത്തത്. വാങ്ങിയ സ്വർണം അബ്ദുൾ ഗഫൂർ തിരികെ ചോദിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. സ്വർണം വിറ്റു കിട്ടിയ പണം ആഢംബര ജീവിതത്തിനും ഭൂമി ഇടപാടിനും വിനിയോഗിച്ചുവെന്നും പ്രതികൾ വെളിപ്പെടുത്തി.
/indian-express-malayalam/media/media_files/2024/12/06/yDC44vXK26bVj6sYZFe4.jpg)
മന്ത്രിവാദിനിയായ ജിന്നുമ്മ എന്ന ഷെമീനയുടെ ഭർത്താവ് ഉബൈസ് ആണ് കേസിലെ ഒന്നാം പ്രതി. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ഇതിനായി സംഭവദിവസം പ്രത്യേക മന്ത്രവാദം നടത്താൻ തീരുമാനിച്ചു. മന്ത്രവാദ സമയത്ത് വീട്ടുകാരെ അവിടെ നിന്നും മാറ്റണമെന്ന് അബ്ദുൾ ഗഫൂറിന് നിർദേശം നൽകിയിരുന്നു. മന്ത്രവാദത്തിനു ശേഷം, പലതവണയായി കൈപ്പറ്റിയ സ്വർണം തിരിച്ചു ചോദിച്ചപ്പോൾ ഗഫൂറിന്റെ തല ഭിത്തിയിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.
കേസിൽ അറസ്റ്റിലായ ജിന്നുമ്മ എന്നറിയപ്പെടുന്ന ഷമീനയുടേയും ഭർത്താവ് ഉബൈസിന്റെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. പണം വന്ന വഴികൾ, കൈകാര്യം ചെയ്ത വ്യക്തികൾ തുടങ്ങിയവയെല്ലാം പരിശോധിക്കും. പ്രതികൾക്ക് വൻ സ്വാധീനമുണ്ടെന്നും, കർണാടകയിൽ അടക്കം ബന്ധങ്ങളുണ്ടെന്നും അബ്ദുൾ ഗഫൂറിന്റെ വീട്ടുകാർ പറയുന്നു.
നാടിനെ നടുക്കിയ നരബലി
കേരളം വിറച്ച ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളായ ഭഗവൽസിങ്ങും, ഭാര്യ ലൈലയും, മുഹമ്മദ് ഷാഫിയും റിമാൻഡിലാണ്.2022 ഒക്ടോബർ പതിനൊന്നിനാണ് ഇലന്തൂരിലെ ഭഗവൽസിങ്ങിൻറെ വീട്ടിലേക്ക് ജനം ഒഴുകിയെത്തിയത്. ദുർമന്ത്രവാദത്തിനായി രണ്ട് സ്ത്രീകളെ ബലികൊടുത്ത് കുഴിച്ചിട്ടെന്ന വിവരം പുറത്തറിഞ്ഞ ദിവസം. എറണാകുളത്തെ ലോട്ടറി വിൽപനക്കാരായ റോസ്ലിനേയും പത്മയേയും ആണ് മുഹമ്മദ് ഷാഫി എന്നയാൾ തന്ത്രപൂർവം ഇലന്തൂരിലെ തിരുമ്മുകാരനായ ഭഗവൽസിങ്ങിൻറെ വീട്ടിലെത്തിച്ച് ബലി കൊടുത്തത്.
നാട്ടിലെ സജീവ സിപിഎം പ്രവർത്തകനായ ഭഗവൽസിങ്ങിൻറെ മന്ത്രവാദമുഖം കണ്ട് നാട് ഞെട്ടി. അന്നാണ് പലയിടത്തായി കുഴിച്ചിട്ട മൃതദേഹങ്ങളും പുറത്തെടുത്തത്. ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും ക്രൂരമായ കൊലപാതക മുറകൾ വെളിപ്പെട്ടു.
/indian-express-malayalam/media/media_files/uploads/2022/10/thiruvalla-murder-case-4.jpg)
കൊലപാതകത്തിന് ശേഷം മൃതദേഹ ഭാഗങ്ങൾ ഭക്ഷിക്കാനായി ഫ്രിജിൽ സൂക്ഷിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് മുഹമ്മദ് ഷാഫി ഭഗവൽ സിങ്ങിനേയും ഭാര്യ ലൈലയേയും ദുർമന്ത്രവാദത്തിൻറെ ലോകത്തേക്ക് നയിച്ചത്. അവിടെ നിന്നാണ് നരബലിയിലേക്ക് എത്തിയത്. സാമ്പത്തിക ഉന്നമനത്തിനാണ് നരബലി നടത്തിയതെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി.
മന്ത്രശക്തിയ്ക്കായി കമ്പക്കാനം കൂട്ടകൊല
ഇടുക്കി കമ്പകക്കാനം കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആർഷ, അർജുൻ എന്നിവരെ 2018 ഓഗസ്റ്റ് എട്ടിനാണ് വീടിന പിന്നിലെ ആട്ടിൻ കൂടിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. കൃഷ്ണനുമായി ബന്ധപ്പെട്ട നൂറോളം പേരെ ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസിൻറെ അന്വേഷണം പ്രതികളായ അനീഷിലേക്കും ലിബീഷിലേക്കും എത്തി.
/indian-express-malayalam/media/media_files/uploads/2018/08/thodupuzha-kambakanam-murder.jpg)
കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണൻറെ സഹായിയായി പ്രവർത്തിച്ച അനീഷ് ഗുരുവിൻറെ മന്ത്രശക്തി കരസ്ഥമാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൃഷ്ണൻ പൂജയും മന്ത്രവാദവും നടത്തിയ വകയിൽ കണക്കറ്റ പണവും വലിയ അളവിൽ സ്വർണാഭരണവും വീട്ടിൽ സൂക്ഷിച്ചിരുന്നതായി അനീഷ് ലിബീഷിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. കൃത്യത്തിൽ സഹായിച്ചാൽ ഇത് തുല്യമായി വീതിച്ചെടുക്കാമെന്ന വാഗ്ദാനം നൽകിയാണ് ലിബീഷിനെ പ്രലോഭിപ്പിച്ചത്.
മാസങ്ങൾക്ക് മുൻപുവരെ വണ്ണപ്പുറത്തെ കൊല്ലപ്പെട്ട കൃഷ്ണൻറെ സഹായിയായി പ്രവർത്തിച്ചിരുന്ന അനീഷ് ഏതാനും നാളായി നാട്ടിലെത്തി പെയിന്റിങ് തൊഴിലിന് പോയിരുന്നു. കൊലപാതകം നടന്ന ദിവസം ടൈൽ ജോലിക്കെന്ന് പറഞ്ഞാണു വിട്ടിൽനിന്നും പോയത്. പിറ്റേന്നും ഇയാൾ വീട്ടിൽ വരാതിരുന്നതിനാലാണ് പോലീസിന് തെളിവുകളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിഞ്ഞത്.
Read More
- നവീൻബാബുവിന്റെ മരണം: അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ; വേണ്ടന്ന് സർക്കാർ
- പഴുതടച്ച്പരിശോധന; ശബരിമലയിൽ ഇന്ന് കർശന സുരക്ഷ
- സുരേഷ് ഗോപിക്ക് അഭിനയിക്കാം; അനുമതി നൽകി കേന്ദ്രം
- സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്ധനയിൽ പ്രഖ്യാപനം ഇന്ന്
- പ്രാർത്ഥനകൾ വിഫലം; കളര്കോട് വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഒരു വിദ്യാര്ഥികൂടി മരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.